NUMBERS 3
3
അഹരോന്റെ പുത്രന്മാർ
1സീനായ്മലയിൽവച്ചു മോശയ്‍ക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായ കാലത്തു മോശയുടെയും അഹരോന്റെയും സന്താനങ്ങൾ ഇവരായിരുന്നു. 2അഹരോന്റെ പുത്രന്മാർ: ആദ്യജാതനായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. 3പുരോഹിതശുശ്രൂഷയ്‍ക്കായി അഭിഷിക്തരായ അഹരോന്റെ പുത്രന്മാർ ഇവരാണ്. 4ഇവരിൽ നാദാബും അബീഹൂവും സീനായ്മരുഭൂമിയിൽവച്ചു സർവേശ്വരന്റെ സന്നിധിയിൽ അവിശുദ്ധമായ അഗ്നി അർപ്പിച്ചതിനാൽ അവിടെവച്ചു മരിച്ചു. അവർക്കു മക്കളില്ലായിരുന്നു. എലെയാസാരും ഈഥാമാരും മാത്രമാണ് പിതാവായ അഹരോന്റെ ജീവകാലമത്രയും പുരോഹിത ശുശ്രൂഷ നിർവഹിച്ചത്.
ലേവ്യരെ നിയമിക്കുന്നു
5സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 6“പുരോഹിതനായ അഹരോന്റെ ശുശ്രൂഷകരായി ലേവിഗോത്രത്തിൽപ്പെട്ട എല്ലാവരെയും നിയോഗിക്കുക. 7അവർ അഹരോനും സർവജനത്തിനുംവേണ്ടി തിരുസാന്നിധ്യകൂടാരത്തിനു മുമ്പിൽ ശുശ്രൂഷ ചെയ്യുകയും, കൂടാരസംബന്ധമായ ഇതര ജോലികൾ നിറവേറ്റുകയും ചെയ്യട്ടെ. 8കൂടാരത്തിലെ ഉപകരണങ്ങളുടെ ചുമതല അവർക്കായിരിക്കും. കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം അവർ ഇസ്രായേൽജനത്തിനു വേണ്ടിയുള്ള ശുശ്രൂഷകൾ നിർവഹിക്കുകയും വേണം. 9അഹരോനും പുത്രന്മാർക്കുംവേണ്ടി ലേവ്യരെ നിയോഗിക്കണം. ഇസ്രായേൽജനത്തിൽനിന്ന് അഹരോനുവേണ്ടി പൂർണമായി നല്‌കപ്പെട്ടവരാണിവർ. 10പൗരോഹിത്യശുശ്രൂഷയ്‍ക്കുവേണ്ടി പൂർണമായി അഹരോനെയും പുത്രന്മാരെയും നിയോഗിക്കുക. അവർ അത് അനുഷ്ഠിക്കട്ടെ. മറ്റാരെങ്കിലും അതിനു ശ്രമിച്ചാൽ അവനെ വധിക്കണം. 11സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 12“ഇസ്രായേൽജനത്തിലെ ആദ്യജാതന്മാർക്കു പകരമായി അവരുടെ ഇടയിൽനിന്നു ലേവ്യരെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. ആദ്യജാതന്മാരെല്ലാം എന്റെ വകയായതുകൊണ്ട്, അവരും എന്റെ വകയായിരിക്കും. 13ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ച ദിവസംമുതൽ ഇസ്രായേലിലെ ആദ്യജാതന്മാരെ എനിക്കായി ഞാൻ വേർതിരിച്ചു. മനുഷ്യരുടെ ആദ്യജാതന്മാരെ മാത്രമല്ല, മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും വേർതിരിച്ചിരുന്നു. അതിനാൽ അവയും എനിക്കുള്ളതാണ്. ഞാൻ സർവേശ്വരനാകുന്നു.”
