NUMBERS മുഖവുര

മുഖവുര
ഇസ്രായേൽജനം സീനായ്മലയിൽനിന്നു പുറപ്പെട്ട് വാഗ്ദത്തഭൂമിയുടെ കിഴക്കേ അതിർത്തിയായ മോവാബ്താഴ്‌വരയിൽ എത്തുന്നതുവരെയുള്ള നാല്പതു വർഷത്തെ ചരിത്രമാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം. യുദ്ധശേഷിയുള്ളവരെ എണ്ണിത്തിട്ടപ്പെടുത്താൻ സീനായ്മലയിൽനിന്നു പുറപ്പെടുന്നതിനു മുമ്പും മോവാബിൽവച്ചും സർവേശ്വരൻ കല്പിച്ചു. ഇതിൽനിന്നാണു ‘സംഖ്യ’യെന്ന പേര് പുസ്തകത്തിനു ലഭിച്ചത്. രണ്ടു കണക്കെടുപ്പുകൾക്കുമിടയിൽ ഇസ്രായേൽജനം വാഗ്ദത്തഭൂമിയുടെ തെക്കേ അതിർത്തിയായ കാദേശ്-ബർന്നേയയിൽ എത്തി. അവിടെനിന്നു കനാൻദേശം ഒറ്റുനോക്കുവാൻ മോശ അയച്ചവരിൽ യോശുവയും കാലേബും ഒഴികെ മറ്റുള്ളവർ ഭീരുക്കളായി വർത്തിച്ചു. അവർ മാത്രമേ കനാൻനാട്ടിൽ പ്രവേശിക്കുകയുള്ളൂ എന്നു ദൈവം അരുളിച്ചെയ്തു. ഇസ്രായേൽജനം കനാൻനാട്ടിൽ നേരിട്ടു പ്രവേശിക്കാതെ മരുഭൂമിയിലേക്കു മടങ്ങി. അവിടെ അവർ വളരെ നാളുകൾ ചുറ്റിത്തിരിഞ്ഞശേഷം യോർദ്ദാൻ നദിക്കു കിഴക്കുള്ള പ്രദേശത്തെത്തി. ചില ഗോത്രക്കാർ അവിടെ വാസമുറപ്പിച്ചു. അവശേഷിച്ചവർ യോർദ്ദാൻ കടന്നു വാഗ്ദത്തഭൂമിയിൽ പ്രവേശിക്കാൻ ഒരുങ്ങി.
വാഗ്ദത്തനാട്ടിലേക്കുള്ള യാത്രയിൽ പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോൾ ഇസ്രായേൽജനം ദൈവത്തിനും മോശയ്‍ക്കും എതിരായി പിറുപിറുക്കുന്നു. എങ്കിലും ദൈവം അവരെ വിശ്വസ്തതയോടും ക്ഷമയോടുംകൂടി വഴി നടത്തുന്നു.
പ്രതിപാദ്യക്രമം
സീനായ്മരുഭൂമിയിൽനിന്നു പുറപ്പെടാൻ ഒരുങ്ങുന്നു 1:1-9:23
a) ഒന്നാമത്തെ ജനസംഖ്യാനിർണയം 1:1-4:49
b) വിവിധ നിയമങ്ങൾ 5:1-8:26
c) പെസഹ ആചരണം 9:1-23
സീനായിൽനിന്നു യാത്ര തുടങ്ങുന്നു 10:1-36
സീനായ്മുതൽ മോവാബുവരെ 11:1-21:35
മോവാബുതാഴ്‌വരയിൽ 22:1-32:42
ഈജിപ്തുമുതൽ മോവാബുവരെയുള്ള യാത്രയുടെ സംക്ഷിപ്ത വിവരണം 33:1-49
യോർദ്ദാൻ കടക്കുന്നതിനു മുമ്പ് നല്‌കുന്ന നിർദ്ദേശങ്ങൾ 33:50-36:13

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

NUMBERS മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക