NUMBERS 4
4
കെഹാത്യകുലത്തിന്റെ ചുമതലകൾ
1സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2-3“ലേവിഗോത്രത്തിൽപ്പെട്ട കെഹാത്യരുടെ ജനസംഖ്യ പിതൃഭവനവും കുടുംബവും തിരിച്ച് എടുക്കുക. തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാൻ യോഗ്യതയുള്ള മുപ്പതുമുതൽ അമ്പതുവരെ പ്രായമുള്ളവരുടെ എണ്ണമാണ് എടുക്കേണ്ടത്. 4തിരുസാന്നിധ്യകൂടാരത്തിൽ അതിവിശുദ്ധവസ്തുക്കളുമായി ബന്ധപ്പെട്ട ജോലികളാണു കെഹാത്തിന്റെ പുത്രന്മാർ നിർവഹിക്കേണ്ടത്. 5പാളയമടിച്ചിരുന്ന ജനസമൂഹം പുറപ്പെടാൻ ഒരുങ്ങുമ്പോൾ അഹരോനും പുത്രന്മാരും ഉള്ളിൽ കടന്നു തിരശ്ശീല അഴിച്ചെടുത്ത് അതുകൊണ്ട് ഉടമ്പടിപ്പെട്ടകം പൊതിയണം. 6പിന്നീട് ആട്ടിൻതോലുകൊണ്ടു മൂടുകയും നീലനിറമുള്ള ശീല അതിന്റെമേൽ പൊതിയുകയും ചെയ്യണം. അതിനുശേഷം ഉടമ്പടിപ്പെട്ടകം വഹിക്കാനുള്ള തണ്ടുകൾ ഉറപ്പിക്കണം. 7കാഴ്ചയപ്പം വയ്‍ക്കുന്ന മേശയും നീലനിറമുള്ള ശീലകൊണ്ടു മൂടണം. അതിന്റെ മീതെ തളികകളും സുഗന്ധദ്രവ്യ പാത്രങ്ങളും കലശങ്ങളും പാനീയയാഗത്തിനുള്ള ഭരണികളും വയ്‍ക്കണം; ദിനംതോറും അർപ്പിക്കുന്ന അപ്പവും എപ്പോഴും മേശമേൽ ഉണ്ടായിരിക്കണം. 8അവയുടെമേൽ ചുവപ്പുശീല വിരിക്കണം. പിന്നീട് ആട്ടിൻതോലുകൊണ്ടു മൂടിയശേഷം തണ്ടുകൾ ഉറപ്പിക്കണം. 9-10വിളക്കുതണ്ടും, ദീപത്തട്ടുകളും, കരിന്തിരി മുറിക്കുന്ന കത്രികകളും, കരിത്തട്ടങ്ങളും, എണ്ണപ്പാത്രങ്ങളും ഒരു നീലത്തുണികൊണ്ടു മൂടി ആട്ടിൻതോൽവിരിയിൽ പൊതിഞ്ഞു തണ്ടിന്മേൽ വച്ചുകെട്ടണം. 11സ്വർണയാഗപീഠത്തിന്മേൽ നീലത്തുണി വിരിച്ച് ആട്ടിൻതോലുകൊണ്ടു പൊതിയുക. അതു വഹിക്കാനുള്ള തണ്ടുകൾ അതിൽ ഉറപ്പിക്കണം. 12വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകൾക്കുള്ള എല്ലാ ഉപകരണങ്ങളും നീലത്തുണിയിൽ പൊതിഞ്ഞശേഷം ആട്ടിൻതോലുകൊണ്ട് ആവരണം ചെയ്തു തണ്ടിന്മേൽ ഉറപ്പിക്കണം. 13യാഗപീഠത്തിലെ ചാരം നീക്കിയശേഷം ചുവപ്പുശീല അതിന്റെ മീതെ വിരിക്കണം. 14അതിന്റെമേൽ യാഗപീഠത്തിലെ ഉപയോഗത്തിനുള്ള പാത്രങ്ങൾ, വറചട്ടികൾ, മുൾക്കരണ്ടികൾ, ചട്ടുകങ്ങൾ, കലങ്ങൾ മുതലായ ഉപകരണങ്ങൾ ആട്ടിൻതോലുകൊണ്ടു മൂടി വഹിക്കാനുള്ള അതിന്റെ തണ്ടുകളിൽ ഉറപ്പിക്കണം. 15അഹരോനും പുത്രന്മാരുംകൂടി തിരുസാന്നിധ്യകൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും ഇങ്ങനെ അഴിച്ചെടുത്തു പൊതിഞ്ഞശേഷം പാളയത്തിലുള്ളവർ യാത്ര പുറപ്പെടുമ്പോൾ കെഹാത്യകുലക്കാർ അവ ചുമക്കുന്നതിനു മുമ്പോട്ടു വരണം. അവർ വിശുദ്ധവസ്തുക്കളെ സ്പർശിക്കാൻ പാടില്ല; സ്പർശിച്ചാൽ അവർ മരിക്കും. കെഹാത്യകുലക്കാർ വഹിക്കേണ്ട തിരുസാന്നിധ്യകൂടാരത്തിലെ സാധനങ്ങൾ ഇവയെല്ലാമാണ്. 16പുരോഹിതനായ അഹരോന്റെ പുത്രനായ എലെയാസാർ, വിളക്കുകൾക്കുള്ള എണ്ണ, സുഗന്ധദ്രവ്യം, അനുദിനം അർപ്പിക്കേണ്ട ധാന്യയാഗം, അഭിഷേകതൈലം എന്നിവയ്‍ക്കു പുറമേ അതിന്റെ എല്ലാ ഉപകരണങ്ങളുടെയും, വിശുദ്ധസ്ഥലത്തിന്റെയും, അതിലെ സകല വസ്തുക്കളുടെയും ചുമതല വഹിക്കണം.
17സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 18“കെഹാത്യകുടുംബക്കാർ വിശുദ്ധ വസ്തുക്കളെ സമീപിച്ചു ലേവ്യരുടെ ഇടയിൽനിന്നു നശിച്ചുപോകാൻ ഇടയാകരുത്. 19അങ്ങനെ സംഭവിക്കാതിരിക്കാൻ അഹരോനും പുത്രന്മാരും അകത്തു ചെന്ന് അവരെ നിശ്ചിതജോലികൾക്കു നിയോഗിക്കണം. 20അവർ ഉള്ളിൽ കടന്ന് ഒരു നിമിഷത്തേക്കുപോലും വിശുദ്ധവസ്തുക്കളെ നോക്കരുത്. നോക്കിയാൽ അവർ മരിക്കും.
ഗേർശോൻകുലക്കാരുടെ ചുമതലകൾ
21സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 22-23“ഗേർശോൻകുലത്തിൽപ്പെട്ടവരും, മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷ ചെയ്യാൻ യോഗ്യരുമായ എല്ലാവരുടെയും എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുക്കണം. 24ശുശ്രൂഷ ചെയ്യുന്നതിലും ചുമട് ചുമക്കുന്നതിലും ഗേർശോന്യകുടുംബക്കാരുടെ ചുമതല ഇതാണ്: 25തിരുസാന്നിധ്യകൂടാരം, അതിന്റെ ഉള്ളിലെ തിരശ്ശീല, തഹശുതോൽകൊണ്ടുള്ള അതിന്റെ പുറംവിരി, തിരുസാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള മറ, 26തിരുസാന്നിധ്യകൂടാരത്തിന്റെയും യാഗപീഠത്തിന്റെയും ചുറ്റുമുള്ള അങ്കണത്തിന്റെ മറകൾ, അങ്കണത്തിലേക്കുള്ള പ്രവേശനകവാടത്തിലെ തിരശ്ശീല, അവയുടെ ചരടുകൾ, അവിടെ ശുശ്രൂഷയ്‍ക്കാവശ്യമായ ഉപകരണങ്ങൾ എന്നിവ ചുമക്കേണ്ടത് അവരാണ്. അവയോടു ബന്ധപ്പെട്ട മറ്റെല്ലാ ജോലികളും അവർതന്നെ ചെയ്യണം. 27ഗേർശോൻകുലത്തിൽപ്പെട്ടവർ അഹരോന്റെയും പുത്രന്മാരുടെയും നിർദ്ദേശാനുസൃതം ഈ ജോലികൾ ചെയ്യേണ്ടതാണ്. അവർ ചുമക്കേണ്ട വസ്തുക്കൾ, ചെയ്യേണ്ട ജോലികൾ മുതലായവ നിങ്ങൾ വ്യക്തമായി നിർദ്ദേശിക്കണം. 28ഗേർശോന്യകുലക്കാർ തിരുസാന്നിധ്യകൂടാരത്തിൽ ചെയ്യേണ്ട ജോലികൾ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ മേൽനോട്ടത്തിൽ ആയിരിക്കണം.
മെരാരികുലക്കാരുടെ ചുമതലകൾ
29-30മെരാരികുലത്തിൽപ്പെട്ടവരും മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷ ചെയ്യുന്നതിനു യോഗ്യരുമായ എല്ലാവരുടെയും എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുക്കണം. 31തിരുസാന്നിധ്യകൂടാരത്തിന്റെ ശുശ്രൂഷയിൽ അവർ ചുമക്കേണ്ട സാധനങ്ങൾ ഇവയാണ്: തിരുസാന്നിധ്യകൂടാരത്തിന്റെ ചട്ടക്കൂട്ട്, അഴികൾ, തൂണുകൾ, ചുവടുകൾ, അങ്കണത്തിന്റെ തൂണുകൾ, 32ചുവടുകൾ, കുറ്റികൾ, ചരടുകൾ, അവയോടു ബന്ധപ്പെട്ട മറ്റുപകരണങ്ങൾ ഇവ ഓരോന്നിന്റെയും ഇനം തിരിച്ച് അവർക്കു ചുമക്കാൻ കൊടുക്കണം. 33പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ മേൽനോട്ടത്തിൽ മെരാരികുടുംബത്തിലുള്ളവർ തിരുസാന്നിധ്യകൂടാരത്തിന്റെ ശുശ്രൂഷയിൽ ചെയ്യേണ്ട ജോലികൾ ഇവയാണ്.
ലേവിഗോത്രക്കാരുടെ ജനസംഖ്യ
34-35കെഹാത്യകുലത്തിൽപ്പെട്ടവരും, മുപ്പതുവയസ്സിനും അമ്പതുവയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ജോലികൾ ചെയ്യുന്നതിനു യോഗ്യരുമായ ആളുകളുടെ എണ്ണം മോശയും അഹരോനും ഇസ്രായേൽജനത്തിന്റെ നേതാക്കന്മാരും പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എണ്ണി തിട്ടപ്പെടുത്തി. 36അവർ രണ്ടായിരത്തി എഴുനൂറ്റമ്പത്. 37സർവേശ്വരൻ മോശയോടു കല്പിച്ചതനുസരിച്ച് മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തിൽ ജോലി ചെയ്യാൻ കെഹാത്യരുടെ എണ്ണമെടുത്തപ്പോൾ ലഭിച്ച സംഖ്യയായിരുന്നു ഇത്.
38-39ഗേർശോന്യകുലത്തിൽപ്പെട്ടവരും, മുപ്പതുവയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ജോലികൾ ചെയ്യാൻ യോഗ്യരുമായ ആളുകളുടെ എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുത്തു. 40അവരുടെ സംഖ്യ രണ്ടായിരത്തി അറുനൂറ്റിമുപ്പതായിരുന്നു. 41സർവേശ്വരന്റെ കല്പനപ്രകാരം മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തിൽ ജോലി ചെയ്യുന്നതിനു യോഗ്യരായ ഗേർശോന്യരുടെ എണ്ണമെടുത്തതനുസരിച്ചുള്ള സംഖ്യയായിരുന്നു ഇത്. 42-43മെരാരിയുടെ കുലത്തിൽപ്പെട്ടവരും മുപ്പതുവയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ജോലിക്കു യോഗ്യരുമായ ആളുകളുടെ എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുത്തു. 44അവരുടെ സംഖ്യ മൂവായിരത്തി ഇരുനൂറായിരുന്നു. 45സർവേശ്വരന്റെ കല്പനപ്രകാരം മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തിൽ ജോലി ചെയ്യുന്നതിനു യോഗ്യതയുള്ള മെരാര്യരുടെ എണ്ണമെടുത്തപ്പോൾ ലഭിച്ച സംഖ്യയായിരുന്നു ഇത്.
46-47മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ജോലികൾ ചെയ്യുന്നതിനും ചുമടുകൾ ചുമക്കുന്നതിനും യോഗ്യരുമായ ലേവ്യരുടെ എണ്ണം മോശയും അഹരോനും ഇസ്രായേൽജനത്തിലെ നേതാക്കന്മാരുംകൂടി പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി. 48അതനുസരിച്ച് അവരുടെ ആകെ ജനസംഖ്യ എണ്ണായിരത്തി അഞ്ഞൂറ്റെപത് ആയിരുന്നു. 49സർവേശ്വരൻ മോശ മുഖേന നല്‌കിയ കല്പനപ്രകാരം അവർ ശുശ്രൂഷിക്കാനും ചുമടെടുക്കാനുമായി നിയമിക്കപ്പെട്ടു. അവിടുന്നു കല്പിച്ചതുപോലെ അവരുടെ എണ്ണം തിട്ടപ്പെടുത്തി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
NUMBERS 4: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.