ISAIA 10
10
1എന്റെ ജനത്തെ പീഡിപ്പിക്കുന്നതിനായി നീതികെട്ട നിയമങ്ങൾ നിർമ്മിക്കുന്നവർക്കു ഹാ ദുരിതം! 2നിങ്ങൾ എളിയവരുടെ അവകാശം അപഹരിക്കുന്നു. അനാഥരെ ചൂഷണം ചെയ്യുന്നു. 3ന്യായവിധി ദിവസത്തിൽ വിദൂരത്തുനിന്നു വിനാശകരമായ കൊടുങ്കാറ്റടിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യും? സഹായത്തിനുവേണ്ടി ആരുടെ അടുക്കലേക്ക് ഓടും? നിങ്ങളുടെ സമ്പത്ത് നിങ്ങൾ എവിടെ സൂക്ഷിക്കും? 4യുദ്ധത്തിൽ നിങ്ങൾ കൊല്ലപ്പെടുകയോ തടവുകാരനെപ്പോലെ വലിച്ചിഴയ്‍ക്കപ്പെടുകയോ ചെയ്യും. ഇതെല്ലാമായിട്ടും സർവേശ്വരന്റെ കോപം ശമിക്കുന്നില്ല. അവിടുത്തെ കരം ഇപ്പോഴും നിങ്ങളെ ശിക്ഷിക്കാൻ ഉയർന്നിരിക്കുന്നു.
അസ്സീറിയാ-ദൈവത്തിന്റെ ആയുധം
5എന്റെ ക്രോധത്തിന്റെ ഗദയും രോഷത്തിന്റെ വടിയുമായ അസ്സീറിയായെ, 6ദൈവനിഷേധികളായ ജനതയ്‍ക്കും എന്റെ ക്രോധത്തിനിരയായ ജനത്തിനും എതിരെ, അവരെ കൊള്ളയടിക്കാനും തെരുവീഥിയിലെ ചെളി പോലെ ചവുട്ടിമെതിക്കാനുമായി ഞാൻ നിയോഗിക്കും. 7എന്നാൽ അസ്സീറിയായുടെ ഉദ്ദേശ്യവും വിചാരവും അതല്ലായിരുന്നു. ജനതകളുടെ നാശം ആയിരുന്നു അവരുടെ ലക്ഷ്യം. 8അസ്സീറിയൻ ചക്രവർത്തി പറയുന്നു: “എന്റെ സേനാനായകന്മാരെല്ലാം രാജാക്കന്മാരല്ലേ? കല്നോ കാർക്കെമീശിനെപ്പോലെയല്ലേ? 9ഹമാത്ത് അർപ്പാദിനെപ്പോലെയും ശമര്യ ദമാസ്കസിനെപ്പോലെയുമല്ലേ? 10യെരൂശലേമിലും ശമര്യയിലുമുള്ളവയെക്കാൾ വിശേഷപ്പെട്ട വിഗ്രഹങ്ങളുള്ള രാജ്യങ്ങളെ എന്റെ കരങ്ങൾ എത്തിപ്പിടിച്ചിരിക്കെ 11ശമര്യയോടും അവിടത്തെ വിഗ്രഹങ്ങളോടും ഞാൻ ചെയ്തതുപോലെ യെരൂശലേമിനോടും അവിടത്തെ വിഗ്രഹങ്ങളോടും ഞാൻ ചെയ്കയില്ലേ?
12യെരൂശലേമിലും സീയോൻ പർവതത്തിലും തന്റെ പ്രവൃത്തി പൂർത്തിയാക്കിയശേഷം സർവേശ്വരൻ അസ്സീറിയൻ ചക്രവർത്തിയെ വമ്പു പറച്ചിലിനും അഹങ്കാരത്തിനും ശിക്ഷിക്കും. 13കരബലവും ജ്ഞാനവുംകൊണ്ടു ഞാൻ ഇവയൊക്കെ ചെയ്തു. ബുദ്ധിയും വിവേകവുംകൊണ്ടു ഞാൻ ദേശങ്ങളുടെ അതിരുകൾ മാറ്റി. ജനതകളുടെ നിക്ഷേപം കൊള്ളയടിച്ചു. സിംഹാസനത്തിലിരുന്നവരെ കാളക്കൂറ്റന്റെ കരുത്തോടെ ഞാൻ താഴെ ഇറക്കി. 14എന്റെ കരങ്ങൾ ജനതകളുടെ സമ്പത്ത് കിളിക്കൂട് എന്നപോലെ പിടിച്ചെടുത്തു. ഉപേക്ഷിക്കപ്പെട്ട കിളിക്കൂട്ടിൽനിന്നും മുട്ടകൾ ശേഖരിക്കുംപോലെ ഭൂമിയിലെ സമ്പത്തു മുഴുവൻ ഞാൻ കൈവശമാക്കി. ചിറകടിക്കുകയോ ചുണ്ടനക്കുകയോ ചിലയ്‍ക്കുകയോ ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല.