ലേവ്യരുടെ ജനസംഖ്യ
14സർവേശ്വരൻ സീനായ്മരുഭൂമിയിൽവച്ചു മോശയോട് അരുളിച്ചെയ്തു: 15“ലേവിപുത്രന്മാരിൽ ഒരു മാസവും അതിലധികവും പ്രായമുള്ള എല്ലാവരുടെയും കണക്ക് കുടുംബം തിരിച്ചും പിതൃഭവനം തിരിച്ചും എടുക്കുക. 16അവിടുന്നു കല്പിച്ചതുപോലെ മോശ അവരുടെ കണക്കെടുത്തു. 17ഗേർശോൻ, കെഹാത്ത്, മെരാരി എന്നിവരായിരുന്നു ലേവിയുടെ പുത്രന്മാർ. 18ഗേർശോന്റെ പുത്രന്മാർ ലിബ്നിയും ശിമെയിയും. 19കെഹാത്തിന്റെ പുത്രന്മാർ അമ്രാം, ഇസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. 20മെരാരിയുടെ പുത്രന്മാർ മഹ്ലി, മൂശി എന്നിവർ. ഈ പേരുകളിൽ അറിയപ്പെടുന്ന പിതൃഭവനങ്ങളുടെ പൂർവപിതാക്കന്മാർ ഇവരായിരുന്നു. 21ഗേർശോനിൽനിന്നായിരുന്നു ലിബ്നിയരുടെയും ശിമ്യരുടെയും കുടുംബങ്ങൾ ഉണ്ടായത്. ഇവരാണ് ഗേർശോന്യകുടുംബങ്ങൾ. 22ഇവരിൽ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ ഏഴായിരത്തി അഞ്ഞൂറായിരുന്നു. 23ഗേർശോന്യകുടുംബങ്ങൾ തിരുസാന്നിധ്യകൂടാരത്തിന്റെ പിറകിൽ പടിഞ്ഞാറു വശത്തു പാളയമടിക്കണം. 24അവരുടെ പിതൃഭവനത്തലവൻ ലായേലിന്റെ പുത്രനായ എലീയാസാഫ് ആയിരിക്കും. 25തിരുസാന്നിധ്യകൂടാരം, അതിന്റെ ആവരണം, അതിന്റെ പ്രവേശനകവാടത്തിലുള്ള തിരശ്ശീല, 26കൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്റെ മറവിരികൾ, അങ്കണവാതിലിന്റെ തിരശ്ശീല, അവയുടെ ചരടുകൾ എന്നിവയുടെ ചുമതലയും ഇവയുമായി ബന്ധപ്പെട്ട മറ്റു ജോലികളും ഗേർശോന്യരുടേതായിരുന്നു.
27അമ്രാമ്യരുടെയും, ഇസ്ഹാര്യരുടെയും, ഹെബ്രോന്യരുടെയും, ഉസ്സീയേല്യരുടെയും കുടുംബങ്ങൾ കെഹാത്തിൽനിന്നു ജനിച്ചവരായിരുന്നു. 28ഇവരിൽ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ എണ്ണായിരത്തി അറുനൂറ്. വിശുദ്ധസ്ഥലത്തെ ശുശ്രൂഷയുടെ ചുമതല ഇവർക്കായിരുന്നു. 29കെഹാത്യകുടുംബങ്ങൾ തിരുസാന്നിധ്യകൂടാരത്തിന്റെ തെക്കുവശത്തു പാളയമടിക്കണം. 30കെഹാത്യരുടെ പിതൃഭവനത്തലവൻ ഉസ്സീയേലിന്റെ പുത്രൻ എലീസാഫാൻ. 31ഉടമ്പടിപ്പെട്ടകം, മേശ, വിളക്കുകാൽ, യാഗപീഠം, കൂടാരത്തിൽ ശുശ്രൂഷയ്‍ക്ക് ഉപയോഗിക്കുന്ന പാത്രങ്ങൾ, തിരശ്ശീല എന്നിവയുടെ ചുമതലയും ബന്ധപ്പെട്ട ജോലികളും കെഹാത്യർക്കുള്ളതാണ്. 32പുരോഹിതനായ അഹരോന്റെ പുത്രനായ എലെയാസാർ ലേവിഗോത്രത്തിലെ നേതാക്കളുടെ നേതാവും വിശുദ്ധസ്ഥലത്തെ ചുമതല വഹിക്കുന്നവരുടെ മേൽവിചാരകനുമായിരിക്കും.
33മെരാരിയിൽനിന്നാണ് മഹ്ലിയരുടെയും മൂശ്യരുടെയും കുടുംബങ്ങളുണ്ടായത്. 34അവരിൽ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ ആറായിരത്തി ഇരുനൂറ്. 35അവരുടെ പിതൃഭവനത്തലവൻ അബീഹയിലിന്റെ പുത്രനായ സൂരിയേൽ. കൂടാരത്തിന്റെ വടക്കുവശത്ത് അവർ പാളയമടിക്കണം. 36-37വിശുദ്ധകൂടാരത്തിന്റെ ചട്ടക്കൂടും അതിന്റെ അഴികളും തൂണുകളും അവയുടെ ചുവടുകളും ഇവയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അവർ ചെയ്യണം. 38മോശയും അഹരോനും അഹരോന്റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിൽ കിഴക്കു വശത്തു പാളയമടിക്കണം. ഇസ്രായേൽജനത്തിനുവേണ്ടി വിശുദ്ധസ്ഥലത്തു ശുശ്രൂഷകൾ ചെയ്യുന്നതിനുള്ള ചുമതല അവർക്കുള്ളതാണ്. മറ്റാരെങ്കിലും ഇതിനു തുനിഞ്ഞാൽ അവനെ വധിക്കണം. 39സർവേശ്വരന്റെ കല്പനയനുസരിച്ച്, ഒരു മാസവും അതിലധികവും പ്രായമുള്ള ലേവിഗോത്രത്തിലെ പുരുഷസന്താനങ്ങളെ ആളാംപ്രതി കുടുംബം തിരിച്ചു മോശയും അഹരോനുംകൂടി എണ്ണി തിട്ടപ്പെടുത്തി. അവരുടെ സംഖ്യ ഇരുപത്തീരായിരം.
ആദ്യജാതന്മാർക്കു പകരം ലേവ്യർ
40സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഒരു മാസവും അതിലധികവും പ്രായമായ ഇസ്രായേല്യരുടെ ആദ്യജാതന്മാരുടെ എണ്ണം പേരുപേരായി എടുക്കുക. 41ഇസ്രായേല്യരുടെ ആദ്യജാതന്മാർക്കു പകരമായി ലേവ്യരെ എനിക്കായി തിരഞ്ഞെടുക്കുക. അവരുടെ കന്നുകാലികളുടെ കടിഞ്ഞൂലുകൾക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എനിക്കുവേണ്ടി എടുക്കുക. ഞാൻ സർവേശ്വരനാകുന്നു.” 42അവിടുന്നു കല്പിച്ചതുപോലെ മോശ ഇസ്രായേൽജനത്തിന്റെ ഇടയിലെ ആദ്യജാതന്മാരുടെ എണ്ണമെടുത്തു. 43ഒരു മാസവും അതിലധികവും പ്രായമായ ഇരുപത്തീരായിരത്തിഇരുനൂറ്റെഴുപത്തി മൂന്ന് ആദ്യജാതന്മാരുണ്ടായിരുന്നു.
44സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 45“ഇസ്രായേല്യരായ എല്ലാ ആദ്യജാതന്മാർക്കും പകരം ലേവ്യരെയും ഇസ്രായേല്യരുടെ കന്നുകാലികളുടെ കടിഞ്ഞൂലുകൾക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എടുക്കുക; ലേവ്യർ എന്റെ വകയാണ്; ഞാൻ സർവേശ്വരനാകുന്നു. 46ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇസ്രായേൽജനത്തിലെ ആദ്യജാതന്മാരായ ഇരുനൂറ്റെഴുപത്തിമൂന്നു പേരുടെ വീണ്ടെടുപ്പുവിലയായി 47ആളൊന്നിനു വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചുള്ള അഞ്ചു ശേക്കെൽ വീതം കൊടുക്കണം. വിശുദ്ധമന്ദിരത്തിലെ കണക്കനുസരിച്ച് ഒരു ശേക്കെലിന് ഇരുപതു ഗേരാ വീതമാണു കൊടുക്കേണ്ടത്. 48ഈ വീണ്ടെടുപ്പുവില മുഴുവനും അഹരോനെയും പുത്രന്മാരെയും ഏല്പിക്കണം.” 49ലേവ്യർക്കു വീണ്ടെടുക്കാൻ കഴിയാതെ അവശേഷിച്ചവരുടെ വീണ്ടെടുപ്പുവില മുഴുവൻ മോശ സ്വീകരിച്ചു. 50ഇസ്രായേൽജനത്തിന്റെ ഇടയിലെ ആദ്യജാതന്മാരിൽനിന്നു മോശ സ്വീകരിച്ച വീണ്ടെടുപ്പുവില വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് ആയിരത്തിമൂന്നൂറ്ററുപത്തഞ്ചു ശേക്കെൽ ആയിരുന്നു. 51സർവേശ്വരൻ തന്നോട് കല്പിച്ചിരുന്നതുപോലെ മോശ ആ വീണ്ടെടുപ്പുവില മുഴുവൻ അഹരോനെയും പുത്രന്മാരെയും ഏല്പിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
NUMBERS 3: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.