TIRHKOHTE 1
1
1പ്രിയപ്പെട്ട തെയോഫിലോസേ, യേശുവിന്റെ പ്രവർത്തനം ആരംഭിച്ച സമയംമുതൽ സ്വർഗാരോഹണംവരെ, അവിടുന്നു ചെയ്യുകയും പഠിപ്പിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളും എന്റെ ആദ്യത്തെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. 2-3താൻ തിരഞ്ഞെടുത്ത അപ്പോസ്തോലന്മാർക്കു പരിശുദ്ധാത്മാവിലൂടെ വേണ്ട നിർദേശങ്ങൾ നല്‌കിയ ശേഷമാണ് അവിടുന്നു സ്വർഗാരോഹണം ചെയ്തത്. അവിടുത്തെ പീഡാനുഭവത്തിനും മരണത്തിനുംശേഷം താൻ ജീവിച്ചിരിക്കുന്നു എന്നു സംശയാതീതമായി തെളിയിക്കുന്ന വിധത്തിൽ നാല്പതു ദിവസം അവിടുന്നു പലവട്ടം അവർക്കു ദർശനം നല്‌കുകയും ദൈവരാജ്യം സംബന്ധിച്ചുള്ള കാര്യങ്ങൾ അവരോട് സംസാരിക്കുകയും ചെയ്തു. 4അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അവരോട് ആജ്ഞാപിച്ചു: “നിങ്ങൾ യെരൂശലേം വിട്ടുപോകരുത്; എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളതു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുക; അതേപ്പറ്റി ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. 5യോഹന്നാൻ വെള്ളം കൊണ്ടാണു സ്നാപനം ചെയ്തത്; എന്നാൽ ഏറെ ദിവസങ്ങൾ കഴിയുന്നതിനുമുമ്പ് പരിശുദ്ധാത്മാവിനാലുള്ള സ്നാപനം നിങ്ങൾക്കു ലഭിക്കും.”
സ്വർഗാരോഹണം
6യേശുവും അപ്പോസ്തോലന്മാരും ഒരുമിച്ചുകൂടി ഇരിക്കുമ്പോൾ അവർ ചോദിച്ചു: “കർത്താവേ, ഈ സമയത്താണോ അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത്?”
7യേശു അവരോട് അരുൾചെയ്തു: “പിതാവ് തന്റെ സ്വന്തം അധികാരത്തിൽ നിശ്ചയിച്ചിട്ടുള്ള കാലങ്ങളും സമയങ്ങളും നിങ്ങൾ അറിയേണ്ടാ. 8എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തിപ്രാപിച്ച്, യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും എന്നല്ല ഭൂമിയുടെ അറുതിവരെയും എന്റെ സാക്ഷികളായിത്തീരും.” 9ഇപ്രകാരം അരുൾചെയ്തശേഷം അവർ നോക്കി നില്‌ക്കുമ്പോൾത്തന്നെ, യേശു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; ഒരു മേഘം വന്ന് അവിടുത്തെ അവരുടെ ദൃഷ്‍ടിയിൽനിന്നു മറയ്‍ക്കുകയും ചെയ്തു.
10യേശു സ്വർഗാരോഹണം ചെയ്യുന്നത് അവർ നിർന്നിമേഷരായി നോക്കി നില്‌ക്കുമ്പോൾ ശുഭ്രവസ്ത്രധാരികളായ രണ്ടു പുരുഷന്മാർ അവരുടെ സമീപത്തു വന്നുനിന്ന് അവരോടു പറഞ്ഞു: 11“അല്ലയോ ഗലീലക്കാരേ, നിങ്ങളെന്തിന് ആകാശത്തേക്കു നോക്കിനില്‌ക്കുന്നു? സ്വർഗത്തിലേക്ക് എടുക്കപ്പെട്ട ഈ യേശു സ്വർഗത്തിലേക്കു പോകുന്നതു നിങ്ങൾ കണ്ടല്ലോ. അതുപോലെ തന്നെ അവിടുന്നു മടങ്ങിവരുകയും ചെയ്യും.
