രൂത്ത് 2:5-12
രൂത്ത് 2:5-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൊയ്ത്തുകാരുടെ മേലാളായ ഭൃത്യനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു. കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്‍ദേശത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു; ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്ന് അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്ന് ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളൂ എന്നുത്തരം പറഞ്ഞു. ബോവസ് രൂത്തിനോട്: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക. അവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്ന് ബാല്യക്കാർ കോരിവച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു. എന്നാറെ അവൾ സാഷ്ടാംഗം വീണ് അവനോട്: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്ക് എന്നോടു ദയ തോന്നിയത് എങ്ങനെ എന്നു പറഞ്ഞു. ബോവസ് അവളോട്: നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മയ്ക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ട്, മുമ്പേ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു. നിന്റെ പ്രവൃത്തിക്ക് യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്ക് അവൻ പൂർണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
രൂത്ത് 2:5-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രൂത്തിനെ കണ്ടപ്പോൾ അവൾ ആരെന്ന് കൊയ്ത്തിന്റെ മേൽനോട്ടക്കാരനോട് ചോദിച്ചു. “ഇവളാണ് നവോമിയുടെകൂടെ വന്ന മോവാബുകാരി; കറ്റകൾക്കിടയിൽ കൊയ്ത്തുകാരുടെ പിന്നിൽനിന്നു കാലാ പെറുക്കാൻ അവൾ അനുവാദം ചോദിച്ചു. രാവിലെ തുടങ്ങി ഒട്ടും സമയം കളയാതെ ഇതുവരെയും അവൾ പെറുക്കിക്കൊണ്ടിരിക്കുകയാണ്.” അയാൾ മറുപടി പറഞ്ഞു. ഇതു കേട്ടു ബോവസ് രൂത്തിനോടു പറഞ്ഞു: “മകളേ, കേൾക്കൂ, കാലാ പെറുക്കാൻ മറ്റൊരു വയലിലും നീ പോകണ്ടാ; കൊയ്ത്തു നീങ്ങുന്നതനുസരിച്ചു മറ്റു സ്‍ത്രീകളോടൊപ്പം നിനക്കും കാലാ പെറുക്കാം; ആരും നിന്നെ ശല്യപ്പെടുത്തരുതെന്നു ജോലിക്കാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ദാഹിക്കുമ്പോൾ ഇവിടെ കോരിവച്ചിട്ടുള്ള വെള്ളം കുടിച്ചുകൊള്ളുക.” രൂത്ത് താണുവീണു ബോവസിനെ വണങ്ങിക്കൊണ്ടു ചോദിച്ചു: “ഒരു പരദേശിയായ എന്നോട് അങ്ങ് ഇത്രയ്‍ക്കു ദയകാണിക്കാൻ കാരണം എന്ത്?” ബോവസ് മറുപടി നല്‌കി: “നിന്റെ ഭർത്താവു മരിച്ചശേഷം ഭർത്തൃമാതാവിനോടു നീ എങ്ങനെ പെരുമാറിയെന്നു ഞാൻ കേട്ടു. സ്വന്തം പിതാവിനെയും മാതാവിനെയും ജന്മദേശവും വിട്ടു നിനക്ക് ഒരു പരിചയവും ഇല്ലാത്ത ഈ അന്യനാട്ടിലേക്കു നീ വന്ന വിവരവും ഞാൻ അറിഞ്ഞു; സർവേശ്വരൻ നിന്റെ പ്രവൃത്തിക്ക് തക്ക പ്രതിഫലം നല്‌കട്ടെ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ നിന്നെ സമ്പൂർണമായി അനുഗ്രഹിക്കട്ടെ; അവിടുത്തെ അടുക്കലാണല്ലോ നീ അഭയം തേടിയിരിക്കുന്നത്.”
