ZEFANIA 3

3
ശിക്ഷയും വീണ്ടെടുപ്പും
1മത്സരിയും മലിനയും മർദകയുമായ യെരൂശലേംനഗരത്തിനു ദുരിതം! 2അവൾ ആരു പറയുന്നതും ചെവിക്കൊള്ളുകയില്ല. അവൾ ശിക്ഷണത്തിനു വഴങ്ങുകയില്ല. അവൾ സർവേശ്വരനിൽ വിശ്വാസം അർപ്പിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്കു തിരിയുന്നില്ല. 3അവളുടെ പ്രഭുക്കന്മാർ ഗർജിക്കുന്ന സിംഹങ്ങളാകുന്നു. അവളുടെ ന്യായാധിപന്മാർ അന്തിക്ക് ഇരപിടിക്കാൻ ഇറങ്ങുന്ന ചെന്നായ്‍ക്കൾ. അവർ പ്രഭാതത്തിലേക്ക് ഒന്നും ശേഷിപ്പിക്കുകയില്ല. 4അവളുടെ പ്രവാചകന്മാർ താന്തോന്നികളും അവിശ്വസ്തരുമാണ്. അവളുടെ പുരോഹിതന്മാർ വിശുദ്ധമായതിനെ അശുദ്ധമാക്കുന്നു. അവർ ദൈവത്തിന്റെ നിയമം ലംഘിക്കുന്നു. 5എങ്കിലും നഗരത്തിനുള്ളിൽ സർവേശ്വരൻ ഉണ്ട്. അവിടുന്നു നീതി പ്രവർത്തിക്കുന്നു. നീതിവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. പ്രഭാതംതോറും മുടങ്ങാതെ അവിടുന്നു തന്റെ ന്യായം വെളിപ്പെടുത്തുന്നു. എന്നാൽ നീതികെട്ടവനു ലജ്ജ എന്തെന്ന് അറിഞ്ഞുകൂടാ.
6“ഞാൻ ജനതകളെ സംഹരിച്ചിരിക്കുന്നു; അവരുടെ കോട്ടകളെ ഞാൻ ശൂന്യമാക്കി; തെരുവീഥികൾ വിജനമാക്കി; അവയിലൂടെ ആരും കടന്നുപോകുന്നില്ല. യാതൊരു മനുഷ്യനും ശേഷിക്കാത്തവിധം അവരുടെ പട്ടണങ്ങളെ ഞാൻ ശൂന്യമാക്കിയിരിക്കുന്നു. 7നിശ്ചയമായും അവൾ എന്നെ ഭയപ്പെടും. എന്റെ ശിക്ഷണം അവൾ സ്വീകരിക്കും. ഞാൻ അവൾക്കു വരുത്തിയ ശിക്ഷകൾ അവൾ കാണാതെപോവുകയില്ല എന്നു ഞാൻ കരുതി. എങ്കിലും കൂടുതൽ ജാഗ്രതയോടെ അവൾ ദുഷ്ടത കാട്ടി.
8അതുകൊണ്ട് “ഞാൻ സാക്ഷ്യം വഹിക്കാൻ എഴുന്നേല്‌ക്കുന്നനാൾവരെ എനിക്കുവേണ്ടി കാത്തിരിക്കുക” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്റെ ക്രോധവും ക്രോധാഗ്നിയും ചൊരിയാൻ ജനതകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു. ഉഗ്രമായ എന്റെ കോപാഗ്നിക്കു ഭൂമി മുഴുവനും ഇരയായിത്തീരും. ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും.
9അങ്ങനെ സകല ജനതകളും സർവേശ്വരന്റെ നാമം വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവിടുത്തെ സേവിക്കാൻ ഇടയാകും. 10എത്യോപ്യയിലെ നദികൾക്ക് അക്കരെനിന്ന്, എന്റെ ആരാധകജനത്തിൽനിന്നു ചിതറിപ്പോയവരുടെ പുത്രിമാർതന്നെ എനിക്കു വഴിപാടു കൊണ്ടുവരും.
11നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികളുടെ പേരിൽ ഞാൻ അന്നു നിന്നെ ലജ്ജിതനാക്കുകയില്ല. കാരണം അഹങ്കരിച്ചു തിമിർത്തവരെ നിങ്ങളുടെ മധ്യത്തിൽനിന്നു ഞാൻ നീക്കിക്കളയും; എന്റെ വിശുദ്ധപർവതത്തിൽ നിങ്ങൾ പിന്നീടു ഗർവു കാട്ടുകയില്ല. 12താഴ്മയും എളിമയുമുള്ള ഒരു ജനതയെ ഞാൻ നിങ്ങളുടെ മധ്യത്തിൽ അവശേഷിപ്പിക്കും. 13ഇസ്രായേലിൽ ശേഷിക്കുന്നവർ അധർമം പ്രവർത്തിക്കുകയില്ല; വ്യാജം സംസാരിക്കുകയുമില്ല; വഞ്ചന അവരുടെ നാവിൽ ഉണ്ടായിരിക്കുകയില്ല. അവർ മേഞ്ഞ് സ്വച്ഛന്ദം വിശ്രമിക്കും. അവരെ ആരും ഭയപ്പെടുത്തുകയില്ല.
ആനന്ദഗാനം
14സീയോൻനിവാസികളേ, ഉറക്കെ പാടുവിൻ; ഇസ്രായേല്യരേ, ആർപ്പുവിളിക്കുവിൻ. യെരൂശലേംനിവാസികളേ, പൂർണഹൃദയത്തോടെ ആനന്ദിച്ചുല്ലസിക്കുക. 15സർവേശ്വരൻ നിങ്ങൾക്കെതിരെയുള്ള വിധി മാറ്റി നിങ്ങളുടെ ശത്രുക്കളെ നീക്കിക്കളഞ്ഞു. ഇസ്രായേലിന്റെ രാജാവായ സർവേശ്വരൻ നിങ്ങളുടെ മധ്യത്തിലുണ്ട്. നിങ്ങൾ ഇനിമേൽ ഒരനർഥവും ഭയപ്പെടേണ്ടതില്ല.
16അന്ന് യെരൂശലേമിനോടു ഭയപ്പെടരുതെന്നും സീയോനോടു നിന്റെ കൈകൾ തളർന്നു പോകരുതെന്നും പറയും. 17നിങ്ങളുടെ ദൈവമായ സർവേശ്വരൻ ജയം നല്‌കുന്ന യോദ്ധാവായി നിങ്ങളുടെ മധ്യത്തിലുണ്ട്; അവിടുന്നു സന്തോഷാധിക്യത്താൽ നിങ്ങളെക്കുറിച്ച് ആനന്ദിക്കും; അവിടുന്ന് സ്നേഹത്താൽ നിങ്ങളെ നവീകരിക്കും. ഉത്സവദിവസത്തിലെന്നപോലെ അവിടുന്നു നിങ്ങളെപ്രതി ആനന്ദഗീതം ഉയർത്തും. 18നിങ്ങളിൽനിന്ന് അനർഥം ഞാൻ നീക്കും; അങ്ങനെ അതുമൂലമുള്ള അപമാനം നിങ്ങൾ നേരിടുകയില്ല; 19കണ്ടുകൊൾക, അന്നാളിൽ നിങ്ങളുടെ മർദകരെ ഞാൻ നേരിടും. ഞാൻ മുടന്തനെ രക്ഷിക്കും. പുറന്തള്ളിയവരെ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജാഭാരത്തെ ഭൂമി മുഴുവൻ വ്യാപിക്കുന്ന സ്തുതിയും കീർത്തിയുമായി മാറ്റും. 20അന്നു ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും; അന്നു ഞാൻ നിങ്ങളെ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുവരും. നിങ്ങൾ കാൺകെ നിങ്ങളുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോൾ ഭൂമിയിലെ എല്ലാ ജനതകൾക്കും ഇടയിൽ നിങ്ങളെ ഞാൻ പേരും പെരുമയും ഉള്ളവരാക്കും.” ഇതു സർവേശ്വരന്റെ വചനം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ZEFANIA 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക