LEVITICUS 27
27
വഴിപാടുകൾ
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“ഇസ്രായേൽജനത്തോടു പറയുക. ആരെങ്കിലും ഒരു വ്യക്തിയെ പ്രത്യേക വഴിപാടായി സർവേശ്വരനു സമർപ്പിക്കുകയാണെങ്കിൽ അവന്റെ വില കണക്കാക്കേണ്ടത് ഇങ്ങനെയാണ്. 3ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള പുരുഷന്റെ മതിപ്പുവില വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് അമ്പതു ശേക്കെൽ വെള്ളി. 4സ്‍ത്രീയാണെങ്കിൽ മുപ്പതു ശേക്കെൽ വെള്ളി. 5അഞ്ചുമുതൽ ഇരുപതു വയസ്സുവരെയുള്ള ആണിന് ഇരുപതും പെണ്ണിനു പത്തും ശേക്കെൽ വെള്ളി. 6ഒരു മാസംമുതൽ അഞ്ചു വയസ്സുവരെ പ്രായമുള്ള ആൺകുട്ടിക്ക് അഞ്ചും; പെൺകുട്ടിക്കു മൂന്നും ശേക്കെൽ മതിപ്പുവില കൊടുക്കണം. 7അറുപതുമുതൽ മേലോട്ടു പ്രായമുള്ള പുരുഷനു പതിനഞ്ചും സ്‍ത്രീക്കു പത്തും ശേക്കെൽ വെള്ളി ആയിരിക്കണം മതിപ്പുവില. 8എന്നാൽ മതിപ്പുവില കൊടുക്കാൻ നിവൃത്തിയില്ലാത്തവിധം ഒരാൾ ദരിദ്രനായിത്തീർന്നാൽ അയാളെ പുരോഹിതന്റെ മുമ്പിൽ കൊണ്ടുവരണം. വഴിപാടു കഴിച്ചവന്റെ കഴിവിനൊത്ത് ഒരു വില പുരോഹിതൻ നിശ്ചയിക്കും.
9സർവേശ്വരനു വഴിപാടായി അർപ്പിക്കുന്നത് ഒരു മൃഗത്തെയാണെങ്കിൽ, ആ മൃഗം സർവേശ്വരനു വിശുദ്ധമായിരിക്കും. 10അതിനെ മറ്റൊന്നുമായി വച്ചുമാറരുത്. നല്ലതിനു പകരം ചീത്തയോ, ചീത്തയ്‍ക്കു പകരം നല്ലതോ വയ്‍ക്കരുത്. ഒരു മൃഗത്തിനു പകരം മറ്റൊന്നിനെ കൊടുത്താൽ രണ്ടും സർവേശ്വരനുള്ളതായിരിക്കും. 11സർവേശ്വരന് അർപ്പിച്ചുകൂടാത്ത അശുദ്ധമൃഗത്തെയാണു വഴിപാടർപ്പിക്കുന്നതെങ്കിൽ അതിനെ പുരോഹിതന്റെ മുമ്പിൽ കൊണ്ടുവരണം. 12നന്മതിന്മകൾ കണക്കാക്കി പുരോഹിതൻ അതിനു വില നിശ്ചയിക്കും. പുരോഹിതനായ നീ നിശ്ചയിക്കുന്നതുതന്നെ അതിന്റെ വില. 13അതിനെ വീണ്ടെടുക്കണമെങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൊടുക്കണം.
14ഒരാൾ തന്റെ വീട് സർവേശ്വരനു സമർപ്പിച്ചാൽ അതിന്റെ ഗുണദോഷങ്ങൾ നോക്കി പുരോഹിതൻ വില നിശ്ചയിക്കണം. പുരോഹിതൻ നിശ്ചയിക്കുന്നതുതന്നെ അതിന്റെ വില. 15വീടു സമർപ്പിച്ചവൻ അതു വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ മതിപ്പുവിലയോടുകൂടി അഞ്ചിലൊന്നു ചേർത്തു കൊടുക്കണം. അപ്പോൾ വീട് അവൻറേതായിത്തീരും.
16ഒരുവൻ തനിക്ക് അവകാശമായി ലഭിച്ച നിലത്തിൽ ഒരു ഭാഗം സർവേശ്വരനു സമർപ്പിച്ചാൽ അതിന്റെ മതിപ്പുവില നിശ്ചയിക്കേണ്ടത് വിതയ്‍ക്കുന്നതിനുവേണ്ട വിത്തിന്റെ അളവനുസരിച്ചാണ്. ഒരു ഹോമർ ബാർലി വിതയ്‍ക്കാവുന്ന നിലത്തിനു വില അമ്പതു ശേക്കെൽ വെള്ളി. 17നിലം സമർപ്പിക്കുന്നതു ജൂബിലിവർഷമാണെങ്കിൽ മുഴുവൻ വിലയും കൊടുക്കണം. 18ജൂബിലിവർഷത്തിനു ശേഷമാണെങ്കിൽ അടുത്ത ജൂബിലിവരെയുള്ള വർഷങ്ങൾ കണക്കാക്കി പുരോഹിതൻ മതിപ്പുവിലയിൽ ഇളവ് അനുവദിക്കണം. 19നിലം സമർപ്പിച്ചവന് അതു വീണ്ടെടുക്കണമെങ്കിൽ വിലയോടുകൂടി അഞ്ചിലൊന്നു ചേർത്തു കൊടുത്താൽ മതി; അത് അവനു ലഭിക്കും. 20എന്നാൽ നിലം വീണ്ടെടുക്കാതിരിക്കുകയോ, മറ്റൊരാളിനു വിൽക്കുകയോ ചെയ്താൽ പിന്നീടു വീണ്ടെടുക്കാവുന്നതല്ല. 21എന്നാൽ ജൂബിലിവർഷം അത് സ്വതന്ത്രമാകുമ്പോൾ സമർപ്പിത വസ്തു എന്നപോലെ സർവേശ്വരനുള്ളതായിരിക്കും. അതു സർവേശ്വരനു വിശുദ്ധമാണ്. അതിന്റെ അവകാശം പുരോഹിതനുള്ളതാണ്. 22അവകാശമായി ലഭിക്കാതെ വിലകൊടുത്തു വാങ്ങിയ നിലം ദൈവത്തിനു അർപ്പിച്ചാൽ, 23പുരോഹിതൻ അടുത്ത ജൂബിലിവരെയുള്ള വർഷങ്ങൾ കണക്കാക്കി വില നിശ്ചയിക്കണം. മതിപ്പുവില അന്നുതന്നെ സർവേശ്വരനു സമർപ്പിക്കണം. അതു സർവേശ്വരനു വിശുദ്ധമായിരിക്കും. 24ജൂബിലിവർഷമാകുമ്പോൾ മുന്നുടമയ്‍ക്കുതന്നെ ആ നിലം തിരികെ കൊടുക്കണം. 25മതിപ്പുവില കണക്കാക്കുന്നത് വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് ശേക്കെലിന് ഇരുപതു ഗേരാ വെള്ളി ആയിരിക്കണം.
26മൃഗങ്ങളുടെ കടിഞ്ഞൂൽകുട്ടികൾ സർവേശ്വരനുള്ളതാകയാൽ അവയെ സർവേശ്വരനു സമർപ്പിക്കരുത്. മാടായാലും ആടായാലും അതു സർവേശ്വരനുള്ളതാകുന്നു. 27അശുദ്ധമൃഗമാണെങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നുംകൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം. വീണ്ടെടുക്കുന്നില്ലെങ്കിൽ അതിനെ മതിപ്പുവിലയ്‍ക്കു വിൽക്കാം. 28ഉഴിഞ്ഞു സമർപ്പിച്ചതൊന്നും-മനുഷ്യനോ, മൃഗമോ, അവകാശപ്പെട്ട നിലമോ-ആകട്ടെ വിൽക്കാനും വീണ്ടെടുക്കാനും പാടില്ല. അവ സർവേശ്വരന് അതിവിശുദ്ധമാകുന്നു. 29ഉഴിഞ്ഞു സമർപ്പിച്ചതു മനുഷ്യനെ ആയാൽപോലും വീണ്ടെടുത്തുകൂടാ; അയാളെ വധിക്കണം.
30നിലത്തിലെ ധാന്യങ്ങളും വൃക്ഷങ്ങളും ഉൾപ്പെടെ എല്ലാ വിളവിന്റെയും ദശാംശം സർവേശ്വരനുള്ളതാണ്. അതു സർവേശ്വരനു വിശുദ്ധമാകുന്നു. 31ദശാംശത്തിന്റെ ഒരു ഭാഗം വീണ്ടെടുക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ വിലയോടുകൂടി അഞ്ചിലൊന്നു കൂടി കൊടുത്തു വീണ്ടെടുക്കാം. 32ആടായാലും മാടായാലും ഇടയന്റെ സംരക്ഷണത്തിലുള്ള എല്ലാറ്റിന്റെയും ദശാംശം സർവേശ്വരനു വിശുദ്ധമാകുന്നു. 33ദശാംശം സർവേശ്വരനു കൊടുക്കുമ്പോൾ നല്ലതും ചീത്തയും വേർതിരിക്കേണ്ടതില്ല. ഒന്നും വച്ചുമാറുകയും അരുത്. വച്ചുമാറിയാൽ രണ്ടും സർവേശ്വരനു വിശുദ്ധമായിരിക്കും. അവയെ വീണ്ടെടുക്കാവുന്നതല്ല.”
34സീനായ് പർവതത്തിൽവച്ച് ഇസ്രായേൽ ജനത്തിനു സർവേശ്വരൻ മോശ മുഖേന നല്‌കിയ കല്പനകളാണ് ഇവ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
LEVITICUS 27: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.