RUTHI 4

4
ബോവസും രൂത്തും വിവാഹിതരാകുന്നു
1ബോവസ് നഗരവാതില്‌ക്കലേക്കു പോയി അവിടെ ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ബോവസ് രൂത്തിനോടു സൂചിപ്പിച്ചിരുന്ന ബന്ധു അതുവഴി വന്നു. ബോവസ് അയാളെ വിളിച്ച് അവിടെ ഇരുത്തി; 2പത്തു നഗരപ്രമാണികളെക്കൂടി ബോവസ് ക്ഷണിച്ചു. അവർ ഇരുന്നശേഷം ബോവസ് ബന്ധുവിനോടു പറഞ്ഞു: 3“മോവാബിൽനിന്നു തിരിച്ചെത്തിയിരിക്കുന്ന നവോമി നമ്മുടെ ബന്ധുവായ എലീമേലെക്കിന്റെ വയൽ വിൽക്കാൻ പോകുകയാണ്; ഇക്കാര്യം നിന്നെ അറിയിക്കാമെന്നു ഞാൻ വിചാരിച്ചു. 4നീ ആ സ്ഥലം വീണ്ടെടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ നഗരപ്രമാണികളുടെയും ഇവിടെ കൂടിയിരിക്കുന്ന മറ്റുള്ളവരുടെയും മുൻപാകെ അതു പറയുക; സാധിക്കുകയില്ലെങ്കിൽ അതും എനിക്കറിയണം. അതു വീണ്ടെടുക്കാനുള്ള പ്രധാന അവകാശി നീ ആണ്. ഞാൻ കുറേക്കൂടെ അകന്ന ബന്ധുവാണല്ലോ.” “ഞാനതു വീണ്ടെടുക്കാം” എന്നു ബന്ധു ഉത്തരം നല്‌കി. 5അപ്പോൾ ബോവസ് പറഞ്ഞു: “നീ ആ വയൽ വാങ്ങുമ്പോൾ മരിച്ചുപോയവന്റെ പേര് അവകാശികളിലൂടെ നിലനിർത്താൻ വിധവയായ മോവാബുകാരി രൂത്തിനെ സ്വീകരിക്കുകയും വേണം. അവന്റെ അവകാശം നിലനിർത്താൻ അതാണു വഴി.” 6അപ്പോൾ ആ ബന്ധു പറഞ്ഞു: “അത് എനിക്കു സാധ്യമല്ല; ഞാൻ ആ സ്ഥലം വീണ്ടെടുത്താൽ എന്റെ പിതൃസ്വത്ത് നഷ്ടപ്പെടുത്തേണ്ടിവരും. അതുകൊണ്ടു ഞാൻ അതു വാങ്ങുന്നില്ല; വീണ്ടെടുക്കാനുള്ള എന്റെ അവകാശം ഞാൻ നിനക്കു വിട്ടുതരുന്നു.” 7വസ്തുക്കൾ വീണ്ടെടുക്കുമ്പോഴും വീണ്ടെടുപ്പവകാശം കൈമാറുമ്പോഴും ഇടപാടു ഉറപ്പിക്കാൻ അവകാശം ലഭിക്കുന്നവന് മറ്റേയാൾ തന്റെ ചെരുപ്പ് ഊരിക്കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. 8അങ്ങനെ ആ ബന്ധു തന്റെ വീണ്ടെടുപ്പവകാശം കൈമാറിക്കൊണ്ട് തന്റെ ചെരുപ്പൂരി ബോവസിനു കൊടുത്തു. 9അപ്പോൾ ബോവസ് അവിടെ കൂടിയിരുന്ന നഗരപ്രമാണികളോടും മറ്റുള്ളവരോടും ഇപ്രകാരം പറഞ്ഞു: “എലീമേലെക്കിനും അദ്ദേഹത്തിന്റെ മരണശേഷം പുത്രന്മാരായ കില്യോൻ, മഹ്‍ലോൻ എന്നിവർക്കും അവകാശപ്പെട്ടിരുന്ന സകലതും ഞാൻ നവോമിയിൽനിന്നു വാങ്ങിയിരിക്കുന്നു. നിങ്ങൾ അതിനു സാക്ഷികളാണ്. 10സ്വന്തം നാട്ടിലും കുടുംബത്തിലും പരേതന്റെ വംശവും അവകാശവും നിലനിർത്താനായി മഹ്‍ലോന്റെ ഭാര്യ മോവാബുകാരിയായ രൂത്തിനെ എന്റെ ഭാര്യയായി ഞാൻ സ്വീകരിക്കുന്നു. ഇതിന് നിങ്ങൾ സാക്ഷികൾ.” 11നഗരപ്രമാണികളും മറ്റുള്ളവരും പറഞ്ഞു: “ഞങ്ങൾതന്നെ സാക്ഷികൾ, നിന്റെ ഭാര്യയെ സർവേശ്വരൻ റാഹേലിനെയും ലേയായെയും എന്നപോലെ അനുഗ്രഹിക്കട്ടെ. അവരാണല്ലോ ഇസ്രായേൽവംശത്തിന്റെ പൂർവമാതാക്കൾ. എഫ്രാത്തിൽ നീ ധനികനും ബേത്‍ലഹേമിൽ നീ പ്രസിദ്ധനും ആയിത്തീരട്ടെ. 12നിന്റെ സന്താനങ്ങൾ യെഹൂദായുടെയും താമാറിന്റെയും മകനായ ഫേരസിനെപ്പോലെ സന്താനസമൃദ്ധിയുള്ളവരാകട്ടെ.”
രൂത്തിനു പുത്രൻ ജനിക്കുന്നു
13അങ്ങനെ ബോവസ് രൂത്തിനെ ഭാര്യയായി സ്വീകരിച്ചു. സർവേശ്വരൻ അവളെ അനുഗ്രഹിച്ചു; അവൾക്ക് ഒരു മകൻ ജനിച്ചു; അപ്പോൾ സ്‍ത്രീകൾ നവോമിയോടു പറഞ്ഞു: 14“കുടുംബം നിലനിർത്താൻ ഒരു കുഞ്ഞിനെ നിങ്ങൾക്കു തന്ന സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ! ഈ കുഞ്ഞ് ഇസ്രായേലിൽ പ്രസിദ്ധനായിത്തീരട്ടെ! 15നിന്റെ മരുമകൾ നിന്നെ സ്നേഹിക്കുന്നു. ഏഴു പുത്രന്മാരെക്കാൾ അധികമായി നിന്നെ കരുതുന്നവൾ ആണല്ലോ അവനെ പ്രസവിച്ചിരിക്കുന്നത്. അവൻ നിനക്ക് പുതുജീവൻ നല്‌കി; വാർധക്യത്തിൽ അവൻ നിന്നെ പരിപാലിക്കും.” 16ഉടനെ നവോമി ശിശുവിനെ എടുത്തു മാറോടണച്ചു; 17അയൽക്കാരികൾ: “നവോമിക്ക് ഒരു മകൻ പിറന്നു” എന്നു പറഞ്ഞു. അവർ കുഞ്ഞിന് ‘ഓബേദ്’ എന്നു പേരിട്ടു; ഓബേദാണ് ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവ്.
ദാവീദിന്റെ വംശാവലി
18ഫേരെസ് മുതൽ ദാവീദുവരെയുള്ള വംശാവലി ഇതാണ്. ഫേരെസ്, ഹെസ്രോൻ, രാം, 19-20അമ്മീനാദാബ്, നഹശോൻ, സല്മോൻ, 21-22ബോവസ്, ഓബേദ്, യിശ്ശായി, ദാവീദ്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

RUTHI 4: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക