ISAIA 11
11
നീതിനിഷ്ഠമായ ഭരണം
1വൃക്ഷത്തിന്റെ കുറ്റിയിൽനിന്നു പൊട്ടി കിളിർക്കുന്ന നാമ്പുപോലെയും അതിന്റെ വേരിൽനിന്നു മുളയ്ക്കുന്ന ശാഖപോലെയും #11:1 യിശ്ശായിയുടെ കുറ്റി.ദാവീദിന്റെ വംശത്തിൽനിന്ന് ഒരു രാജാവ് ഉയർന്നുവരും. 2സർവേശ്വരന്റെ ആത്മാവ് അവന്റെമേൽ ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്; ആലോചനയുടെയും ശക്തിയുടെയും ആത്മാവ്; അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്;
3ദൈവഭക്തിയിൽ അവൻ ആനന്ദംകൊള്ളും. അവൻ കണ്ണുകൊണ്ടു കാണുന്നതനുസരിച്ചു വിധിക്കുകയോ ചെവികൊണ്ടു കേൾക്കുന്നതനുസരിച്ചു തീരുമാനിക്കുകയോ ചെയ്യുകയില്ല. 4അവൻ ദരിദ്രർക്കു ധർമനിഷ്ഠയോടും എളിയവർക്കു നീതിബോധത്തോടുംകൂടി വിധി കല്പിക്കുന്നു. അവൻ തന്റെ ആജ്ഞകൊണ്ടു മനുഷ്യരെ ശിക്ഷിക്കും. അധരചലനംകൊണ്ടു ദുഷ്ടരെ നിഗ്രഹിക്കും. 5നീതികൊണ്ടും വിശ്വസ്തതകൊണ്ടും അവൻ അര മുറുക്കും.
6അന്നു ചെന്നായ് ആട്ടിൻകുട്ടിയുടെ കൂടെ വസിക്കും. പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും. സിംഹക്കുട്ടിയും പശുക്കിടാവും കൊഴുത്ത മൃഗവും ഒരുമിച്ചു പാർക്കും. ഒരു കൊച്ചുകുട്ടി അവയെ നയിക്കും. 7പശു കരടിയോടൊത്തു മേയും. അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വയ്ക്കോൽ തിന്നും. പിഞ്ചുപൈതൽ സർപ്പപ്പൊത്തിനു മുകളിൽ കളിക്കും. 8മുലകുടി മാറിയ ശിശു അണലിയുടെ മാളത്തിൽ കൈ ഇടും. ദൈവത്തിന്റെ വിശുദ്ധപർവതമായ സീയോനിൽ ആരും നാശമോ ദ്രോഹമോ വരുത്തുകയില്ല. 9സമുദ്രം വെള്ളം കൊണ്ടെന്നപോലെ ഭൂമി സർവേശ്വരനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു.
പ്രവാസികളുടെ തിരിച്ചുവരവ്
10അന്നു ദാവീദിന്റെ വംശത്തിലെ രാജാവ് ജനങ്ങൾക്ക് ഒരടയാളമായിരിക്കും. വിജാതീയർ അദ്ദേഹത്തെ അന്വേഷിച്ചുവരും. അദ്ദേഹത്തിന്റെ പാർപ്പിടം തേജസ്സുറ്റതായിരിക്കും. 11സർവേശ്വരൻ തന്റെ ജനത്തിൽ ശേഷിച്ചവരെ അന്ന് അസ്സീറിയ, ഈജിപ്ത്, പത്രോസ്, എത്യോപ്യ, ഏലാം, ശീനാർ, ഹാമാത്ത്, കടൽത്തീരദേശങ്ങൾ എന്നിവിടങ്ങളിൽനിന്നു തിരിച്ചു കൊണ്ടുവരാൻ തന്റെ ശക്തി വീണ്ടും പ്രയോഗിക്കും. 12അവിടുന്നു വിജാതീയരെ ഒരുമിച്ചു കൂട്ടാൻ ഒരു കൊടിയടയാളം ഉയർത്തും. ഇസ്രായേലിൽനിന്നു ഭ്രഷ്ടരായവരെയും യെഹൂദ്യയിൽനിന്നു ചിതറിപ്പോയവരെയും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു കൂട്ടിവരുത്തും. 13എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും. യെഹൂദായെ ശല്യപ്പെടുത്തുന്നവർ നിശ്ശേഷം നശിപ്പിക്കപ്പെടും. യെഹൂദാ ഇനിയും എഫ്രയീമിന്റെ ശത്രുവായിരിക്കുകയില്ല. 14അവർ പടിഞ്ഞാറുള്ള ഫെലിസ്ത്യരുടെമേൽ ചാടിവീഴുകയും ഒരുമിച്ച് കിഴക്കുള്ള ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യും. എദോമും മോവാബും അവരുടെ ആക്രമണത്തിനിരയാകും. 15അമ്മോന്യർ അവർക്കു കീഴടങ്ങും. ഈജിപ്തിന്റെ കടലിടുക്ക് സർവേശ്വരൻ നിശ്ശേഷം നശിപ്പിക്കും. അവിടുന്ന് ഉഷ്ണക്കാറ്റ് നദിയുടെമേൽ വീശുമാറാക്കും. അപ്പോൾ ചെരുപ്പു നനയാതെ കടക്കത്തക്കവിധം നദി ഏഴു കൈത്തോടുകളായി പിരിയും. 16ഇസ്രായേല്യർക്ക് ഈജിപ്തിൽനിന്നു പുറപ്പെട്ടപ്പോൾ ഉണ്ടായതുപോലെയുള്ള ഒരു രാജപാത അസ്സീറിയയിൽ അവശേഷിക്കുന്ന സർവേശ്വരന്റെ ജനത്തിന് അപ്പോഴുണ്ടാകും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 11: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.