NUMBERS 1

1
1ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം വർഷം രണ്ടാം മാസം ഒന്നാം ദിവസം സീനായ്മരുഭൂമിയിൽ തിരുസാന്നിധ്യകൂടാരത്തിൽവച്ചു സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2-3“നീയും അഹരോനുംകൂടി ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഗോത്രവും കുടുംബവും തിരിച്ചു വെവ്വേറെ എടുക്കണം. ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരും യുദ്ധത്തിനു പ്രാപ്തരുമായവരുടെ എണ്ണം ഗണം തിരിച്ച് എടുക്കണം. 4ഓരോ ഗോത്രത്തിൽനിന്നും അതിനു തലവനായി ഒരാളെക്കൂടി നിങ്ങൾ കൊണ്ടുപോകണം. 5നിങ്ങളെ സഹായിക്കേണ്ടവർ ഇവരാണ്: രൂബേൻഗോത്രത്തിൽനിന്നു ശെദേയൂരിന്റെ പുത്രനായ എലീസൂർ. 6ശിമെയോൻഗോത്രത്തിൽനിന്നു സൂരീശദ്ദായിയുടെ പുത്രനായ ശെലൂമീയേൽ; 7യെഹൂദാഗോത്രത്തിൽനിന്ന് അമ്മീനാദാബിന്റെ പുത്രനായ നഹശോൻ; 8ഇസ്സാഖാർഗോത്രത്തിൽനിന്നു സൂവാരിന്റെ പുത്രനായ നെഥനയേൽ; 9സെബൂലൂൻഗോത്രത്തിൽനിന്നു ഹോലോന്റെ പുത്രനായ എലീയാബ്; 10യോസേഫിന്റെ പുത്രന്മാരിൽ: എഫ്രയീംഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ പുത്രനായ എലീശാമാ, മനശ്ശെഗോത്രത്തിൽനിന്നു പെദാസൂരിന്റെ പുത്രനായ ഗമലീയേൽ; 11ബെന്യാമീൻഗോത്രത്തിൽനിന്നു ഗിദെയോനിയുടെ പുത്രനായ അബീദാൻ; 12ദാൻഗോത്രത്തിൽനിന്ന് അമ്മീശദ്ദായിയുടെ പുത്രനായ അഹീയേസെർ; 13ആശേർഗോത്രത്തിൽനിന്നു ഒക്രാന്റെ പുത്രനായ പഗീയേൽ; 14ഗാദ്ഗോത്രത്തിൽനിന്നു ദെയൂവേലിന്റെ പുത്രനായ എലീയാസാഫ്; 15നഫ്താലിഗോത്രത്തിൽനിന്ന് ഏനാന്റെ മകനായ അഹീര. 16ഇവരായിരുന്നു ഇസ്രായേൽജനത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവർ. 17ഇവരെ ഗോത്രത്തലവന്മാരായി മോശയും അഹരോനും അംഗീകരിച്ചു. 18രണ്ടാം മാസം ഒന്നാം ദിവസം അവർ ഇസ്രായേൽജനത്തെ ഒരുമിച്ചുകൂട്ടി. അവർ ഓരോ ഗോത്രത്തിലും, ഓരോ കുടുംബത്തിലും ഇരുപതും അതിനുമേലും പ്രായമുള്ള എല്ലാ പുരുഷന്മാരുടെയും പേരുകൾ ജനസംഖ്യാപട്ടികയിൽ ചേർത്തു. 19സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ സീനായ്മരുഭൂമിയിൽവച്ച് അവരുടെ ജനസംഖ്യ എടുത്തു.
20 # 1:20 വാക്യം 20ലും തുടർന്ന് 22-24-26-28-30-32-34-36-38-40-42 വാക്യങ്ങളിലും ആവർത്തിക്കുന്നതിനാൽ ഇവിടെ ചേർത്തിട്ടില്ല. ഇസ്രായേൽഗോത്രങ്ങളിലെ ഇരുപതും, അതിനു മുകളിൽ പ്രായമുള്ളവരും, യുദ്ധസേവനത്തിനു പ്രാപ്തരുമായ പുരുഷന്മാരുടെ പട്ടിക ആളാംപ്രതി, പിതൃഭവനവും, കുടുംബവും തിരിച്ച് ഉണ്ടാക്കി. ഓരോ ഗോത്രത്തിൽനിന്നുമുള്ളവരുടെ സംഖ്യ ഇപ്രകാരമായിരുന്നു: 21ഇസ്രായേലിന്റെ മൂത്ത പുത്രനായ രൂബേന്റെ ഗോത്രത്തിൽ നാല്പത്താറായിരത്തി അഞ്ഞൂറ്. 22-23ശിമെയോൻഗോത്രത്തിൽ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ്. 24-25ഗാദ്ഗോത്രത്തിൽ നാല്പത്തയ്യായിരത്തി അറുനൂറ്റമ്പത്. 26-27യെഹൂദാഗോത്രത്തിൽ എഴുപത്തിനാലായിരത്തി അറുനൂറ്. 28-29ഇസ്സാഖാർഗോത്രത്തിൽ അമ്പത്തിനാലായിരത്തി നാനൂറ്. 30-31സെബൂലൂൻഗോത്രത്തിൽ അമ്പത്തേഴായിരത്തി നാനൂറ്. 32-33യോസേഫിന്റെ പുത്രനായ എഫ്രയീമിന്റെ ഗോത്രത്തിൽ നാല്പതിനായിരത്തി അഞ്ഞൂറ്. 34-35യോസേഫിന്റെ മറ്റൊരു പുത്രനായ മനശ്ശെയുടെ ഗോത്രത്തിൽ മുപ്പത്തീരായിരത്തി ഇരുനൂറ്. 36-37ബെന്യാമീൻഗോത്രത്തിൽ മുപ്പത്തയ്യായിരത്തി നാനൂറ്. 38-39ദാൻഗോത്രത്തിൽ അറുപത്തീരായിരത്തി എഴുനൂറ്. 40-41ആശേർഗോത്രത്തിൽ നാല്പത്തോരായിരത്തി അഞ്ഞൂറ്. 42-43നഫ്താലിഗോത്രത്തിൽ അമ്പത്തി മൂവായിരത്തി നാനൂറ്.
44മോശയും അഹരോനും ഗോത്രപ്രതിനിധികളായ പന്ത്രണ്ടു നേതാക്കളും ചേർന്ന് എടുത്ത കണക്കിൽപ്പെട്ടവരാണിവർ. 45ഇസ്രായേൽജനങ്ങളുടെ സകല പിതൃഭവനത്തിൽനിന്നും ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരും യുദ്ധത്തിനു പ്രാപ്തരുമായ പുരുഷന്മാർ 46ആകെ ആറുലക്ഷത്തിമൂവായിരത്തി അഞ്ഞൂറ്റമ്പത് ആയിരുന്നു.
47മറ്റു ഗോത്രങ്ങളോടൊപ്പം ലേവ്യഗോത്രത്തിന്റെ ജനസംഖ്യ എടുത്തില്ല. 48കാരണം, സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നു: “ലേവ്യരെ നീ എണ്ണരുത്. 49മറ്റു ഗോത്രങ്ങളോടുകൂടി അവരുടെ ജനസംഖ്യ എടുക്കുകയുമരുത്. 50ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിന്റെയും അതിന്റെ ഉപകരണങ്ങളുടെയും, അതിലുള്ള സകല വസ്തുക്കളുടെയും ചുമതല ഏല്പിക്കുക; തിരുസാന്നിധ്യകൂടാരവും അതിന്റെ സകല ഉപകരണങ്ങളും ചുമക്കേണ്ടത് അവരാണ്. തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്തുകൊണ്ട് അതിനു ചുറ്റും അവർ താവളമടിക്കട്ടെ. 51തിരുസാന്നിധ്യകൂടാരവുമായി പുറപ്പെടുമ്പോൾ അത് അഴിച്ചെടുക്കുന്നതും കൂടാരമടിക്കേണ്ടിവരുമ്പോൾ അതു സ്ഥാപിക്കുന്നതും അവർതന്നെ ആയിരിക്കണം; മറ്റാരെങ്കിലും അതിനു ശ്രമിച്ചാൽ അവനെ വധിക്കണം. 52മറ്റു ജനങ്ങൾ ഗണംഗണമായി തിരിഞ്ഞു താന്താങ്ങളുടെ പാളയത്തിലും അവരവരുടെ കൊടിക്കീഴിലും പാളയമടിക്കണം. 53മറ്റാരെങ്കിലും തിരുസാന്നിധ്യകൂടാരത്തെ സമീപിക്കുകയും തൽഫലമായി ജനത്തിന്റെമേൽ എന്റെ കോപം ജ്വലിക്കുകയും ചെയ്യാതിരിക്കാൻ ലേവ്യർ തിരുസാന്നിധ്യകൂടാരത്തിനു ചുറ്റും പാളയമടിച്ച് അതു കാത്തുസൂക്ഷിക്കണം.” 54ജനം അങ്ങനെതന്നെ ചെയ്തു; സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവർ പ്രവർത്തിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NUMBERS 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക