ഉത്ത. 2
2
മണവാട്ടി
1ഞാൻ ശാരോനിലെ#2:1 ശാരോനിലെ ശാരോന്‍ യിസ്രായേലിന്റെ ഒരു പ്രവിശ്യയും മധ്യധരണിതീരത്തോട് അടുത്തു കിടക്കുന്നതുമായ ഒരു സ്ഥലം. ഓക്ക്മരങ്ങളാല് നിറയപ്പെട്ട പ്രദേശം. യെശയ്യാവു 35:2; 65:10 നോക്കുക. പനിനീർപുഷ്പവും
താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
മണവാളൻ
2മുള്ളുകളുടെ ഇടയിൽ താമരപോലെ
കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
മണവാട്ടി
3കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ
യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു;
അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു;
അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു.
4അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു;
എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
5ഞാൻ പ്രേമവിവശയായിരിക്കുകയാൽ
മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ;
നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ.
6അവന്റെ ഇടംകൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ;
അവന്റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.
7യെരൂശലേം പുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ,
പ്രേമത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.
ഗീതം രണ്ട്
മണവാട്ടി
8അതാ, എന്റെ പ്രിയന്റെ സ്വരം!
അവൻ മലകളിന്മേൽ ചാടിയും
കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു.
9എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ;
ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു;
അവൻ കിളിവാതിലിലൂടെ നോക്കുന്നു;
അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു.
10എന്റെ പ്രിയൻ എന്നോട് പറഞ്ഞത്:
“എന്റെ പ്രിയേ, എഴുന്നേല്ക്കുക;
എന്റെ സുന്ദരീ, വരിക.
11ശീതകാലം കഴിഞ്ഞു;
മഴയും മാറിപ്പോയല്ലോ.
12പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു;
വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു;
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13അത്തിക്കായ്കൾ പഴുക്കുന്നു;
മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു;
എന്റെ പ്രിയേ, എഴുന്നേല്ക്കുക;
എന്റെ സുന്ദരീ, വരിക.
14പാറയുടെ പിളർപ്പിലും
പർവ്വതച്ചരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,
ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ;
നിന്റെ സ്വരം ഒന്നു കേൾക്കട്ടെ;
നിന്റെ സ്വരം ഇമ്പമുള്ളതും
മുഖം സൗന്ദര്യമുള്ളതും ആകുന്നു.
15ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ
മുന്തിരിവള്ളി നശിപ്പിക്കുന്ന
കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ#2:15 ചെറുകുറുക്കന്മാരെത്തന്നെ യുവതിയായ സ്ത്രീയുടെ സ്നേഹം ലഭിക്കുവാന്‍ വേണ്ടി മത്സരിക്കുന്ന മറ്റ് ചെറുപ്പക്കാരെയാണ് ചെറു കുറുക്കന്മാര് എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത്
പിടിച്ചുതരുവിൻ.“
16എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ;
അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
17വെയിലാറി, നിഴൽ കാണാതെയാകുവോളം,
എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ
ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉത്ത. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.