NUMBERS 2

2
പാളയമടിക്കേണ്ട ക്രമം
1സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2“ഓരോ ഇസ്രായേല്യനും അവരവരുടെ പിതൃഭവന ചിഹ്നമുള്ള കൊടിക്കീഴിൽ പാളയമടിക്കട്ടെ.
3യെഹൂദാഗോത്രത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണം ഗണമായി തിരുസാന്നിധ്യകൂടാരത്തിന്റെ കിഴക്കു വശത്തു പാളയമടിക്കട്ടെ. അമ്മീനാദാബിന്റെ പുത്രനായ നഹശോൻ ആയിരിക്കണം അവരുടെ നേതാവ്. 4അയാളുടെ സൈന്യത്തിൽ എഴുപത്തിനാലായിരത്തി അറുനൂറു പേർ. 5ഇസ്സാഖാർഗോത്രമാണ് അവരോടടുത്തു പാളയമടിക്കേണ്ടത്. സൂവാരിന്റെ പുത്രനായ നെഥനയേൽ ആയിരിക്കണം അവരുടെ നേതാവ്. 6അയാളുടെ സൈന്യത്തിൽ അമ്പത്തിനാലായിരത്തി നാനൂറു പേർ. സെബൂലൂൻഗോത്രക്കാരാണ് പിന്നീട്. 7അവരുടെ നേതാവ് ഹേലോന്റെ പുത്രനായ എലിയാബ്. 8അയാളുടെ സൈന്യത്തിൽ അമ്പത്തേഴായിരത്തി നാനൂറു പേർ. 9ഇങ്ങനെ യെഹൂദാ, ഇസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന യെഹൂദാപാളയത്തിലുള്ള സൈനികർ ഒരുലക്ഷത്തിഎൺപത്താറായിരത്തി നാനൂറ് പേർ. അവരാണ് ആദ്യം പുറപ്പെടേണ്ടത്.
10രൂബേൻ ഗോത്രപതാകയ്‍ക്കു കീഴുള്ളവർ ഗണം ഗണമായി കൂടാരത്തിന്റെ തെക്കു വശത്തു പാളയമടിക്കണം; രൂബേൻഗോത്രക്കാരുടെ നേതാവ് ശെദേയൂരിന്റെ പുത്രൻ എലീസൂർ. 11അയാളുടെ സൈന്യത്തിലുള്ളവർ നാല്പത്താറായിരത്തി അഞ്ഞൂറു പേർ. 12അവരുടെ അടുത്തു പാളയമടിക്കേണ്ടതു ശിമെയോൻഗോത്രക്കാരാണ്. അവരുടെ നേതാവ് സൂരീശദ്ദായിയുടെ പുത്രൻ ശെലൂമീയേൽ; 13അയാളുടെ സൈന്യത്തിൽ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ. 14അതിനടുത്തത് ഗാദ്ഗോത്രമാണ്. അവരുടെ നേതാവ് രെയൂവേലിന്റെ പുത്രൻ എലീയാസാഫ്. 15അയാളുടെ സൈന്യത്തിൽ നാല്പത്തയ്യായിരത്തി അറുനൂറ്റമ്പതു പേർ. 16ഇങ്ങനെ രൂബേൻ, ശിമെയോൻ, ഗാദ് എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന രൂബേൻപാളയത്തിലുള്ളവരുടെ ആകെ സംഖ്യ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവരുടെ സൈന്യമാണു രണ്ടാമതു പുറപ്പെടേണ്ടത്.
17പാളയങ്ങളുടെ മധ്യത്തിലുള്ള ലേവ്യപാളയത്തോടൊപ്പം തിരുസാന്നിധ്യകൂടാരം പുറപ്പെടണം. പാളയമടിക്കുമ്പോൾ എന്നതുപോലെ അവർ യാത്ര ചെയ്യുമ്പോഴും തങ്ങളുടെ കൊടിക്കീഴിൽ ഇതേ ക്രമത്തിൽ നീങ്ങണം.