15മരംവെട്ടുകാരനോടു കോടാലി വമ്പു പറയുമോ? അറക്കുന്നവനോട് അറക്കവാൾ വീമ്പടിക്കുമോ? മനുഷ്യൻ ഗദയുടെ ഉപകരണമല്ല. ഗദയെ മനുഷ്യൻ ഉപകരണമാക്കുന്നു. ഒരു വടി മനുഷ്യനെ ചുഴറ്റുമോ? 16അതുകൊണ്ടു സർവശക്തനായ സർവേശ്വരൻ മാരകമായ രോഗം അസ്സീറിയാരാജാവിന്റെ ശക്തരായ യോദ്ധാക്കളുടെമേൽ അയയ്‍ക്കും. അവരുടെ ശരീരത്തിൽ അഗ്നി കത്തി ജ്വലിക്കും. 17ഇസ്രായേലിന്റെ വെളിച്ചമായ ദൈവം ഒരു ജ്വാലയായിത്തീർന്ന് ഒരു ദിവസംകൊണ്ടു സകല മുള്ളും മുൾപ്പടർപ്പും ദഹിപ്പിക്കും. 18വനത്തിന്റെയും ഫലപുഷ്ടമായ വിളനിലത്തിന്റെയും പ്രതാപം സർവേശ്വരൻ നശിപ്പിക്കും. രോഗിയായ മനുഷ്യൻ ക്ഷയിച്ചുപോകുന്നതുപോലെ അവ നിശ്ശേഷം നശിക്കും. 19അയാളുടെ വനത്തിൽ അവശേഷിക്കുന്ന വൃക്ഷങ്ങൾ ഒരു കൊച്ചുകുട്ടിക്ക് എണ്ണിക്കുറിക്കാവുന്നവിധം പരിമിതമായിരിക്കും.”
അവശേഷിക്കുന്നവരുടെ തിരിച്ചുവരവ്
20അന്ന് ഇസ്രായേലിൽ ശേഷിച്ചവർ, യാക്കോബിന്റെ വംശത്തിൽ അവശേഷിച്ചവർ, തങ്ങളെ പ്രഹരിച്ചവനെ ആശ്രയിക്കാതെ ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവത്തെ ആത്മാർഥമായി ആശ്രയിക്കും. 21അവശേഷിക്കുന്നവർ, യാക്കോബിന്റെ ശിഷ്ടഭാഗംതന്നെ ജയവീരനായ ദൈവത്തിങ്കലേക്കു മടങ്ങിവരും. 22ഇസ്രായേൽജനം കടൽക്കരയിലെ മണൽത്തരിപോലെ അസംഖ്യമാണെങ്കിലും അവരിൽ ഒരംശം മാത്രമേ തിരിച്ചുവരികയുള്ളൂ. നീതി കവിഞ്ഞൊഴുകുന്നതായ ഒരു വിനാശം നിർണയിക്കപ്പെട്ടിരിക്കുന്നു. 23സർവശക്തനായ സർവേശ്വരൻ നിശ്ചയിക്കപ്പെട്ട വിനാശം രാജ്യത്താകമാനം വരുത്തും.
അസ്സീറിയായെ ദൈവം ശിക്ഷിക്കും
24സീയോനിൽ നിവസിക്കുന്നവരോടു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ജനമേ, ഈജിപ്തുകാർ നിങ്ങളെ ദണ്ഡിപ്പിച്ചതുപോലെ അസ്സീറിയാക്കാർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ ഭയപ്പെടരുത്. 25കാരണം അല്പസമയംകൊണ്ടു നിങ്ങളുടെ നേരെയുള്ള എന്റെ രോഷം ശമിക്കും; അവരുടെ നാശത്തിനായി അതു തിരിച്ചുവിടും. 26ഓറേബിലെ പാറയ്‍ക്കടുത്തുവച്ചു സർവശക്തനായ സർവേശ്വരൻ മിദ്യാന്യരെ പ്രഹരിച്ചതുപോലെ അവരുടെമേൽ ചമ്മട്ടി പ്രയോഗിക്കും. ഈജിപ്തിൽ വച്ചെന്നപോലെ അവിടുന്നു സമുദ്രത്തിന്മേൽ വടി ഉയർത്തിപ്പിടിക്കും. 27അന്ന് അസ്സീറിയാ നിങ്ങളുടെ തോളിൽ വച്ചിരിക്കുന്ന ഭാരം നീക്കപ്പെടും. നിങ്ങളുടെ ചുമലിൽ വച്ചിരിക്കുന്ന നുകം തകർക്കപ്പെടും.
ശത്രുവിന്റെ ആക്രമണം
28ശത്രുസൈന്യം രിമ്മോനിൽനിന്ന് അയ്യാത്തിലെത്തി, മിഗ്രോനിലൂടെ മിക്മാശിൽ ചെന്ന് അവിടെ പടക്കോപ്പുകൾ സൂക്ഷിക്കുന്നു. 29അവർ ചുരം കടന്ന് ഗേബയിലെത്തി രാപാർക്കുന്നു. റാമാ നടുങ്ങുന്നു. ശൗലിന്റെ പട്ടണമായ ഗിബെയായിലെ ജനം പലായനം ചെയ്യുന്നു. 30ഗല്ലീംനിവാസികളേ, ഉറക്കെ നിലവിളിക്കുവിൻ; ലയേശേ, ശ്രദ്ധിക്കുക; അനാഥോത്തേ, മറുപടി പറയുക. 31മദ്മേനാ പലായനം ചെയ്യുന്നു. ഗബീംനിവാസികൾ രക്ഷ തേടി ഓടുന്നു. 32ഇന്നുതന്നെ ശത്രു നോബിൽ നിലയുറപ്പിച്ചുകൊണ്ടു സീയോൻപുത്രിയുടെ നേരെ, യെരൂശലേംകുന്നിന്റെ നേരെ, മുഷ്‍ടി ചുരുട്ടും.
33ഇതാ, സർവശക്തനായ സർവേശ്വരൻ ഉഗ്രശക്തിയോടെ വൃക്ഷശാഖകൾ മുറിച്ചുതള്ളും. ഉയർന്ന വൃക്ഷങ്ങൾ വെട്ടിവീഴ്ത്തും. ഉയർന്നവയെ നിലം പതിപ്പിക്കും. 34നിബിഡവനം അവിടുന്നു കോടാലികൊണ്ടു വെട്ടിത്തെളിക്കും. ലെബാനോൻ വൻമരങ്ങളോടുകൂടി നിലംപതിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 10: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.