രൂത്ത് 2:5-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കൊയ്ത്തുകാരുടെ ചുമതലയുള്ള ദാസനോട്: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു. അതിന് ആ ദാസൻ: “ഇവൾ മോവാബ് ദേശത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു; ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു. അല്പനേരം വീട്ടിൽ വിശ്രമിക്കുന്നതിന് മുന്‍പ് അവൾ രാവിലെ മുതൽ ഇപ്പോൾ വരെ പെറുക്കിക്കൊണ്ടിരിക്കുകയായിരുന്നു” എന്നുത്തരം പറഞ്ഞു. ബോവസ് രൂത്തിനോടു: “കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകണ്ടാ; ഇവിടം വിടുകയും വേണ്ടാ, ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക. അവർ കൊയ്യുന്ന നിലത്തിന്മേൽ ശ്രദ്ധവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ട്. നിനക്ക് ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽ നിന്ന് കുടിച്ചുകൊൾക” എന്നു പറഞ്ഞു. എന്നാറെ അവൾ നിലത്തു കവിണ്ണുവീണു നമസ്കരിച്ചുകൊണ്ട് അവനോട്: “അന്യദേശക്കാരത്തി ആയിരിക്കെ എന്നെ കരുതിയതും എന്നോട് ദയ കാണിച്ചതും എന്തുകൊണ്ട്” എന്നു ചോദിച്ചു. ബോവസ് അവളോടു: “നിന്‍റെ ഭർത്താവിന്റെ മരണശേഷം നീ നിന്‍റെ അമ്മാവിയമ്മെക്കു ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വന്ത ദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ഒരു ജനത്തിന്‍റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു. നിന്റെ പ്രവൃത്തിക്കു യഹോവ പകരം നൽകുമാറാകട്ടെ. യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴിൽ നീ ആശ്രയിച്ചുവന്നിരിക്കുന്നതു കൊണ്ട് അവിടുന്ന് നിനക്ക് പൂർണപ്രതിഫലം തരുമാറാകട്ടെ” എന്നുത്തരം പറഞ്ഞു.
രൂത്ത് 2:5-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു. കൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു; ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു. ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക. അവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്നു ഞാൻ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു. എന്നാറെ അവൾ സാഷ്ടാംഗം വീണു അവനോടു: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു. ബോവസ് അവളോടു: നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു. നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
രൂത്ത് 2:5-12 സമകാലിക മലയാളവിവർത്തനം (MCV)
ബോവസ് കൊയ്ത്തുകാരുടെ മേൽനോട്ടക്കാരനായ ഭൃത്യനോട്: “ആ യുവതി ഏതു കുടുംബത്തിലെയാണ്?” എന്നു ചോദിച്ചു. മേൽനോട്ടക്കാരൻ അദ്ദേഹത്തോട്, “നവൊമിയോടൊപ്പം മോവാബിൽനിന്നു വന്ന മോവാബ്യസ്ത്രീയാണവൾ. ‘കൊയ്ത്തുകാരുടെ പിന്നാലെ കാലാപെറുക്കാൻ ദയവായി എന്നെ അനുവദിച്ചാലും’ എന്ന് അവൾ അപേക്ഷിച്ചു. അങ്ങനെ അവൾ രാവിലെമുതൽ വയലിൽ കാലാപെറുക്കുന്നു. അൽപ്പസമയമേ അവൾ വിശ്രമിച്ചുള്ളൂ” എന്ന് ഉത്തരംനൽകി. അപ്പോൾ ബോവസ് രൂത്തിനോട്: “എന്റെ മോളേ, ശ്രദ്ധിക്കുക. കാലാപെറുക്കാൻ മറ്റൊരു വയലിൽ പോകേണ്ട. ഇവിടം വിട്ടുപോകുകയേ വേണ്ട. ഇവിടെ എന്റെ ജോലിക്കാരൊടൊപ്പം കൂടിക്കൊള്ളൂ. കൊയ്ത്തുകാരായ പുരുഷന്മാർ കൊയ്യുന്ന സ്ഥലം ശ്രദ്ധിച്ച്, ജോലിക്കാരികളോടൊപ്പം പൊയ്ക്കൊള്ളൂ. നിന്നെ ഉപദ്രവിക്കരുതെന്ന് ജോലിക്കാരായ യുവാക്കളോട് ഞാൻ കൽപ്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോഴൊക്കെ, അവർ വെള്ളം കോരിനിറച്ച പാത്രങ്ങളിൽനിന്ന് കോരി കുടിച്ചുകൊള്ളൂ” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ അവൾ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് അദ്ദേഹത്തോട്: “ഞാൻ ഒരു അന്യദേശക്കാരിയായിട്ടും എന്നെ ശ്രദ്ധിക്കത്തക്കവണ്ണം അങ്ങേക്ക് എന്നോടു ദയ തോന്നിയത് എന്ത്?” എന്നു ചോദിച്ചു. മറുപടിയായി, “നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും നീ നിന്റെ മാതാപിതാക്കളെയും നിന്റെ സ്വന്തം ദേശത്തെയും വിട്ടിട്ട് നിനക്ക് അപരിചിതമായ ഒരു ജനത്തിന്റെ മധ്യത്തിൽ പാർക്കുന്നതും ഞാൻ കേട്ടിരിക്കുന്നു. നീ ചെയ്തതിനു തക്കവണ്ണം യഹോവ നിനക്കു പ്രതിഫലം തരട്ടെ. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ശരണം പ്രാപിച്ചിരിക്കുകയാൽ അവിടന്ന് നിന്നെ അത്യധികമായി അനുഗ്രഹിക്കട്ടെ” എന്നു ബോവസ് പറഞ്ഞു.