THUFINGTE 17
17
1കലഹമുള്ള ഭവനത്തിലെ വലിയ വിരുന്നിലും മെച്ചം
സ്വസ്ഥതയുള്ളിടത്തെ ഉണങ്ങിയ അപ്പക്കഷണമാണ്.
2നിന്ദ്യമായി വർത്തിക്കുന്ന യജമാനപുത്രനെ ബുദ്ധിമാനായ ദാസൻ ഭരിക്കും.
പുത്രന്മാരിൽ ഒരാളെപ്പോലെ കുടുംബസ്വത്തിന്റെ ഓഹരി അയാൾ നേടും.
3വെള്ളി മൂശയിലും സ്വർണം ഉലയിലും പുടം ചെയ്യുംപോലെ
സർവേശ്വരൻ ഹൃദയങ്ങളെ ശോധന ചെയ്യുന്നു.
4ദുഷ്കർമി ദുർജനത്തിന്റെ വാക്കു കേൾക്കുന്നു,
നുണയൻ അപവാദത്തിനു ചെവി കൊടുക്കുന്നു.
5ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു.
അന്യന്റെ വിപത്തിൽ സന്തോഷിക്കുന്നവൻ ശിക്ഷിക്കപ്പെടാതിരിക്കയില്ല.
6പേരക്കിടാങ്ങൾ വൃദ്ധന്മാർക്കു കിരീടം;
മക്കളുടെ അഭിമാനം പിതാക്കന്മാർതന്നെ.
7സുഭാഷിതം ഭോഷനു ചേർന്നതല്ല;
വ്യാജഭാഷണം പ്രഭുവിന് ഉചിതമല്ല.
8കൈക്കൂലി കൊടുക്കുന്നവൻ അതൊരു മാന്ത്രികക്കല്ലെന്നു കരുതുന്നു;
അതുകൊണ്ട് എങ്ങോട്ടു തിരിഞ്ഞാലും
അഭിവൃദ്ധിപ്പെടാമെന്നാണ് അവന്റെ വിചാരം.
9അപരാധം ക്ഷമിക്കുന്നവൻ സ്നേഹം നേടുന്നു;
എന്നാൽ അതു പറഞ്ഞു പരത്തുന്നവൻ മിത്രങ്ങളെ അകറ്റുന്നു.
10ഭോഷനു നൂറ് അടി കൊടുക്കുന്നതിലും ഫലപ്രദം
വിവേകമുള്ളവനെ ഒന്നു ശാസിക്കുന്നതാണ്.
11നിഷേധി കലഹം അന്വേഷിക്കുന്നു;
അവനെതിരെ നിഷ്ഠുരനായ ദൂതൻ അയയ്‍ക്കപ്പെടും.
12ഭോഷനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിലും ഭേദം
കുഞ്ഞുങ്ങൾ അപഹരിക്കപ്പെട്ട പെൺകരടിയെ നേരിടുകയാണ്.
13നന്മയ്‍ക്കു പകരം തിന്മ പ്രവർത്തിക്കുന്നവന്റെ
ഭവനത്തിൽനിന്ന് അനർഥം വിട്ടകലുകയില്ല.
14അണപൊട്ടി ഒഴുകുന്നതുപോലെയാണ് കലഹത്തിന്റെ ആരംഭം;
അതുകൊണ്ടു തുടക്കത്തിൽത്തന്നെ കലഹം ഒഴിവാക്കുക.
15ദുഷ്ടനെ ന്യായീകരിക്കുന്നവനെയും നീതിമാനെ കുറ്റപ്പെടുത്തുന്നവനെയും
സർവേശ്വരൻ ഒരുപോലെ വെറുക്കുന്നു.
16വിജ്ഞാനം നേടാൻ മനസ്സില്ലാതിരിക്കെ,
ജ്ഞാനസമ്പാദനത്തിനു മൂഢനു ദ്രവ്യം എന്തിന്?
17സ്നേഹിതൻ എല്ലായ്പോഴും സ്നേഹിക്കുന്നു,
അനർഥകാലത്ത് അവൻ നിനക്കു സഹോദരനായിരിക്കും.
18ബുദ്ധിഹീനൻ അയൽക്കാരനുവേണ്ടി ജാമ്യം നില്‌ക്കുന്നു.
19അതിക്രമം ഇഷ്ടപ്പെടുന്നവൻ കലഹപ്രിയനാകുന്നു.
സമ്പത്തിന്റെ പ്രൗഢി കാട്ടുന്നവൻ വിനാശം വിളിച്ചുവരുത്തുന്നു.
20വക്രമനസ്കന് ഐശ്വര്യം ഉണ്ടാവുകയില്ല;
വികടം പറയുന്നവൻ അനർഥത്തിൽ നിപതിക്കും.
21മൂഢനായ പുത്രൻ പിതാവിനു ദുഃഖകാരണം;
ഭോഷന്റെ പിതാവിനു സന്തോഷം ഉണ്ടാവുകയില്ല.
22സന്തുഷ്ടഹൃദയം ആരോഗ്യദായകം;
എന്നാൽ തളർന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു.
23ന്യായത്തിന്റെ പാത മറിച്ചുകളയാൻ
ദുഷ്ടൻ രഹസ്യമായി കൈക്കൂലി വാങ്ങുന്നു.
24വിവേകി ജ്ഞാനമുള്ളവനായിരിക്കുന്നു;
മൂഢന്റെ ദൃഷ്‍ടി ഭൂമിയിലെങ്ങും അലഞ്ഞുതിരിയുന്നു.
25മൂഢനായ മകൻ പിതാവിനു ദുഃഖം;
അവനെ പ്രസവിച്ചവൾക്ക് കയ്പ്.
26നീതിമാനു പിഴയിടുന്നതു ശരിയല്ല;
ശ്രേഷ്ഠന്മാരെ നീതിനിമിത്തം പ്രഹരിക്കുന്നതും ഉചിതമല്ല.
27വാക്കുകൾ നിയന്ത്രിക്കുന്നവൻ ജ്ഞാനി,
പ്രശാന്ത മനസ്സുള്ളവൻ വിവേകി.
28മൗനം പാലിച്ചാൽ ഭോഷനും ജ്ഞാനിയായി കരുതപ്പെടും.
വായടച്ചിരുന്നാൽ അവൻ ബുദ്ധിമാനായി ഗണിക്കപ്പെടും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
THUFINGTE 17: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.