സെഫന്യാവ് 3:9-17

സെഫന്യാവ് 3:9-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിനു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും. കൂശ്നദികളുടെ അക്കരെനിന്ന് എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭ തന്നെ, എനിക്കു വഴിപാടു കൊണ്ടുവരും. അന്നാളിൽ ഞാൻ നിന്റെ മധ്യേനിന്നു നിന്റെ ഗർവോല്ലസിതന്മാരെ നീക്കിക്കളയും. നീ എന്റെ വിശുദ്ധപർവതത്തിൽ ഇനി ഗർവിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോട് അതിക്രമമായി ചെയ്തിരിക്കുന്ന സകല പ്രവൃത്തികളും നിമിത്തം നീ അന്നാളിൽ ലജ്ജിക്കേണ്ടിവരികയില്ല. ഞാൻ നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ളൊരു ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും. യിസ്രായേലിൽ ശേഷിപ്പുള്ളവർ നീതികേടു പ്രവർത്തിക്കയില്ല; ഭോഷ്കു പറകയുമില്ല; ചതിവുള്ള നാവ് അവരുടെ വായിൽ ഉണ്ടാകയില്ല; അവർ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. സീയോൻപുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേംപുത്രിയേ, പൂർണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മധ്യേ ഇരിക്കുന്നു; ഇനി നീ അനർഥം കാണുകയില്ല. അന്നാളിൽ അവർ യെരൂശലേമിനോട്: ഭയപ്പെടരുതെന്നും സീയോനോട്: അധൈര്യപ്പെടരുതെന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.

സെഫന്യാവ് 3:9-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങനെ സകല ജനതകളും സർവേശ്വരന്റെ നാമം വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവിടുത്തെ സേവിക്കാൻ ഇടയാകും. എത്യോപ്യയിലെ നദികൾക്ക് അക്കരെനിന്ന്, എന്റെ ആരാധകജനത്തിൽനിന്നു ചിതറിപ്പോയവരുടെ പുത്രിമാർതന്നെ എനിക്കു വഴിപാടു കൊണ്ടുവരും. നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികളുടെ പേരിൽ ഞാൻ അന്നു നിന്നെ ലജ്ജിതനാക്കുകയില്ല. കാരണം അഹങ്കരിച്ചു തിമിർത്തവരെ നിങ്ങളുടെ മധ്യത്തിൽനിന്നു ഞാൻ നീക്കിക്കളയും; എന്റെ വിശുദ്ധപർവതത്തിൽ നിങ്ങൾ പിന്നീടു ഗർവു കാട്ടുകയില്ല. താഴ്മയും എളിമയുമുള്ള ഒരു ജനതയെ ഞാൻ നിങ്ങളുടെ മധ്യത്തിൽ അവശേഷിപ്പിക്കും. ഇസ്രായേലിൽ ശേഷിക്കുന്നവർ അധർമം പ്രവർത്തിക്കുകയില്ല; വ്യാജം സംസാരിക്കുകയുമില്ല; വഞ്ചന അവരുടെ നാവിൽ ഉണ്ടായിരിക്കുകയില്ല. അവർ മേഞ്ഞ് സ്വച്ഛന്ദം വിശ്രമിക്കും. അവരെ ആരും ഭയപ്പെടുത്തുകയില്ല. സീയോൻനിവാസികളേ, ഉറക്കെ പാടുവിൻ; ഇസ്രായേല്യരേ, ആർപ്പുവിളിക്കുവിൻ. യെരൂശലേംനിവാസികളേ, പൂർണഹൃദയത്തോടെ ആനന്ദിച്ചുല്ലസിക്കുക. സർവേശ്വരൻ നിങ്ങൾക്കെതിരെയുള്ള വിധി മാറ്റി നിങ്ങളുടെ ശത്രുക്കളെ നീക്കിക്കളഞ്ഞു. ഇസ്രായേലിന്റെ രാജാവായ സർവേശ്വരൻ നിങ്ങളുടെ മധ്യത്തിലുണ്ട്. നിങ്ങൾ ഇനിമേൽ ഒരനർഥവും ഭയപ്പെടേണ്ടതില്ല. അന്ന് യെരൂശലേമിനോടു ഭയപ്പെടരുതെന്നും സീയോനോടു നിന്റെ കൈകൾ തളർന്നു പോകരുതെന്നും പറയും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ ജയം നല്‌കുന്ന യോദ്ധാവായി നിങ്ങളുടെ മധ്യത്തിലുണ്ട്; അവിടുന്നു സന്തോഷാധിക്യത്താൽ നിങ്ങളെക്കുറിച്ച് ആനന്ദിക്കും; അവിടുന്ന് സ്നേഹത്താൽ നിങ്ങളെ നവീകരിക്കും. ഉത്സവദിവസത്തിലെന്നപോലെ അവിടുന്നു നിങ്ങളെപ്രതി ആനന്ദഗീതം ഉയർത്തും.

സെഫന്യാവ് 3:9-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന് ഞാൻ അവർക്ക് നിർമ്മലമായുള്ള അധരങ്ങൾ നൽകും. കൂശ് നദികളുടെ അക്കരെനിന്ന് എന്‍റെ നമസ്കാരികൾ, എന്‍റെ ചിതറിപ്പോയവരുടെ സഭ തന്നെ, എനിക്ക് വഴിപാട് കൊണ്ടുവരും. അന്ന് ഞാൻ അവരുടെ മദ്ധ്യത്തില്‍ നിന്ന് അഹങ്കരിച്ച് ഉല്ലസിക്കുന്നവരെ നീക്കിക്കളയും. നീ എന്‍റെ വിശുദ്ധപർവ്വതത്തിൽ ഇനി അഹങ്കരിക്കാതിരിക്കുന്നതുകൊണ്ട് നീ എന്നോട് അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളുംനിമിത്തം അന്ന് ലജ്ജിക്കേണ്ടിവരുകയില്ല. ഞാൻ നിന്‍റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ള ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും. യിസ്രായേലിൽ അവശേഷിച്ചവർ നീതികേട് പ്രവർത്തിക്കുകയില്ല; ഭോഷ്കുപറയുകയുമില്ല; ചതിവുള്ള നാവ് അവരുടെ വായിൽ ഉണ്ടാകുകയില്ല; അവർ ആടുമാടുകളെ മേയുകയും സുഖമായി വിശ്രമിക്കുകയും ചെയ്യും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. സീയോൻപുത്രിയേ, ഘോഷിച്ചാനന്ദിക്കുക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്‍റെ ന്യായവിധികളെ മാറ്റി, നിന്‍റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്‍റെ രാജാവായ യഹോവ നിന്‍റെ മദ്ധ്യത്തിൽ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല. അന്ന് അവർ യെരൂശലേമിനോട്: “ഭയപ്പെടരുത്” എന്നും സീയോനോട്: “അധൈര്യപ്പെടരുത്” എന്നും പറയും. നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്‍റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്‍റെ സ്നേഹത്താൽ അവൻ പുതുതാക്കുന്നു; ഉത്സവദിനത്തിലെപ്പോലെ അവൻ നിന്നിൽ ആനന്ദിക്കും.

സെഫന്യാവ് 3:9-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും. കൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭ തന്നേ, എനിക്കു വഴിപാടു കൊണ്ടുവരും. അന്നാളിൽ ഞാൻ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗർവ്വോല്ലസിതന്മാരെ നീക്കിക്കളയും നീ എന്റെ വിശുദ്ധപർവ്വതത്തിൽ ഇനി ഗർവ്വിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോടു അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളുംനിമിത്തം നീ അന്നാളിൽ ലജ്ജിക്കേണ്ടിവരികയില്ല. ഞാൻ നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും. യിസ്രായേലിൽ ശേഷിപ്പുള്ളവർ നീതികേടു പ്രവർത്തിക്കയില്ല; ഭോഷ്കുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായിൽ ഉണ്ടാകയില്ല; അവർ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. സീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല. അന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.

സെഫന്യാവ് 3:9-17 സമകാലിക മലയാളവിവർത്തനം (MCV)

“അപ്പോൾ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനും ഏകമനസ്സോടെ യഹോവയെ സേവിക്കുന്നതിനും ഞാൻ ജനതകളുടെ അധരങ്ങൾ ശുദ്ധീകരിക്കും. എന്റെ ആരാധകരും ചിതറിപ്പോയ എന്റെ ജനവും കൂശിലെ നദിക്കപ്പുറത്തുനിന്ന് എനിക്കു നേർച്ചകൾ കൊണ്ടുവരും. നിങ്ങൾ എന്നോടു ചെയ്തിട്ടുള്ള സകല അതിക്രമങ്ങളും നിമിത്തം ആ ദിവസത്തിൽ നിങ്ങൾ ലജ്ജിക്കേണ്ടിവരികയില്ല. തങ്ങളുടെ അഹങ്കാരത്തിൽ സന്തോഷിക്കുന്നവരെ ഞാൻ നിങ്ങളിൽനിന്നു നീക്കിക്കളയും. എന്റെ വിശുദ്ധപർവതത്തിൽ നിങ്ങൾ ഇനിയൊരിക്കലും ധാർഷ്ട്യക്കാരായിരിക്കുകയില്ല. താഴ്മയും സൗമ്യതയും ഉള്ളവരായി, യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്ന ഇസ്രായേലിന്റെ ഒരു ശേഷിപ്പിനെ ഞാൻ നിന്റെ നടുവിൽ ശേഷിപ്പിക്കും. അവർ അതിക്രമം ചെയ്യുകയില്ല; അവർ വ്യാജം പറയുകയുമില്ല. അവരുടെ നാവുകളിൽ വഞ്ചനയും ഉണ്ടായിരിക്കുകയില്ല. അവർ ഭക്ഷിച്ചു കിടന്നുറങ്ങും ആരും അവരെ ഭയപ്പെടുത്തുകയില്ല.” സീയോൻപുത്രീ, പാടുക, ഇസ്രായേലേ, ഉച്ചത്തിൽ ആർത്തുവിളിക്കുക! ജെറുശലേംപുത്രീ, പൂർണഹൃദയത്തോടെ സന്തോഷിച്ച് ആനന്ദിക്കുക! യഹോവ നിന്റെ ശിക്ഷ നീക്കിക്കളഞ്ഞിരിക്കുന്നു, അവിടന്ന് നിന്റെ ശത്രുവിനെ പിന്തിരിപ്പിച്ചിരിക്കുന്നു. ഇസ്രായേലിന്റെ രാജാവായ യഹോവ നിന്നോടുകൂടെയുണ്ട്; നീ ഇനി ഒരാപത്തും ഭയപ്പെടേണ്ടതില്ല. ആ ദിവസത്തിൽ അവർ ജെറുശലേമിനോടു പറയും: “സീയോനേ, ഭയപ്പെടേണ്ട, നിന്റെ കരങ്ങൾ നിശ്ചലമാകേണ്ടതില്ല. നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്, അവിടന്ന് രക്ഷിക്കാൻ ശക്തൻ. അവിടന്ന് നിന്നിൽ അധികം സന്തോഷിക്കും; യഹോവ തന്റെ സ്നേഹത്തിൽ ഇനിയൊരിക്കലും നിന്നെ ശാസിക്കുകയില്ല, എന്നാൽ സംഗീതത്തോടെ അവിടന്ന് നിന്നിൽ ആനന്ദിക്കും.”