RUTHI 2

2
രൂത്ത് ബോവസിന്റെ വയലിൽ
1നവോമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ ബോവസ് എന്ന പ്രമുഖനായ ഒരു ബന്ധു ഉണ്ടായിരുന്നു. 2ഒരിക്കൽ രൂത്ത് നവോമിയോടു ചോദിച്ചു: “ഞാൻ ഏതെങ്കിലും വയലിൽ പോയി #2:2 കാലാ പെറുക്കൽ = കൊയ്ത്തു കഴിയുമ്പോൾ വയലിൽ അങ്ങിങ്ങായി അവശേഷിക്കുന്ന കതിരുകൾ ശേഖരിക്കുന്നതിനെ ‘കാലാ പെറുക്കൽ’ എന്നു പറയുന്നു; സാധുക്കൾക്ക് ഇവ പെറുക്കിയെടുക്കാൻ യെഹൂദനിയമം അനുവദിച്ചിരുന്നു.കാലാ പെറുക്കട്ടെ; അതിന് എന്നെ ആരും വിലക്കുകയില്ല.” നവോമി സമ്മതം നല്‌കി. 3അവൾ കൊയ്ത്തുനടക്കുന്ന ഒരു വയലിൽ പോയി കാലാ പെറുക്കാൻ തുടങ്ങി. അത് ബേത്‍ലഹേംകാരൻ ബോവസിന്റെ വയൽ ആയിരുന്നു. 4അല്പസമയം കഴിഞ്ഞപ്പോൾ ബോവസ് അവിടെ എത്തി ജോലിക്കാരോട്: “സർവേശ്വരൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കട്ടെ” എന്ന് അഭിവാദനം ചെയ്തു. “സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ” എന്ന് അവരും പറഞ്ഞു. 5രൂത്തിനെ കണ്ടപ്പോൾ അവൾ ആരെന്ന് കൊയ്ത്തിന്റെ മേൽനോട്ടക്കാരനോട് ചോദിച്ചു. 6“ഇവളാണ് നവോമിയുടെകൂടെ വന്ന മോവാബുകാരി; 7കറ്റകൾക്കിടയിൽ കൊയ്ത്തുകാരുടെ പിന്നിൽനിന്നു കാലാ പെറുക്കാൻ അവൾ അനുവാദം ചോദിച്ചു. രാവിലെ തുടങ്ങി ഒട്ടും സമയം കളയാതെ ഇതുവരെയും അവൾ പെറുക്കിക്കൊണ്ടിരിക്കുകയാണ്.” അയാൾ മറുപടി പറഞ്ഞു. 8ഇതു കേട്ടു ബോവസ് രൂത്തിനോടു പറഞ്ഞു: 9“മകളേ, കേൾക്കൂ, കാലാ പെറുക്കാൻ മറ്റൊരു വയലിലും നീ പോകണ്ടാ; കൊയ്ത്തു നീങ്ങുന്നതനുസരിച്ചു മറ്റു സ്‍ത്രീകളോടൊപ്പം നിനക്കും കാലാ പെറുക്കാം; ആരും നിന്നെ ശല്യപ്പെടുത്തരുതെന്നു ജോലിക്കാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ദാഹിക്കുമ്പോൾ ഇവിടെ കോരിവച്ചിട്ടുള്ള വെള്ളം കുടിച്ചുകൊള്ളുക.” 10രൂത്ത് താണുവീണു ബോവസിനെ വണങ്ങിക്കൊണ്ടു ചോദിച്ചു: “ഒരു പരദേശിയായ എന്നോട് അങ്ങ് ഇത്രയ്‍ക്കു ദയകാണിക്കാൻ കാരണം എന്ത്?” 11ബോവസ് മറുപടി നല്‌കി: “നിന്റെ ഭർത്താവു മരിച്ചശേഷം ഭർത്തൃമാതാവിനോടു നീ എങ്ങനെ പെരുമാറിയെന്നു ഞാൻ കേട്ടു. സ്വന്തം പിതാവിനെയും മാതാവിനെയും ജന്മദേശവും വിട്ടു നിനക്ക് ഒരു പരിചയവും ഇല്ലാത്ത ഈ അന്യനാട്ടിലേക്കു നീ വന്ന വിവരവും ഞാൻ അറിഞ്ഞു; 12സർവേശ്വരൻ നിന്റെ പ്രവൃത്തിക്ക് തക്ക പ്രതിഫലം നല്‌കട്ടെ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ നിന്നെ സമ്പൂർണമായി അനുഗ്രഹിക്കട്ടെ; അവിടുത്തെ അടുക്കലാണല്ലോ നീ അഭയം തേടിയിരിക്കുന്നത്.” 13അവൾ പറഞ്ഞു: “അങ്ങ് എന്നോടു എത്രമാത്രം ദയ കാട്ടിയിരിക്കുന്നു! അങ്ങയുടെ ഒരു ജോലിക്കാരിയാകാൻ പോലും ഞാൻ യോഗ്യയല്ലെങ്കിലും എന്നോടു ദയതോന്നി അങ്ങു പറഞ്ഞ വാക്കുകൾ എന്നെ സമാശ്വസിപ്പിച്ചിരിക്കുന്നു.” 14ഭക്ഷണസമയമായപ്പോൾ ബോവസ് അവളെ അരികെ വിളിച്ചു. അപ്പമെടുത്തു ചാറിൽമുക്കി ഭക്ഷിച്ചുകൊള്ളാൻ പറഞ്ഞു. അവൾ കൊയ്ത്തുകാരുടെ സമീപം ഇരുന്നു ഭക്ഷണം കഴിച്ചു; ബോവസ് അവൾക്കു മലർ കൊടുത്തു; അവൾ ഭക്ഷിച്ചു തൃപ്തയായി, ശേഷിപ്പിക്കുകയും ചെയ്തു. 15കാലാ പെറുക്കാൻ അവൾ വീണ്ടും എഴുന്നേറ്റപ്പോൾ ബോവസ് ജോലിക്കാരോട് ആജ്ഞാപിച്ചു: 16“അവൾ കറ്റകൾക്കിടയിൽനിന്നുകൂടി പെറുക്കിക്കൊള്ളട്ടെ; അവളെ ശാസിക്കുകയോ ശല്യപ്പെടുത്തുകയോ അരുത്. അവൾക്കു പെറുക്കാൻ കറ്റകളിൽനിന്നു കുറെ കതിരു വലിച്ചെടുത്ത് ഇട്ടേക്കണം.” 17ഇങ്ങനെ രൂത്ത് സന്ധ്യവരെയും വയലിൽ കാലാ പെറുക്കി. അതു മെതിച്ചപ്പോൾ ഏകദേശം ഒരു #2:17 ഒരു ഏഫാ = ഒരു പറ.ഏഫാ ബാർലി ഉണ്ടായിരുന്നു. 18അതെടുത്തുകൊണ്ട് അവൾ പട്ടണത്തിൽ തിരിച്ചെത്തി നവോമിയെ കാണിച്ചു. ഭക്ഷണസമയത്ത് അധികം വന്ന മലര് അവൾ നവോമിക്ക് കൊടുത്തു. 19നവോമി രൂത്തിനോടു പറഞ്ഞു: “ഇന്നു നീ ആരുടെ വയലിലാണ് കാലാ പെറുക്കിയത്? ഇന്നു നിന്നോടു താൽപര്യം കാണിച്ചവനെ ദൈവം അനുഗ്രഹിക്കട്ടെ.” “ബോവസിന്റെ വയലിലായിരുന്നു കാലാ പെറുക്കിയതെന്ന്” രൂത്ത് നവോമിയെ അറിയിച്ചു. 20അപ്പോൾ നവോമി പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണകാട്ടുന്ന അദ്ദേഹത്തെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. നമ്മെ വീണ്ടെടുക്കാൻ കടപ്പാടുള്ള ബന്ധുക്കളിൽ ഒരാളാണ് അദ്ദേഹം.” 21“കൊയ്ത്തു മുഴുവൻ തീരുന്നതുവരെ തന്റെ വയലിൽ വേലക്കാരോടൊത്ത് കാലാ പെറുക്കാൻ അദ്ദേഹം എന്നെ അനുവദിച്ചിട്ടുണ്ടെന്നു” രൂത്തു പറഞ്ഞു. 22നവോമി പറഞ്ഞു: “മകളേ, കൊള്ളാം; അദ്ദേഹത്തിന്റെ വയലിൽ കാലാ പെറുക്കാൻ പോകുന്നതാണു നല്ലത്. മറ്റു വല്ല വയലിലുമാണെങ്കിൽ ആരെങ്കിലും നിന്നെ ശല്യപ്പെടുത്തിയേക്കാം.” 23അങ്ങനെ നവോമിയോടൊത്തു താമസിച്ചുകൊണ്ടു ബാർലിയുടെയും കോതമ്പിന്റെയും കൊയ്ത്തു തീരുന്നതുവരെ ബോവസിന്റെ വയലിൽ രൂത്ത് കാലാ പെറുക്കി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

RUTHI 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക