റോമ. 9:14-29

റോമ. 9:14-29 IRVMAL

ആകയാൽ നാം എന്ത് പറയേണ്ടു? ദൈവത്തിന്‍റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല. “എനിക്ക് കരുണയുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവുള്ളവനോട് കനിവ് തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു. അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രെ. “ഇതിനായിട്ട് തന്നെ ഞാൻ നിന്നെ നിർത്തിയിരിക്കുന്നത്; നിന്നിൽ എന്‍റെ ശക്തി വെളിപ്പെടുത്തേണ്ടതിനും എന്‍റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തിൽ ഫറവോനോട് അരുളിച്ചെയ്യുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവനു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനരാക്കുന്നു. ആകയാൽ അവൻ പിന്നെ കുറ്റം കണ്ടുപിടിക്കുന്നത് എന്ത്? ആർ അവന്‍റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു? എന്നു നീ എന്നോട് ചോദിക്കും. അയ്യോ, മനുഷ്യാ, ദൈവത്തോട് പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ? അല്ല, കുശവന് ഒരേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം വിശേഷ ഉപയോഗത്തിനും മറ്റൊരു പാത്രം ദിവസേനയുള്ള ഉപയോഗത്തിനും ഉണ്ടാക്കുവാൻ കളിമണ്ണിന്മേൽ അധികാരം ഇല്ലയോ? എന്നാൽ ദൈവം തന്‍റെ കോപം കാണിക്കുവാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ തന്‍റെ തേജസ്സിൻ്റെ ധനം വെളിപ്പെടുത്തുവാൻ ഇച്ഛിച്ചിട്ട് നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്? “എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനം എന്നും, പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവൾ എന്നും ഞാൻ വിളിക്കും. നിങ്ങൾ എന്‍റെ ജനമല്ല എന്നു അവരോട് പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്‍റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേൽ മക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കർത്താവ് ഭൂമിയിൽ തന്‍റെ വചനം നിവർത്തിച്ചു ക്ഷണത്തിൽ തീർക്കും” എന്നു വിളിച്ചു പറയുന്നു. “സൈന്യങ്ങളുടെ കർത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറയ്ക്ക് സദൃശമാകുമായിരുന്നു”

റോമ. 9:14-29 - നുള്ള വീഡിയോ