അപ്പൊ. പ്രവൃത്തികൾ 1:15-26
അപ്പൊ. പ്രവൃത്തികൾ 1:15-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ കാലത്ത് ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റു നിന്നു പറഞ്ഞത്: സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന് നിവൃത്തിവരുവാൻ ആവശ്യമായിരുന്നു. അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കു ലഭിച്ചിരുന്നുവല്ലോ.- അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവേ പിളർന്ന് അവന്റെ കുടലെല്ലാം തുറിച്ചുപോയി. അത് യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ട് ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർഥമുള്ള അക്കല്ദാമാ എന്നു പേർ ആയി.- സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ“ എന്നും “അവന്റെ അധ്യക്ഷസ്ഥാനം മറ്റൊരുത്തനു ലഭിക്കട്ടെ“ എന്നും എഴുതിയിരിക്കുന്നു. ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനംമുതൽ നമ്മെ വിട്ട് ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന കാലത്തെല്ലാം ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം. അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടു പേരെ നിറുത്തി: സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന് ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർഥിച്ച് അവരുടെ പേർക്കു ചീട്ടിട്ടു; ചീട്ടു മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
അപ്പൊ. പ്രവൃത്തികൾ 1:15-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏതാനും ദിവസങ്ങൾക്കുശേഷം ഏകദേശം നൂറ്റിരുപതുപേരുള്ള ഒരു സംഘം ഒരുമിച്ചു കൂടിയിരുന്നപ്പോൾ പത്രോസ് ആ സഹോദരന്മാരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരരേ, യേശുവിനെ ബന്ധനസ്ഥനാക്കിയവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിനെക്കുറിച്ച് പരിശുദ്ധാത്മാവു ദാവീദിൽക്കൂടി പ്രവചിച്ചിട്ടുള്ള വേദലിഖിതം സത്യമായിരിക്കുന്നു. അയാൾ ഞങ്ങളുടെ ഗണത്തിലെ ഒരംഗമായിരുന്നു. ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ടവനുമായിരുന്നു. എന്നാൽ ആ മനുഷ്യൻ തന്റെ ദുഷ്കർമത്തിനു കിട്ടിയ പ്രതിഫലംകൊണ്ട് ഒരു നിലം വാങ്ങി; അയാൾ നിലത്തുവീണു വയറു പിളർന്നു കുടലെല്ലാം പുറത്തുചാടി. യെരൂശലേമിൽ നിവസിക്കുന്ന എല്ലാവരും ഈ സംഭവം അറിഞ്ഞു. ആ നിലത്തിന് അവരുടെ ഭാഷയിൽ ‘രക്തനിലം’ എന്നർഥമുള്ള ‘അക്കല്ദാമ’ എന്നു പേരുവന്നു. ‘അവന്റെ വാസസ്ഥലം ശൂന്യമായിത്തീരട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ’ എന്നും ‘അവന്റെ അധ്യക്ഷസ്ഥാനം മറ്റൊരുവനു ലഭിക്കട്ടെ’ എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ. “അതുകൊണ്ട് ഞങ്ങളോടൊപ്പം കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുവാൻ ഒരാൾ ആവശ്യമായിരിക്കുന്നു. കർത്താവായ യേശു നമ്മുടെകൂടെ സഞ്ചരിച്ചിരുന്ന കാലമത്രയും - യോഹന്നാന്റെ സ്നാപനംമുതൽ കർത്താവ് സ്വർഗാരോഹണം ചെയ്ത നാൾവരെ - നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുവനായിരിക്കണം അയാൾ. അവർ യുസ്തൊസ് എന്ന അപരനാമമുള്ള ബർശബാ എന്ന യോസേഫിന്റെയും മത്ഥിയാസിന്റെയും പേരുകൾ നിർദേശിച്ചു. അനന്തരം അവർ ഇങ്ങനെ പ്രാർഥിച്ചു: “സകല മനുഷ്യഹൃദയങ്ങളെയും അറിയുന്ന കർത്താവേ, ഈ ശുശ്രൂഷയുടെയും അപ്പോസ്തോലത്വത്തിന്റെയും സ്ഥാനം ഉപേക്ഷിച്ച്, താൻ അർഹിക്കുന്ന സ്ഥലത്തേക്ക് യൂദാസ് പോയിരിക്കുന്നു. അയാൾക്കു പകരം ഇവരിൽ ആരെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരണമേ.” പിന്നീട് അവരുടെ പേരിൽ നറുക്കിട്ടു; നറുക്കു മത്ഥിയാസിനു വീണു. അങ്ങനെ അദ്ദേഹം പതിനൊന്ന് അപ്പോസ്തോലന്മാരോടുകൂടി ചേർക്കപ്പെട്ടു.
അപ്പൊ. പ്രവൃത്തികൾ 1:15-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആ കാലത്ത് ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്ന് പറഞ്ഞത്: “സഹോദരന്മാരേ, യേശുവിനെ പിടിച്ചവർക്ക് വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ച് പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്ത് നിവൃത്തിയാകേണ്ടത് ആവശ്യമായിരുന്നു. അവൻ ഞങ്ങളിലൊരുവനായി ഈ ശുശ്രൂഷയിൽ പങ്ക് ലഭിച്ചിരുന്നുവല്ലോ.” അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം വാങ്ങി, തലകീഴായി വീണ് ശരീരം പിളർന്ന് അവന്റെ കുടലെല്ലാം പുറത്തുചാടി. ഈ വിവരം യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞിരുന്നതിനാൽ ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കല്ദാമാ എന്നു പേർ വിളിച്ചു. “അവന്‍റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മറ്റൊരുത്തന് ലഭിക്കട്ടെ” എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിരിക്കുന്നു. ആകയാൽ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന് സാക്ഷിയായി ഒരുവൻ നമ്മോടുകൂടെ ഇരിക്കേണം അവൻ യോഹന്നാന്‍റെ സ്നാനം മുതൽ കർത്താവ് നമ്മെ വിട്ട് ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നവരിൽ ഒരുവനുമായിരിക്കേണം. അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാസ് എന്ന യോസേഫ്, മത്ഥിയാസ് എന്നിവരുടെ പേരുകൾ നിർദ്ദേശിച്ചു: “സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്‍റെ സ്ഥലത്തേയ്ക്ക് പോകേണ്ടതിന് യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിൻ്റെയും സ്ഥാനം ലഭിക്കേണ്ടതിന് ഈ ഇരുവരിൽ ആരെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ” എന്നു പ്രാർത്ഥിച്ച് അവരുടെ പേർക്ക് നറുക്കിട്ടു. നറുക്ക് മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
അപ്പൊ. പ്രവൃത്തികൾ 1:15-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു: സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു. അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കു ലഭിച്ചിരുന്നുവല്ലോ. ‒അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി. അതു യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി. ‒സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു. ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം. അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി: സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു: ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
അപ്പൊ. പ്രവൃത്തികൾ 1:15-26 സമകാലിക മലയാളവിവർത്തനം (MCV)
അന്നൊരിക്കൽ അവിടെ കൂടിയിരുന്ന ഏകദേശം നൂറ്റിയിരുപതുപേർവരുന്ന വിശ്വാസികളുടെ മധ്യത്തിൽ എഴുന്നേറ്റുനിന്ന്, പത്രോസ് ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങളേ, യേശുവിനെ അറസ്റ്റുചെയ്തവർക്കു വഴികാണിച്ച യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദുമുഖേന പ്രവചിച്ചിരുന്ന തിരുവെഴുത്തു നിറവേറേണ്ടത് ആവശ്യമായിവന്നിരിക്കുന്നു. ഞങ്ങളിൽ ഒരാളായി ശുശ്രൂഷയിൽ പങ്കാളിത്തം അവനു ലഭിച്ചിരുന്നു.” എന്നാൽ, അയാൾ ചെയ്ത അന്യായത്തിന്റെ പ്രതിഫലംകൊണ്ട് യൂദാ ഒരു വയൽ വാങ്ങി. അതിൽത്തന്നെ തലകീഴായി വീണ് നടുവു തകർന്ന് അവന്റെ ആന്തരികാവയവങ്ങൾ എല്ലാം പുറത്തുചാടി. ജെറുശലേംനിവാസികളെല്ലാം ഇതറിഞ്ഞു, അവർ ആ നിലത്തെ അവരുടെ ഭാഷയിൽ “അക്കൽദാമാ” എന്നു വിളിക്കാൻ തുടങ്ങി; “രക്തത്തിന്റെ വയൽ” എന്നാണ് ഇതിനർഥം. “ ‘അയാളുടെ വാസസ്ഥലം വിജനമായിത്തീരട്ടെ; അതിൽ ആരും വസിക്കാതിരിക്കട്ടെ,’ എന്നും “ ‘അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ,’ എന്നും സങ്കീർത്തനപ്പുസ്തകത്തിൽ എഴുതിയിരിക്കുന്നു. അതുകൊണ്ട്, യോഹന്നാൻ യേശുവിനു സ്നാനം നൽകിയ അന്നുമുതൽ കർത്താവായ യേശു നമ്മിൽനിന്നെടുക്കപ്പെട്ട ദിവസംവരെ അവിടന്ന് നമ്മുടെ മധ്യേ സഞ്ചരിച്ച സമയമെല്ലാം നമ്മുടെ സഹചാരിയായിരുന്ന ഒരാളെ നമ്മോടൊപ്പം യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യംവഹിക്കാൻ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്.” അപ്പോൾ അവർ ബർശബാസ് എന്നും യുസ്തൊസ് എന്നും വിളിക്കപ്പെട്ടിരുന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിർദേശിച്ചു. എന്നിട്ട് അവർ ഇങ്ങനെ പ്രാർഥിച്ചു: “എല്ലാവരുടെയും ഹൃദയങ്ങളെ അറിയുന്ന കർത്താവേ, തനിക്ക് അർഹമായ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാസ് ഉപേക്ഷിച്ച ഈ അപ്പൊസ്തലശുശ്രൂഷയുടെ സ്ഥാനം സ്വീകരിക്കാൻ ഈ ഇരുവരിൽ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് കാണിച്ചുതരണമേ.” തുടർന്ന് അവർക്കായി നറുക്കിട്ടു; നറുക്ക് മത്ഥിയാസിനു വീഴുകയും അദ്ദേഹം പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ പരിഗണിക്കപ്പെടുകയും ചെയ്തു.