12അനന്തരം അവർ ഒലിവുമലയിൽനിന്ന് യെരൂശലേമിലേക്കു തിരിച്ചുപോയി. ഈ സ്ഥലങ്ങൾ തമ്മിൽ ഒരു ശബത്തുദിവസം സഞ്ചരിക്കാവുന്ന ദൂരമേ ഉള്ളൂ. 13അവിടെ എത്തിയ ഉടനെ, തങ്ങൾ പാർത്തിരുന്ന മാളികമുറിയിലേക്ക് അവർ കയറിപ്പോയി. അപ്പോസ്തോലന്മാർ - പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയാസ്, ഫീലിപ്പോസ്, തോമസ്, ബർതൊലോമായി, മത്തായി, അല്ഫായിയുടെ മകനായ യാക്കോബ്, അത്യുത്സാഹിയായ ശിമോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. 14യേശുവിന്റെ മാതാവായ മറിയമിനോടും മറ്റു സ്‍ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടും ചേർന്ന് അവർ എല്ലാവരും ഏകമനസ്സോടും ശുഷ്കാന്തിയോടും കൂടി പ്രാർഥിച്ചു പോന്നു.
യൂദാസിന്റെ പിൻഗാമി
15ഏതാനും ദിവസങ്ങൾക്കുശേഷം ഏകദേശം നൂറ്റിരുപതുപേരുള്ള ഒരു സംഘം ഒരുമിച്ചു കൂടിയിരുന്നപ്പോൾ പത്രോസ് ആ സഹോദരന്മാരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: 16“സഹോദരരേ, യേശുവിനെ ബന്ധനസ്ഥനാക്കിയവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിനെക്കുറിച്ച് പരിശുദ്ധാത്മാവു ദാവീദിൽക്കൂടി പ്രവചിച്ചിട്ടുള്ള വേദലിഖിതം സത്യമായിരിക്കുന്നു. അയാൾ ഞങ്ങളുടെ ഗണത്തിലെ ഒരംഗമായിരുന്നു. 17ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ടവനുമായിരുന്നു. 18എന്നാൽ ആ മനുഷ്യൻ തന്റെ ദുഷ്കർമത്തിനു കിട്ടിയ പ്രതിഫലംകൊണ്ട് ഒരു നിലം വാങ്ങി; അയാൾ നിലത്തുവീണു വയറു പിളർന്നു കുടലെല്ലാം പുറത്തുചാടി. 19യെരൂശലേമിൽ നിവസിക്കുന്ന എല്ലാവരും ഈ സംഭവം അറിഞ്ഞു. ആ നിലത്തിന് അവരുടെ ഭാഷയിൽ ‘രക്തനിലം’ എന്നർഥമുള്ള ‘അക്കല്ദാമ’ എന്നു പേരുവന്നു.
20‘അവന്റെ വാസസ്ഥലം ശൂന്യമായിത്തീരട്ടെ;
അതിൽ ആരും പാർക്കാതിരിക്കട്ടെ’
എന്നും
‘അവന്റെ അധ്യക്ഷസ്ഥാനം മറ്റൊരുവനു ലഭിക്കട്ടെ’ എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ.
21“അതുകൊണ്ട് ഞങ്ങളോടൊപ്പം കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുവാൻ ഒരാൾ ആവശ്യമായിരിക്കുന്നു. 22കർത്താവായ യേശു നമ്മുടെകൂടെ സഞ്ചരിച്ചിരുന്ന കാലമത്രയും - യോഹന്നാന്റെ സ്നാപനംമുതൽ കർത്താവ് സ്വർഗാരോഹണം ചെയ്ത നാൾവരെ - നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുവനായിരിക്കണം അയാൾ.
23അവർ യുസ്തൊസ് എന്ന അപരനാമമുള്ള ബർശബാ എന്ന യോസേഫിന്റെയും മത്ഥിയാസിന്റെയും പേരുകൾ നിർദേശിച്ചു. അനന്തരം അവർ ഇങ്ങനെ പ്രാർഥിച്ചു: 24“സകല മനുഷ്യഹൃദയങ്ങളെയും അറിയുന്ന കർത്താവേ, ഈ ശുശ്രൂഷയുടെയും അപ്പോസ്തോലത്വത്തിന്റെയും സ്ഥാനം ഉപേക്ഷിച്ച്, താൻ അർഹിക്കുന്ന സ്ഥലത്തേക്ക് യൂദാസ് പോയിരിക്കുന്നു. 25അയാൾക്കു പകരം ഇവരിൽ ആരെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരണമേ.” 26പിന്നീട് അവരുടെ പേരിൽ നറുക്കിട്ടു; നറുക്കു മത്ഥിയാസിനു വീണു. അങ്ങനെ അദ്ദേഹം പതിനൊന്ന് അപ്പോസ്തോലന്മാരോടുകൂടി ചേർക്കപ്പെട്ടു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
TIRHKOHTE 1: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.