LEVITICUS 26

26
അനുഗ്രഹങ്ങൾ
(ആവ. 7:12-24; 28:1-14)
1ആരാധനയ്‍ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപമോ ഉണ്ടാക്കരുത്; സ്തംഭം നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നിങ്ങളുടെ ദേശത്തു സ്ഥാപിക്കുകയുമരുത്. 2ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. എന്റെ ശബത്തുകൾ ആചരിക്കുക; വിശുദ്ധമന്ദിരത്തെ ബഹുമാനിക്കുക; ഞാൻ സർവേശ്വരനാകുന്നു.
3എന്റെ ചട്ടങ്ങൾ പാലിക്കുകയും കല്പനകൾ അനുസരിക്കുകയും ചെയ്താൽ 4യഥാകാലം ഞാൻ നിങ്ങൾക്കു മഴ തരികയും ഭൂമി വിളവു നല്‌കുകയും വൃക്ഷങ്ങൾ സമൃദ്ധമായ ഫലം തരികയും ചെയ്യും. 5നിങ്ങളുടെ ധാന്യ വിളവെടുപ്പ് മുന്തിരിപ്പഴം പറിക്കുന്നതുവരെയും, മുന്തിരി വിളവെടുപ്പ് അടുത്ത വിതക്കാലംവരെയും നീണ്ടുനില്‌ക്കും. നിങ്ങൾ തൃപ്തിയാകുവോളം ഭക്ഷിച്ച്, ദേശത്തു സുരക്ഷിതരായി പാർക്കും. 6നിങ്ങളുടെ ദേശത്തു ഞാൻ സമാധാനം സ്ഥാപിക്കും; നിങ്ങൾ നിർഭയരായി കിടന്നുറങ്ങും. ദുഷ്ടമൃഗങ്ങളെ ഞാൻ നാട്ടിൽനിന്നു തുരത്തും. നിങ്ങളുടെ ദേശത്തു യുദ്ധം ഉണ്ടാകുകയില്ല. 7നിങ്ങളുടെ ശത്രുക്കളെ ഞാൻ പിന്തുടർന്നോടിക്കും. അവർ നിങ്ങളുടെ മുമ്പിൽ വാളിനിരയായി വീഴും. 8നിങ്ങളിൽ അഞ്ചു പേർ നൂറു പേരെയും, നൂറു പേർ പതിനായിരം പേരെയും പിന്തുടർന്നോടിക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനിരയായിത്തീരും. 9ഞാൻ നിങ്ങളെ കടാക്ഷിക്കും; നിങ്ങളെ സന്താനസമ്പന്നരാക്കും. നിങ്ങളോടുള്ള എന്റെ ഉടമ്പടി സ്ഥിരീകരിക്കും. 10നിങ്ങൾക്കു ഭക്ഷിക്കാൻ പഴയ ധാന്യശേഖരം ധാരാളമുണ്ടായിരിക്കും. പുതിയ വിളവു സംഭരിക്കാൻ പഴയതു നീക്കേണ്ടിവരും. 11ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും; ഞാൻ നിങ്ങളെ ഉപേക്ഷിക്കയില്ല. 12ഞാൻ എപ്പോഴും നിങ്ങളുടെ ഇടയിൽ വ്യാപരിക്കും. ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും. 13ഈജിപ്തിലുള്ള നിങ്ങളുടെ അടിമത്തം അവസാനിപ്പിച്ച് അവിടെനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. ഞാൻ നിങ്ങളുടെ നുകം തകർത്ത് തല ഉയർത്തി നടക്കുമാറാക്കി.
ശിക്ഷകൾ
(ആവ. 28:15-68)
14നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും എന്റെ കല്പനകൾ പാലിക്കാതെയും ജീവിച്ചാൽ, 15എന്റെ ചട്ടങ്ങൾ നിരാകരിക്കുകയും എന്റെ കല്പനകൾ അനുസരിക്കാതെ എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്താൽ, ഞാൻ നിങ്ങളോട് ഇങ്ങനെ ചെയ്യും: 16ഞാൻ നിങ്ങളുടെമേൽ ഭീതി വരുത്തും. കാഴ്ച കെടുത്തുന്നതും ജീവനാശം വരുത്തുന്നതുമായ ക്ഷയവും ജ്വരവും ഞാൻ അയയ്‍ക്കും. നിങ്ങൾ വിതയ്‍ക്കുന്നതു വ്യർഥമാകും. നിങ്ങളുടെ ശത്രുക്കളായിരിക്കും അതു ഭക്ഷിക്കുക. 17ഞാൻ നിങ്ങൾക്കെതിരെ മുഖം തിരിക്കും; ശത്രുക്കളുടെ മുമ്പിൽ നിങ്ങൾ വീണുപോകും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെമേൽ വാഴും. ആരും പിന്തുടരാത്തപ്പോഴും നിങ്ങൾ വിരണ്ടോടും. 18എന്നിട്ടും നിങ്ങൾ എന്നെ അനുസരിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പാപങ്ങൾക്കുള്ള ശിക്ഷ ഏഴിരട്ടിയായി ഞാൻ വർധിപ്പിക്കും. 19ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാൻ തകർക്കും. ഞാൻ നിങ്ങൾക്കു മഴ നല്‌കാതിരിക്കും. അങ്ങനെ നിങ്ങളുടെ ആകാശം ഇരുമ്പുപോലെയും, ഭൂമി പിത്തളപോലെയും കഠിനമാകും. 20നിങ്ങളുടെ പ്രയത്നം വ്യർഥമാകും. ഭൂമി നിങ്ങൾക്ക് വിളവു തരികയില്ല. വൃക്ഷങ്ങൾ ഫലം നല്‌കുകയുമില്ല. 21എന്നിട്ടും എന്റെ വാക്ക് ശ്രദ്ധിക്കാതെ അതിനു വിരുദ്ധമായി ജീവിതം തുടർന്നാൽ ഞാൻ നിങ്ങളുടെമേൽ കൂടുതൽ ബാധകൾ വരുത്തും. നിങ്ങളുടെ പാപങ്ങൾക്ക് ഏഴു മടങ്ങു ശിക്ഷ നല്‌കും. 22ഹിംസ്രജന്തുക്കളെ നിങ്ങളുടെ നേരേ അഴിച്ചു വിടും; അവ നിങ്ങളുടെ കുട്ടികളെ കൊന്നൊടുക്കും; കന്നുകാലികളെ നശിപ്പിക്കും; നിങ്ങളുടെ എണ്ണം കുറയും; നിങ്ങളുടെ പാതകൾ വിജനമാകും. 23ഈ ശിക്ഷകൾകൊണ്ടും നിങ്ങൾ എങ്കലേക്കു തിരിയാതെ എനിക്കു വിരുദ്ധമായി നടന്നാൽ 24ഞാനും നിങ്ങൾക്കെതിരായി തിരിഞ്ഞ് നിങ്ങളുടെ പാപങ്ങൾക്കുള്ള ശിക്ഷ ഏഴിരട്ടിയാക്കും. 25എന്റെ ഉടമ്പടി ലംഘിച്ചതിനു പ്രതികാരമായി ഞാൻ നിങ്ങളെ വാൾകൊണ്ടു ശിക്ഷിക്കും. സ്വന്തം പട്ടണങ്ങളിൽ അഭയം തേടിയാൽ നിങ്ങളുടെ മധ്യേ ഞാൻ മഹാമാരി അയയ്‍ക്കും. നിങ്ങൾ ശത്രുക്കൾക്കു കീഴടങ്ങേണ്ടിവരും. 26ഞാൻ നിങ്ങൾക്ക് ക്ഷാമം വരുത്തും. പത്തു സ്‍ത്രീകൾ ഒരടുപ്പിൽ പാകം ചെയ്യും; അവർ നിങ്ങൾക്കു തൂക്കി അളന്നേ തരൂ. നിങ്ങൾക്കു തൃപ്തി വരികയുമില്ല.
27എന്നിട്ടും നിങ്ങൾ എന്നെ അനുസരിക്കാതെ എനിക്കെതിരായി പ്രവർത്തിച്ചാൽ, 28ഞാൻ ഉഗ്രരോഷത്തോടെ നിങ്ങൾക്കെതിരായി നീങ്ങും. നിങ്ങളുടെ പാപങ്ങൾക്കുള്ള ശിക്ഷ ഞാൻ വീണ്ടും ഏഴിരട്ടിയാക്കും. 29സ്വന്തം മക്കളുടെ മാംസം നിങ്ങൾക്കു ഭക്ഷിക്കേണ്ടിവരും. 30നിങ്ങളുടെ പൂജാഗിരികളും ധൂപപീഠങ്ങളും ഞാൻ നശിപ്പിക്കും. തകർന്ന വിഗ്രഹങ്ങളുടെമേൽ ഞാൻ നിങ്ങളുടെ ശവശരീരങ്ങൾ എറിയും. 