സെഫന്യാവു 3:9-17

സെഫന്യാവു 3:9-17 വേദപുസ്തകം

അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും. കൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭ തന്നേ, എനിക്കു വഴിപാടു കൊണ്ടുവരും. അന്നാളിൽ ഞാൻ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗർവ്വോല്ലസിതന്മാരെ നീക്കിക്കളയും നീ എന്റെ വിശുദ്ധപർവ്വതത്തിൽ ഇനി ഗർവ്വിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോടു അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളുംനിമിത്തം നീ അന്നാളിൽ ലജ്ജിക്കേണ്ടിവരികയില്ല. ഞാൻ നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും. യിസ്രായേലിൽ ശേഷിപ്പുള്ളവർ നീതികേടു പ്രവർത്തിക്കയില്ല; ഭോഷ്കുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായിൽ ഉണ്ടാകയില്ല; അവർ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. സീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല. അന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.