HLA CHHUANVÂWR 2
2
1ശാരോനിലെ പനിനീർമലരാണ് ഞാൻ;
താഴ്വരയിൽ വിരിഞ്ഞ ലില്ലി.
മണവാളൻ
2കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ
മുൾച്ചെടികൾക്കിടയിലെ ലില്ലിപ്പൂവാണ്.
മണവാട്ടി
3യുവാക്കൾക്കിടയിൽ എന്റെ പ്രിയൻ
കാട്ടുമരങ്ങൾക്കിടയിലെ മാതളനാരകം ആകുന്നു.
അതിന്റെ തണലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു.
അതിന്റെ പഴം എനിക്കു മധുരക്കനിയായി.
4പ്രിയൻ എന്നെ വിരുന്നുശാലയിൽ കൊണ്ടുവന്നു;
എനിക്കു മീതെ, പ്രിയന്റെ പ്രേമപതാക പാറി;
5ഞാനോ പ്രേമവിവശ.
മുന്തിരിയട തന്ന് എന്നിൽ ശക്തി പകർന്നാലും;
മാതളപ്പഴം തന്ന് എന്നിൽ ഉന്മേഷം പകർന്നാലും.
6പ്രിയന്റെ ഇടങ്കൈ എനിക്കു തലയണ ആയെങ്കിൽ;
വലങ്കൈ എന്നെ പുണർന്നെങ്കിൽ.
മണവാളൻ
7യെരൂശലേംപുത്രിമാരേ,
വെളിമ്പ്രദേശത്തെ ചെറുകലമാനുകളുടെയും
പേടമാനുകളുടെയും പേരിൽ ഞാൻ നിങ്ങളോടു കെഞ്ചുന്നു;
പ്രേമനിർവൃതിയിൽ മയങ്ങിയ എന്റെ പ്രിയയെ,
മതിതീരും മുമ്പേ വിളിച്ചുണർത്തരുതേ.
ഗീതം രണ്ട്
മണവാട്ടി
8ഇതാ, എന്റെ പ്രിയതമന്റെ സ്വരം!
മലകൾ താണ്ടിയും കുന്നുകൾ ചാടിയും അവൻ വരുന്നു.
9എന്റെ പ്രിയതമൻ ചെറുമാനിനും ഇളംകലമാനിനും സമൻ;
അവിടുന്നു കിളിവാതിലുകളിലൂടെ ദൃഷ്ടി അയയ്ക്കുന്നു;
അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ടു
ഞങ്ങളുടെ ചുവരിനു പിന്നിൽ മറഞ്ഞു നില്ക്കുന്നു.
10എന്റെ പ്രിയതമൻ എന്നോടു പറയുന്നു:
മണവാളൻ
“എന്റെ പ്രിയേ, എഴുന്നേല്ക്കൂ;
എന്റെ സുന്ദരീ, വരിക.
11ഇതാ, ശീതകാലം കഴിഞ്ഞു; മഴ പെയ്തൊഴിഞ്ഞു.
12ഭൂമിയിലെങ്ങും പൂക്കാലത്തിന്റെ പുറപ്പാടായി;
കളഗാനം കേൾക്കുന്ന കാലം വന്നു.
അരിപ്രാവുകൾ കുറുകുന്ന ശബ്ദം നാട്ടിലെങ്ങും കേട്ടുതുടങ്ങി.
13അത്തിമരം കായ്ച്ചുതുടങ്ങി;
മുന്തിരി പൂത്ത് സുഗന്ധം പരത്തുന്നു;
പ്രിയേ, എഴുന്നേല്ക്കൂ;
എന്റെ സുന്ദരീ, വരിക.
14പാറയുടെ വിള്ളലുകളിലും തൂക്കുപാറക്കെട്ടുകളിലെ മറവിടങ്ങളിലും
ഇരിക്കുന്ന എന്റെ മാടപ്രാവേ, നിന്റെ മുഖം ഞാൻ ഒന്നു കാണട്ടെ;
നിന്റെ സ്വരം ഒന്നു കേൾക്കട്ടെ;
നിന്റെ സ്വരം എത്ര മധുരം!
നിന്റെ മുഖം എത്ര സുന്ദരം!
15മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ,
അതെ, ചെറുകുറുനരികളെ ഞങ്ങൾക്കു വേണ്ടി പിടികൂടുക.
നമ്മുടെ മുന്തിരിത്തോട്ടം പൂത്തിരിക്കുന്നു.”
മണവാട്ടി
16എന്റെ പ്രിയതമൻ എനിക്കുള്ളവൻ;
ഞാൻ അവനുള്ളവൾ;
പ്രിയൻ ലില്ലികൾക്കിടയിൽ ആടു മേയ്ക്കുന്നു.
17വെയിലാറി, നിഴൽ നീളും മുമ്പേ
എന്റെ പ്രിയാ, ദുർഗമഗിരികളിലെ ചെറുമാനിനെപ്പോലെ,
കലമാൻ കിടാവിനെപ്പോലെ മടങ്ങിവരിക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
HLA CHHUANVÂWR 2: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.