18കൂടാരത്തിന്റെ പടിഞ്ഞാറു വശത്താണ് എഫ്രയീംഗോത്രത്തിന്റെ പതാകയ്‍ക്കു കീഴുള്ളവർ പാളയമടിക്കേണ്ടത്. അവരുടെ നേതാവ് അമ്മീഹൂദിന്റെ പുത്രനായ എലീശാമാ. 19അയാളുടെ സൈന്യത്തിൽ നാല്പതിനായിരത്തി അഞ്ഞൂറു പേർ. 20അവർക്കു സമീപം മനശ്ശെഗോത്രമാണ്. അവരുടെ നേതാവ് പെദാസൂരിന്റെ പുത്രനായ ഗമലീയേൽ. 21അയാളുടെ സൈന്യത്തിൽ മുപ്പത്തീരായിരത്തി ഇരുനൂറു പേർ. 22അതിനടുത്തു ബെന്യാമീൻഗോത്രം. ഗിദെയോനിയുടെ പുത്രനായ അബീദാൻ ആയിരിക്കണം അവരുടെ നേതാവ്. 23അയാളുടെ സൈന്യത്തിൽ മുപ്പത്തയ്യായിരത്തി നാനൂറു പേർ. 24ഇങ്ങനെ എഫ്രയീം, മനശ്ശെ, ബെന്യാമീൻ എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന എഫ്രയീം പാളയത്തിലുള്ളവർ ആകെ ഒരു ലക്ഷത്തിഎണ്ണായിരത്തി ഒരുനൂറ്. ഇവരാണ് മൂന്നാമതു പുറപ്പെടേണ്ടത്.
25തിരുസാന്നിധ്യകൂടാരത്തിന്റെ വടക്കുവശത്താണു ദാൻഗോത്രത്തിന്റെ പതാകയ്‍ക്കു കീഴുള്ളവർ പാളയമടിക്കേണ്ടത്. അവരുടെ നേതാവ് അമ്മീശദ്ദായിയുടെ പുത്രൻ അഹീയേസർ. 26അയാളുടെ ഗണത്തിൽ അറുപത്തീരായിരത്തിഎഴുനൂറു പേർ. 27ആശേർഗോത്രക്കാരാണ് അവർക്കടുത്തു പാളയമടിക്കേണ്ടത്. അവരുടെ നേതാവ് ഒക്രാന്റെ പുത്രൻ പഗീയേൽ. 28അവർ നാല്പത്തോരായിരത്തി അഞ്ഞൂറു പേർ. 29അതിനടുത്തു നഫ്താലിഗോത്രമാണ്. അതിന്റെ നേതാവ് ഏനാന്റെ പുത്രൻ അഹീര. 30അതിൽ അമ്പത്തിമൂവായിരത്തി നാനൂറു പേർ. ഇങ്ങനെ ദാൻ, ആശേർ, നഫ്താലി എന്നീ ഗോത്രങ്ങൾ ഉൾപ്പെടുന്ന ദാൻപാളയത്തിലുള്ളവർ ആകെ ഒരുലക്ഷത്തിഅമ്പത്തേഴായിരത്തി അറുനൂറ്. 31അവരാണ് സ്വന്തം കൊടികളോടുകൂടി ഏറ്റവുമൊടുവിൽ പുറപ്പെടേണ്ടത്.
32പിതൃഭവനമനുസരിച്ച് എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്; ഇവരുടെ സംഖ്യ ആറു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റമ്പത്. 33എന്നാൽ സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ ഇസ്രായേൽജനങ്ങളോടൊപ്പം ലേവ്യരുടെ ജനസംഖ്യ എടുത്തില്ല.
34അങ്ങനെ സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതെല്ലാം അവർ ചെയ്തു; അവർ ഓരോരുത്തരും അവരവരുടെ കൊടിക്കീഴിൽ പാളയമടിക്കുകയും, പിതൃഭവനങ്ങളുടെയും കുടുംബങ്ങളുടെയും ക്രമമനുസരിച്ചു പുറപ്പെടുകയും ചെയ്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NUMBERS 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക