RUTHI 3

3
രൂത്തിന് ഒരു സംരക്ഷകൻ
1പിന്നീട് നവോമി രൂത്തിനോട് പറഞ്ഞു: “മകളേ, നിന്റെ ഭാവിയുടെ ഭദ്രതയ്‍ക്കുവേണ്ടി ഞാൻ നിനക്ക് ഒരു ഭർത്താവിനെ കണ്ടുപിടിക്കട്ടെ.” 2നവോമി തുടർന്നു: “നമ്മുടെ ബന്ധുവായ ബോവസിന്റെ വയലിലാണല്ലോ നീ കാലാ പെറുക്കിയത്; അദ്ദേഹം ഇന്നു സന്ധ്യക്കു വരുന്നുണ്ട്. 3നീ കുളിച്ചു സുഗന്ധദ്രവ്യങ്ങൾ പൂശി നല്ല വസ്ത്രങ്ങൾ അണിഞ്ഞു കളത്തിൽ ചെല്ലുക. അദ്ദേഹം ഭക്ഷണം കഴിച്ചു തീരുന്നതുവരെ നീ അവിടെ ഉണ്ടെന്ന് അറിയരുത്. 4അദ്ദേഹം ഉറങ്ങാൻ കിടക്കുന്ന സ്ഥലം നീ നോക്കിവയ്‍ക്കണം. പിന്നീടു നീ ചെന്ന് അദ്ദേഹത്തിന്റെ കാലിൽനിന്നു പുതപ്പു മാറ്റി അവിടെ നീയും കിടക്കുക. നീ എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതരും.” 5-6അങ്ങനെ ചെയ്യാമെന്നു രൂത്ത് സമ്മതിച്ചു; അവൾ കളത്തിൽ പോയി നവോമി പറഞ്ഞതുപോലെ എല്ലാം ചെയ്തു. അത്താഴം കഴിഞ്ഞ് ബോവസ് സന്തുഷ്ടനായി ധാന്യക്കൂമ്പാരത്തിന്റെ അരികിൽ ചെന്നുകിടന്നു. 7അവൾ മെല്ലെ അടുത്തുചെന്നു കാലിൽനിന്നു പുതപ്പു മാറ്റി അവിടെ കിടന്നു. 8അർധരാത്രിയിൽ ബോവസ് ഞെട്ടി ഉണർന്നു തിരിഞ്ഞുനോക്കിയപ്പോൾ ഒരു സ്‍ത്രീ തന്റെ കാൽക്കൽ കിടക്കുന്നതു കണ്ടു. 9“നീ ആരാണ്?” അദ്ദേഹം ചോദിച്ചു. “അങ്ങയുടെ ദാസിയായ രൂത്ത് ആണ് ഞാൻ. അങ്ങ് എന്നെ വീണ്ടെടുക്കാൻ കടപ്പെട്ടവനാണല്ലോ. അതുകൊണ്ട് അങ്ങയുടെ പുതപ്പ് എന്റെമേൽ ഇടണമേ” എന്നു രൂത്ത് പറഞ്ഞു. 10അതിനു മറുപടിയായി ബോവസ് പറഞ്ഞു: “സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ. ഇപ്പോൾ നീ കാണിച്ചിരിക്കുന്ന സ്നേഹം ആദ്യത്തേതിലും മികച്ചതാണ്; ധനികനോ ദരിദ്രനോ ആയ ഒരു യുവാവിനു പിന്നാലെ പോകാതെ നീ എന്റെ അടുക്കൽ വന്നതു നന്നായി. 11മകളേ, ഭയപ്പെടേണ്ടാ; നിനക്കു വേണ്ടതെല്ലാം ഞാൻ ചെയ്തുതരും; നീ നല്ലവളാണെന്ന് ഈ പട്ടണത്തിലുള്ള എന്റെ ആളുകൾക്കെല്ലാം അറിയാം. 12ഞാൻ ബന്ധുവാണെന്നു നീ പറയുന്നതു ശരിതന്നെ. എന്നാൽ എന്നെക്കാൾ അടുത്ത മറ്റൊരു ബന്ധു നിനക്കുണ്ട്. ഈ രാത്രിയിൽ നീ ഇവിടെത്തന്നെ ഉറങ്ങുക. രാവിലെ അയാൾ നിന്നോടുള്ള കടമ നിറവേറ്റുമെങ്കിൽ അങ്ങനെയാകട്ടെ. 13ഇല്ലെങ്കിൽ ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാമെന്നു സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്യുന്നു; ഏതായാലും വെളുക്കുവോളം ഇവിടെ കിടന്നുകൊള്ളുക.” 14പുലരുംവരെ അവൾ അദ്ദേഹത്തിന്റെ കാല്‌ക്കൽ കിടന്നു. ഒരു സ്‍ത്രീ കളത്തിൽ വന്നിരുന്നതായി ആരും അറിയരുതെന്നു ബോവസ് ആഗ്രഹിച്ചു. അതിരാവിലെ ആൾ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്നതിനുമുമ്പ് അവൾ എഴുന്നേറ്റു. 15അവളുടെ മേലങ്കി നിവർത്തിപ്പിടിക്കാൻ ബോവസ് ആവശ്യപ്പെട്ടു; അതിൽ ആറ് ഇടങ്ങഴി ബാർലി അദ്ദേഹം അളന്നു കെട്ടി ചുമലിൽ വച്ചുകൊടുത്തു. അവൾ പട്ടണത്തിലേക്കു മടങ്ങിപ്പോയി. 16രൂത്തിനെ കണ്ടപ്പോൾ നവോമി ചോദിച്ചു: “മകളേ, നീ പോയ കാര്യമെന്തായി?” ബോവസ് അവൾക്കുവേണ്ടി ചെയ്തതെല്ലാം അവൾ വിവരിച്ചു: 17“അമ്മയുടെ അടുക്കലേക്കു വെറുംകൈയോടെ പോകരുത് എന്നു പറഞ്ഞ് ഇത്രയും ബാർലി തന്നയച്ചു” എന്നും പറഞ്ഞു. 18“മകളേ, ഇനി കാര്യങ്ങൾ എങ്ങനെ ആയിത്തീരുമെന്നു വ്യക്തമാകുന്നതുവരെ കാത്തിരിക്കുക; ഇന്ന് ഇക്കാര്യത്തിന് ഒരു തീരുമാനം ഉണ്ടാകുന്നതുവരെ അയാൾ അടങ്ങിയിരിക്കുകയില്ല” എന്നു നവോമി പറഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

RUTHI 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക