റോമർ 9:14-29

റോമർ 9:14-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ നാം എന്തു പറയേണ്ടൂ? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല. “എനിക്കു കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുകയും എനിക്കു കനിവ് തോന്നേണം എന്നുള്ളവനോട് കനിവു തോന്നുകയും ചെയ്യും” എന്ന് അവൻ മോശെയോട് അരുളിച്ചെയ്യുന്നു. അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്. “ഇതിനായിട്ടുതന്നെ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിനും എന്റെ നാമം സർവഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവനു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു. ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നത് എന്ത്? ആർ അവന്റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും. അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോട്: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ? അല്ല, കുശവന് അതേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം മാനത്തിനും മറ്റൊരു പാത്രം അപമാനത്തിനും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ? എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല; ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ; തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്? “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും. നിങ്ങൾ എന്റെ ജനമല്ല എന്ന് അവരോട് പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽമക്കളുടെ എണ്ണം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ച് ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചുപറയുന്നു. “സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.

പങ്ക് വെക്കു
റോമർ 9 വായിക്കുക

റോമർ 9:14-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങനെയെങ്കിൽ എന്താണു പറയുക? ദൈവം നീതിരഹിതനാണെന്നോ? ഒരിക്കലും അല്ല. “എനിക്കു കരുണ തോന്നുന്നവനോടു ഞാൻ കാരുണ്യം കാണിക്കുന്നു; എനിക്കു കനിവു തോന്നുന്നവനോടു കനിവു കാണിക്കുകയും ചെയ്യുന്നു” എന്നു ദൈവം മോശയോട് അരുൾചെയ്തു. അതുകൊണ്ട് മനുഷ്യന്റെ ഇച്ഛയിലോ പ്രയത്നത്തിലോ അല്ല ദൈവകാരുണ്യത്തിലത്രേ എല്ലാം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. “എന്റെ ശക്തി പ്രദർശിപ്പിക്കുന്നതിനു നിന്നെ ഉപയോഗിക്കുവാനും എന്റെ കീർത്തി ലോകത്തെങ്ങും പരത്തുവാനും മാത്രമാണ് ഞാൻ നിന്നെ രാജാവാക്കിയത്” എന്ന് ഈജിപ്തിലെ രാജാവായ ഫറവോനോടു പറയുന്നതായി വേദലിഖിതത്തിൽ‍ കാണുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോടു ദൈവത്തിനു കാരുണ്യമുണ്ട്; മനസ്സുള്ളവനെ അവിടുന്നു കഠിനഹൃദയനാക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ ‘ദൈവം മനുഷ്യനെ എന്തിനു കുറ്റപ്പെടുത്തണം? ദൈവത്തിന്റെ ഇഷ്ടത്തെ എതിർക്കുവാൻ ആർക്കു കഴിയും?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. എന്റെ സ്നേഹിതാ, ദൈവത്തോടു എതിർവാദം ചെയ്യുവാൻ നീ ആരാണ്? “അവിടുന്ന് എന്നെ ഇങ്ങനെ നിർമിച്ചതെന്തിന്?” എന്ന് ഒരു മൺകലം അതിന്റെ നിർമിതാവിനോടു ചോദിക്കുമോ? തന്റെ ഇഷ്ടംപോലെ കളിമണ്ണ് ഉപയോഗിക്കുന്നതിനും, വിശേഷാവസരത്തിൽ ഉപയോഗിക്കാനുള്ള പാത്രവും സാധാരണ ഉപയോഗത്തിനുള്ള പാത്രവും ഒരേ പിണ്ഡത്തിൽനിന്നു നിർമിക്കുന്നതിനും കുശവന് അവകാശമില്ലേ? ദൈവം ചെയ്തിരിക്കുന്നതും ഇതുപോലെയത്രേ. തന്റെ കോപം പ്രകടമാക്കുവാനും ശക്തി വെളിപ്പെടുത്തുവാനും ദൈവം ആഗ്രഹിച്ചു എങ്കിലും നശിപ്പിക്കപ്പെടുന്നതിന് നിർമിതമായ കോപപാത്രങ്ങളോട് അവിടുന്നു നിരന്തരക്ഷമയുള്ളവനായിരുന്നു. തന്റെ തേജസ്സ് പ്രാപിക്കുന്നതിനുവേണ്ടി അവിടുന്നു ഒരുക്കിയിരിക്കുന്നവരും അവിടുത്തെ കാരുണ്യപാത്രങ്ങളുമായ നമ്മുടെമേൽ തന്റെ മഹാതേജസ്സ് പ്രത്യക്ഷമാക്കുവാനും അവിടുന്നു നിശ്ചയിച്ചു. അതിനുവേണ്ടി യെഹൂദന്മാരിൽനിന്നു മാത്രമല്ല വിജാതീയരിൽനിന്നും വിളിക്കപ്പെട്ടവരത്രേ നാം. ഹോശേയായുടെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: എന്റെ ജനമല്ലാത്തവരെ എന്റെ ജനമെന്നു ഞാൻ വിളിക്കും; ഞാൻ സ്നേഹിക്കാത്ത ജനതയെ എന്റെ പ്രേമഭാജനമെന്നും ഞാൻ വിളിക്കും. ‘നിങ്ങൾ എന്റെ ജനമല്ല’ എന്നു പറഞ്ഞിരിക്കുന്നിടത്തു തന്നെ ‘ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്ന് അവർ വിളിക്കപ്പെടുമെന്ന് അവരോടു പറഞ്ഞിട്ടുണ്ട്. യെശയ്യാപ്രവാചകൻ ഇസ്രായേലിനെക്കുറിച്ചു പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: “കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമാണ് ഇസ്രായേൽജനമെങ്കിലും, അവരിൽ ഒരു പിടിയാളുകൾ മാത്രമേ രക്ഷപ്രാപിക്കൂ. സർവേശ്വരൻ ഭൂമിയിലുള്ള സകലജനത്തിന്റെയും കണക്കുനോക്കി അന്തിമമായി വേഗം ന്യായം വിധിക്കും.” യെശയ്യാ നേരത്തെ പറഞ്ഞിരിക്കുന്നതുപോലെ “നമ്മുടെ വംശം നിലനിർത്തുന്നതിന് ഏതാനും ആളുകളെ സർവശക്തനായ ദൈവം അവശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ നാം സോദോമിനെപ്പോലെയും ഗോമോറെയെപ്പോലെയും ആകുമായിരുന്നു.”

പങ്ക് വെക്കു
റോമർ 9 വായിക്കുക

റോമർ 9:14-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആകയാൽ നാം എന്ത് പറയേണ്ടു? ദൈവത്തിന്‍റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല. “എനിക്ക് കരുണയുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവുള്ളവനോട് കനിവ് തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രെ. “ഇതിനായിട്ട് തന്നെ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്‍റെ ശക്തി വെളിപ്പെടുത്തേണ്ടതിനും എന്‍റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവനു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനരാക്കുന്നു. ആകയാൽ അവൻ പിന്നെ കുറ്റം കണ്ടുപിടിക്കുന്നത് എന്ത്? ആർ അവന്‍റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു? എന്നു നീ എന്നോട് ചോദിക്കും. അയ്യോ, മനുഷ്യാ, ദൈവത്തോട് പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ? അല്ല, കുശവന് ഒരേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം വിശേഷ ഉപയോഗത്തിനും മറ്റൊരു പാത്രം ദിവസേനയുള്ള ഉപയോഗത്തിനും ഉണ്ടാക്കുവാൻ കളിമണ്ണിന്മേൽ അധികാരം ഇല്ലയോ? എന്നാൽ ദൈവം തന്‍റെ കോപം കാണിക്കുവാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ തന്‍റെ തേജസ്സിൻ്റെ ധനം വെളിപ്പെടുത്തുവാൻ ഇച്ഛിച്ചിട്ട് നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്? “എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനം എന്നും, പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവൾ എന്നും ഞാൻ വിളിക്കും. നിങ്ങൾ എന്‍റെ ജനമല്ല എന്നു അവരോട് പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്‍റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽ മക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവ് ഭൂമിയിൽ തന്‍റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു. “സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറയ്ക്ക് സദൃശമാകുമായിരുന്നു”

പങ്ക് വെക്കു
റോമർ 9 വായിക്കുക

റോമർ 9:14-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല. “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു. “ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു. ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും. അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ? എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു? “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും. നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവു ഭൂമിയിൽ തന്റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു. “സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.

പങ്ക് വെക്കു
റോമർ 9 വായിക്കുക

റോമർ 9:14-29 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല! “കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,” എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു. ഇങ്ങനെ, മനുഷ്യന്റെ ആഗ്രഹമോ കഠിനാധ്വാനമോ അല്ല, ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും അടിസ്ഥാനം. “എന്റെ ശക്തി നിന്നിലൂടെ പ്രദർശിപ്പിക്കുകയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു,” എന്ന് ഫറവോനോട് അരുളിച്ചെയ്യുന്നതു തിരുവെഴുത്തിൽ കാണുന്നു. ഇങ്ങനെ, ദൈവം തന്റെ ഇഷ്ടപ്രകാരം ഒരുവനോടു കരുണ കാണിക്കുന്നു; മറ്റൊരുവനെ കഠിനഹൃദയനാക്കുന്നു. അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?” ഒരേ കളിമണ്ണുപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാധാരണ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവന് അധികാരമില്ലേ? ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു; ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക? യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്. ഹോശേയയുടെ പുസ്തകത്തിൽ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ജനം അല്ലാത്തവരെ ‘എന്റെ ജനം,’ എന്നും ‘എന്റെ പ്രിയ’ അല്ലാത്തവളെ ‘എന്റെ പ്രിയപ്പെട്ടവൾ,’ എന്നും ഞാൻ വിളിക്കും.” വീണ്ടും, “ ‘നിങ്ങൾ എന്റെ ജനമല്ല,’ എന്ന് അവരോട് അരുളിച്ചെയ്ത എല്ലായിടത്തും, അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ’ എന്നു വിളിക്കപ്പെടും” യെശയ്യാവ് ഇസ്രായേല്യരെക്കുറിച്ചു വിളിച്ചുപറയുന്നു: “ഇസ്രായേല്യർ കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും, അവരിൽ ഒരു ശേഷിപ്പുമാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ. കർത്താവ് അതിവേഗത്തിലും കൃതകൃത്യതയോടും ഭൂമിയിൽ ന്യായവിധി നിർവഹിക്കും.” “സൈന്യങ്ങളുടെ കർത്താവ് നമ്മുടെ തലമുറയിൽ ചിലരെയെങ്കിലും ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ, നാം സൊദോം നഗരംപോലെയും ഗൊമോറാ പട്ടണംപോലെയും നശിപ്പിക്കപ്പെടുമായിരുന്നു,” എന്ന് യെശയ്യാവ് മുൻകൂട്ടിത്തന്നെ പറഞ്ഞിരുന്നല്ലോ!

പങ്ക് വെക്കു
റോമർ 9 വായിക്കുക