രൂത്ത് 2:5-12

രൂത്ത് 2:5-12 MCV

ബോവസ് കൊയ്ത്തുകാരുടെ മേൽനോട്ടക്കാരനായ ഭൃത്യനോട്: “ആ യുവതി ഏതു കുടുംബത്തിലെയാണ്?” എന്നു ചോദിച്ചു. മേൽനോട്ടക്കാരൻ അദ്ദേഹത്തോട്, “നവൊമിയോടൊപ്പം മോവാബിൽനിന്നു വന്ന മോവാബ്യസ്ത്രീയാണവൾ. ‘കൊയ്ത്തുകാരുടെ പിന്നാലെ കാലാപെറുക്കാൻ ദയവായി എന്നെ അനുവദിച്ചാലും’ എന്ന് അവൾ അപേക്ഷിച്ചു. അങ്ങനെ അവൾ രാവിലെമുതൽ വയലിൽ കാലാപെറുക്കുന്നു. അൽപ്പസമയമേ അവൾ വിശ്രമിച്ചുള്ളൂ” എന്ന് ഉത്തരംനൽകി. അപ്പോൾ ബോവസ് രൂത്തിനോട്: “എന്റെ മോളേ, ശ്രദ്ധിക്കുക. കാലാപെറുക്കാൻ മറ്റൊരു വയലിൽ പോകേണ്ട. ഇവിടം വിട്ടുപോകുകയേ വേണ്ട. ഇവിടെ എന്റെ ജോലിക്കാരൊടൊപ്പം കൂടിക്കൊള്ളൂ. കൊയ്ത്തുകാരായ പുരുഷന്മാർ കൊയ്യുന്ന സ്ഥലം ശ്രദ്ധിച്ച്, ജോലിക്കാരികളോടൊപ്പം പൊയ്ക്കൊള്ളൂ. നിന്നെ ഉപദ്രവിക്കരുതെന്ന് ജോലിക്കാരായ യുവാക്കളോട് ഞാൻ കൽപ്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോഴൊക്കെ, അവർ വെള്ളം കോരിനിറച്ച പാത്രങ്ങളിൽനിന്ന് കോരി കുടിച്ചുകൊള്ളൂ” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ അവൾ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് അദ്ദേഹത്തോട്: “ഞാൻ ഒരു അന്യദേശക്കാരിയായിട്ടും എന്നെ ശ്രദ്ധിക്കത്തക്കവണ്ണം അങ്ങേക്ക് എന്നോടു ദയ തോന്നിയത് എന്ത്?” എന്നു ചോദിച്ചു. മറുപടിയായി, “നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും നീ നിന്റെ മാതാപിതാക്കളെയും നിന്റെ സ്വന്തം ദേശത്തെയും വിട്ടിട്ട് നിനക്ക് അപരിചിതമായ ഒരു ജനത്തിന്റെ മധ്യത്തിൽ പാർക്കുന്നതും ഞാൻ കേട്ടിരിക്കുന്നു. നീ ചെയ്തതിനു തക്കവണ്ണം യഹോവ നിനക്കു പ്രതിഫലം തരട്ടെ. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ശരണം പ്രാപിച്ചിരിക്കുകയാൽ അവിടന്ന് നിന്നെ അത്യധികമായി അനുഗ്രഹിക്കട്ടെ” എന്നു ബോവസ് പറഞ്ഞു.