TIRHKOHTE 1:15-26

TIRHKOHTE 1:15-26 MALCLBSI

ഏതാനും ദിവസങ്ങൾക്കുശേഷം ഏകദേശം നൂറ്റിരുപതുപേരുള്ള ഒരു സംഘം ഒരുമിച്ചു കൂടിയിരുന്നപ്പോൾ പത്രോസ് ആ സഹോദരന്മാരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരരേ, യേശുവിനെ ബന്ധനസ്ഥനാക്കിയവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിനെക്കുറിച്ച് പരിശുദ്ധാത്മാവു ദാവീദിൽക്കൂടി പ്രവചിച്ചിട്ടുള്ള വേദലിഖിതം സത്യമായിരിക്കുന്നു. അയാൾ ഞങ്ങളുടെ ഗണത്തിലെ ഒരംഗമായിരുന്നു. ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ടവനുമായിരുന്നു. എന്നാൽ ആ മനുഷ്യൻ തന്റെ ദുഷ്കർമത്തിനു കിട്ടിയ പ്രതിഫലംകൊണ്ട് ഒരു നിലം വാങ്ങി; അയാൾ നിലത്തുവീണു വയറു പിളർന്നു കുടലെല്ലാം പുറത്തുചാടി. യെരൂശലേമിൽ നിവസിക്കുന്ന എല്ലാവരും ഈ സംഭവം അറിഞ്ഞു. ആ നിലത്തിന് അവരുടെ ഭാഷയിൽ ‘രക്തനിലം’ എന്നർഥമുള്ള ‘അക്കല്ദാമ’ എന്നു പേരുവന്നു. ‘അവന്റെ വാസസ്ഥലം ശൂന്യമായിത്തീരട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ’ എന്നും ‘അവന്റെ അധ്യക്ഷസ്ഥാനം മറ്റൊരുവനു ലഭിക്കട്ടെ’ എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ. “അതുകൊണ്ട് ഞങ്ങളോടൊപ്പം കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുവാൻ ഒരാൾ ആവശ്യമായിരിക്കുന്നു. കർത്താവായ യേശു നമ്മുടെകൂടെ സഞ്ചരിച്ചിരുന്ന കാലമത്രയും - യോഹന്നാന്റെ സ്നാപനംമുതൽ കർത്താവ് സ്വർഗാരോഹണം ചെയ്ത നാൾവരെ - നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുവനായിരിക്കണം അയാൾ. അവർ യുസ്തൊസ് എന്ന അപരനാമമുള്ള ബർശബാ എന്ന യോസേഫിന്റെയും മത്ഥിയാസിന്റെയും പേരുകൾ നിർദേശിച്ചു. അനന്തരം അവർ ഇങ്ങനെ പ്രാർഥിച്ചു: “സകല മനുഷ്യഹൃദയങ്ങളെയും അറിയുന്ന കർത്താവേ, ഈ ശുശ്രൂഷയുടെയും അപ്പോസ്തോലത്വത്തിന്റെയും സ്ഥാനം ഉപേക്ഷിച്ച്, താൻ അർഹിക്കുന്ന സ്ഥലത്തേക്ക് യൂദാസ് പോയിരിക്കുന്നു. അയാൾക്കു പകരം ഇവരിൽ ആരെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരണമേ.” പിന്നീട് അവരുടെ പേരിൽ നറുക്കിട്ടു; നറുക്കു മത്ഥിയാസിനു വീണു. അങ്ങനെ അദ്ദേഹം പതിനൊന്ന് അപ്പോസ്തോലന്മാരോടുകൂടി ചേർക്കപ്പെട്ടു.

TIRHKOHTE 1 വായിക്കുക