ഉത്തമഗീതം 2:8-14
ഉത്തമഗീതം 2:8-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു. എന്റെ പ്രിയൻ ചെറുമാനിനും കലക്കുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽക്കൂടി ഉളിഞ്ഞു നോക്കുന്നു. എന്റെ പ്രിയൻ എന്നോടു പറഞ്ഞത്: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക. ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക. പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
ഉത്തമഗീതം 2:8-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ, എന്റെ പ്രിയതമന്റെ സ്വരം! മലകൾ താണ്ടിയും കുന്നുകൾ ചാടിയും അവൻ വരുന്നു. എന്റെ പ്രിയതമൻ ചെറുമാനിനും ഇളംകലമാനിനും സമൻ; അവിടുന്നു കിളിവാതിലുകളിലൂടെ ദൃഷ്‍ടി അയയ്‍ക്കുന്നു; അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ടു ഞങ്ങളുടെ ചുവരിനു പിന്നിൽ മറഞ്ഞു നില്‌ക്കുന്നു. എന്റെ പ്രിയതമൻ എന്നോടു പറയുന്നു: “എന്റെ പ്രിയേ, എഴുന്നേല്‌ക്കൂ; എന്റെ സുന്ദരീ, വരിക. ഇതാ, ശീതകാലം കഴിഞ്ഞു; മഴ പെയ്തൊഴിഞ്ഞു. ഭൂമിയിലെങ്ങും പൂക്കാലത്തിന്റെ പുറപ്പാടായി; കളഗാനം കേൾക്കുന്ന കാലം വന്നു. അരിപ്രാവുകൾ കുറുകുന്ന ശബ്ദം നാട്ടിലെങ്ങും കേട്ടുതുടങ്ങി. അത്തിമരം കായ്ച്ചുതുടങ്ങി; മുന്തിരി പൂത്ത് സുഗന്ധം പരത്തുന്നു; പ്രിയേ, എഴുന്നേല്‌ക്കൂ; എന്റെ സുന്ദരീ, വരിക. പാറയുടെ വിള്ളലുകളിലും തൂക്കുപാറക്കെട്ടുകളിലെ മറവിടങ്ങളിലും ഇരിക്കുന്ന എന്റെ മാടപ്രാവേ, നിന്റെ മുഖം ഞാൻ ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം എത്ര മധുരം! നിന്റെ മുഖം എത്ര സുന്ദരം!
ഉത്തമഗീതം 2:8-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു. എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു; അവൻ കിളിവാതിലിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു. എന്‍റെ പ്രിയൻ എന്നോട് പറഞ്ഞത്: “എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്‍റെ സുന്ദരീ, വരിക. ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്‍റെ സുന്ദരീ, വരിക. പാറയുടെ പിളർപ്പിലും പർവ്വതച്ചരിവിന്‍റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
ഉത്തമഗീതം 2:8-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു. എന്റെ പ്രിയൻ ചെറുമാനിന്നും കലക്കുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവൻ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഉളിഞ്ഞുനോക്കുന്നു. എന്റെ പ്രിയൻ എന്നോടു പറഞ്ഞതു: എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക. ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്ക; എന്റെ സുന്ദരീ, വരിക. പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.
ഉത്തമഗീതം 2:8-14 സമകാലിക മലയാളവിവർത്തനം (MCV)
കേൾക്കൂ! എന്റെ പ്രിയരേ, പർവതങ്ങളിലൂടെ തുള്ളിച്ചാടിയും കുന്നുകളിലൂടെ കുതിച്ചുചാടിയും എന്റെ പ്രിയൻ ഇതാ വരുന്നു. എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു. ജനാലകളിലൂടെ നോക്കിക്കൊണ്ട്, അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, ഇതാ, നമ്മുടെ മതിലിനു പുറത്ത് അവൻ നിൽക്കുന്നു. എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു, “എന്റെ പ്രിയേ, എഴുന്നേൽക്കൂ, എന്റെ സുന്ദരീ, എന്നോടൊപ്പം വരിക. നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു മഴക്കാലവും മാറിപ്പോയിരിക്കുന്നു. മണ്ണിൽ മലരുകൾ വിരിയുന്നു; ഗാനാലാപനകാലവും വന്നുചേർന്നിരിക്കുന്നു, പ്രാവുകളുടെ കുറുകലും നമ്മുടെ നാട്ടിൽ കേൾക്കുന്നു. അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു; പൂത്തുലഞ്ഞ മുന്തിരിവള്ളികൾ അതിന്റെ സുഗന്ധം പരത്തുന്നു. എന്റെ പ്രിയേ, എഴുന്നേറ്റുവരിക എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.” പാറപ്പിളർപ്പുകളിൽ, അതേ മലയോരത്തെ ഒളിവിടങ്ങളിൽ ഇരിക്കുന്ന എന്റെ പ്രാവേ, നിന്റെ മുഖം ഞാനൊന്നു കാണട്ടെ, നിൻസ്വരം ഞാനൊന്നു കേൾക്കട്ടെ; കാരണം നിന്റെ സ്വരം മധുരതരവും നിന്റെ മുഖം രമണീയവും ആകുന്നു.