ഉത്ത. 3
3
1രാത്രിസമയത്ത് എന്‍റെ കിടക്കയിൽ
ഞാൻ എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
2ഞാൻ എഴുന്നേറ്റ് നഗരത്തിൽ സഞ്ചരിച്ചു;
“വീഥികളിലും വിശാലസ്ഥലങ്ങളിലും
എന്‍റെ പ്രാണപ്രിയനെ അന്വേഷിക്കും” എന്നു ഞാൻ പറഞ്ഞു;
ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
3നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു;
“എന്‍റെ പ്രാണപ്രിയനെ കണ്ടുവോ”
എന്നു ഞാൻ അവരോട് ചോദിച്ചു.
4അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ
ഞാൻ എന്‍റെ പ്രാണപ്രിയനെ കണ്ടു.
ഞാൻ അവനെ പിടിച്ച്, എന്‍റെ അമ്മയുടെ വീട്ടിലേക്കും
എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.
5യെരൂശലേം പുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ,
പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്.
ഗീതം മൂന്ന്
മണവാട്ടി
6മൂറും കുന്തുരുക്കവും കൊണ്ടും
കച്ചവടക്കാരന്‍റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും
പരിമളമാക്കപ്പെട്ട പുകത്തൂൺപോലെ
മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവൻ ആര്‍?
7ശലോമോന്‍റെ പല്ലക്ക് തന്നെ;
യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്‍റെ ചുറ്റും ഉണ്ട്.
8അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ;
രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്ക് വാൾ കെട്ടിയിരിക്കുന്നു.
9ശലോമോൻ രാജാവ് ലെബാനോനിലെ മരംകൊണ്ട്
തനിക്കു ഒരു പല്ലക്ക് ഉണ്ടാക്കി.
10അതിന്‍റെ തൂണുകൾ അവൻ വെള്ളികൊണ്ടും
ചാര് പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി;
അതിന്‍റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട്
ചിത്രലിഖിതമായിരിക്കുന്നു.
11സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു
ശലോമോൻരാജാവിനെ അവന്‍റെ കല്യാണ ദിവസത്തിൽ,
അവന്‍റെ ഹൃദയത്തിന്‍റെ ആനന്ദദിവസത്തിൽ തന്നെ,
അവന്‍റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടി അവനെ കാണുവിൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഉത്ത. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.