31ഞാൻ നിങ്ങളെ വെറുക്കും. നിങ്ങളുടെ പട്ടണങ്ങൾ ഞാൻ ശൂന്യമാക്കും; നിങ്ങളുടെ ആരാധനാസ്ഥലങ്ങൾ വിജനമാക്കും. നിങ്ങളുടെ സുഗന്ധനിവേദ്യം ഞാൻ സ്വീകരിക്കുകയില്ല. 32നിങ്ങളുടെ ദേശത്തു വസിക്കുന്ന ശത്രുക്കൾപോലും ആശ്ചര്യപ്പെടുമാറ് ഞാൻ അതിനെ ശൂന്യമാക്കും. 33ജനതകളുടെ ഇടയിൽ ഞാൻ നിങ്ങളെ ചിതറിക്കും; ഞാൻ വാളൂരി നിങ്ങളെ പിന്തുടരും. നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ നഗരങ്ങൾ പാഴായും തീരും. 34നിങ്ങൾ ശത്രുദേശത്തു പ്രവാസികളായി കഴിയുമ്പോൾ ആളൊഴിഞ്ഞ നിങ്ങളുടെ ദേശം സ്വസ്ഥത ആസ്വദിക്കും; നിർജ്ജനമായിരിക്കുന്ന കാലത്തായിരിക്കും അതിന്റെ ശബത്താചരണം. 35നിങ്ങൾ വസിച്ചിരുന്നപ്പോൾ ദേശത്തിനു ലഭിക്കാതിരുന്ന വിശ്രമം ശൂന്യമായി കിടക്കുമ്പോൾ അതിനു ലഭിക്കും. 36നിങ്ങളിൽ ശേഷിക്കുന്നവർ ശത്രുദേശത്തു പ്രവാസികളായി കഴിയുമ്പോൾ അവരുടെ ഉള്ളിൽ ഞാൻ ഭീതി ഉളവാക്കും. ഒരു കരിയില അനങ്ങിയാൽ അവർ പേടിച്ചോടും. വാളിൽനിന്നു രക്ഷപെടാൻ എന്നതുപോലെ അവർ ഓടും. ആരും പിന്തുടരുന്നില്ലെങ്കിലും അവർ ഓടി ഇടറിവീഴും. 37ആരും പിന്തുടരാത്തപ്പോഴും വാളിൽനിന്നു രക്ഷപെടാനെന്നവിധം അവർ ഓടും. അവർ പരസ്പരം കൂട്ടിമുട്ടി വീഴും. ശത്രുക്കളെ നേരിടാൻ നിങ്ങൾക്കു കഴികയില്ല. വിദേശത്തു നിങ്ങൾ മരിക്കും. 38ശത്രുക്കളുടെ നാട് നിങ്ങളെ വിഴുങ്ങിക്കളയും. 39നിങ്ങളിൽ ശേഷിക്കുന്നവർ തങ്ങളുടെ ദുഷ്കൃത്യങ്ങൾ മൂലം ശത്രുരാജ്യത്തു നശിച്ചുപോകും. പിതാക്കന്മാരുടെ ദുഷ്കൃത്യങ്ങൾ മൂലം അവർ അവരെപ്പോലെ നാശമടയും. 40-41അവരും അവരുടെ പിതാക്കന്മാരും എന്നോടു കാണിച്ച അവിശ്വസ്തതയും എനിക്കെതിരെ പ്രവർത്തിച്ച ദുഷ്കൃത്യങ്ങളും നിമിത്തം എനിക്ക് അവരോട് അനിഷ്ടം തോന്നുകയും ഞാൻ അവരെ ശത്രുദേശത്ത് പ്രവാസികളായി അയയ്‍ക്കുകയും ചെയ്തു. ഇപ്പോഴെങ്കിലും അവർ തെറ്റ് ഏറ്റുപറഞ്ഞ് വിനീതഹൃദയരായി തങ്ങളുടെ അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്താൽ, 42അബ്രഹാമിനോടും, യാക്കോബിനോടും ചെയ്ത എന്റെ ഉടമ്പടി ഞാൻ ഓർക്കും; ദേശം നല്‌കുമെന്നുള്ള വാഗ്ദാനം ഞാൻ അനുസ്മരിക്കും. 43അവർ വിട്ടുപോയതിനാൽ ശൂന്യമായിത്തീർന്ന ദേശം വിശ്രമം അനുഭവിക്കും. എന്റെ ചട്ടങ്ങൾ ധിക്കരിച്ച് എന്റെ കല്പനകൾ വെറുത്തു ദുഷ്കൃത്യം ചെയ്തതിന് അവർ തക്കപരിഹാരം ചെയ്യണം. 44എങ്കിലും അവർ ശത്രുദേശത്തായിരിക്കുമ്പോൾ, അവരെ ഉന്മൂലനം ചെയ്യാനും എന്റെ ഉടമ്പടി ലംഘിക്കാനും തക്കവിധം ഞാൻ അവരെ ദ്വേഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. ഞാൻ അവരുടെ ദൈവമായ സർവേശ്വരനാകുന്നു. 45അന്യജനതകൾ കാൺകെ ഈജിപ്തിൽനിന്നു ഞാൻ കൂട്ടിക്കൊണ്ടുവന്ന അവരുടെ പൂർവപിതാക്കന്മാരോടു ചെയ്ത ഉടമ്പടി അവർക്കുവേണ്ടി ഞാൻ ഓർക്കും. അങ്ങനെ ഞാൻ അവരുടെ ദൈവമായിരിക്കും. ഞാനാകുന്നു സർവേശ്വരൻ.
46സീനായ് മലയിൽവച്ച് മോശ മുഖേന സർവേശ്വരൻ ഇസ്രായേൽജനങ്ങൾക്ക് നല്‌കിയ ചട്ടങ്ങളും കല്പനകളും ഇവയാകുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

LEVITICUS 26: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക