ROM 9:14-29

ROM 9:14-29 MALCLBSI

അങ്ങനെയെങ്കിൽ എന്താണു പറയുക? ദൈവം നീതിരഹിതനാണെന്നോ? ഒരിക്കലും അല്ല. “എനിക്കു കരുണ തോന്നുന്നവനോടു ഞാൻ കാരുണ്യം കാണിക്കുന്നു; എനിക്കു കനിവു തോന്നുന്നവനോടു കനിവു കാണിക്കുകയും ചെയ്യുന്നു” എന്നു ദൈവം മോശയോട് അരുൾചെയ്തു. അതുകൊണ്ട് മനുഷ്യന്റെ ഇച്ഛയിലോ പ്രയത്നത്തിലോ അല്ല ദൈവകാരുണ്യത്തിലത്രേ എല്ലാം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. “എന്റെ ശക്തി പ്രദർശിപ്പിക്കുന്നതിനു നിന്നെ ഉപയോഗിക്കുവാനും എന്റെ കീർത്തി ലോകത്തെങ്ങും പരത്തുവാനും മാത്രമാണ് ഞാൻ നിന്നെ രാജാവാക്കിയത്” എന്ന് ഈജിപ്തിലെ രാജാവായ ഫറവോനോടു പറയുന്നതായി വേദലിഖിതത്തിൽ‍ കാണുന്നു. അങ്ങനെ തനിക്കു മനസ്സുള്ളവനോടു ദൈവത്തിനു കാരുണ്യമുണ്ട്; മനസ്സുള്ളവനെ അവിടുന്നു കഠിനഹൃദയനാക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ ‘ദൈവം മനുഷ്യനെ എന്തിനു കുറ്റപ്പെടുത്തണം? ദൈവത്തിന്റെ ഇഷ്ടത്തെ എതിർക്കുവാൻ ആർക്കു കഴിയും?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. എന്റെ സ്നേഹിതാ, ദൈവത്തോടു എതിർവാദം ചെയ്യുവാൻ നീ ആരാണ്? “അവിടുന്ന് എന്നെ ഇങ്ങനെ നിർമിച്ചതെന്തിന്?” എന്ന് ഒരു മൺകലം അതിന്റെ നിർമിതാവിനോടു ചോദിക്കുമോ? തന്റെ ഇഷ്ടംപോലെ കളിമണ്ണ് ഉപയോഗിക്കുന്നതിനും, വിശേഷാവസരത്തിൽ ഉപയോഗിക്കാനുള്ള പാത്രവും സാധാരണ ഉപയോഗത്തിനുള്ള പാത്രവും ഒരേ പിണ്ഡത്തിൽനിന്നു നിർമിക്കുന്നതിനും കുശവന് അവകാശമില്ലേ? ദൈവം ചെയ്തിരിക്കുന്നതും ഇതുപോലെയത്രേ. തന്റെ കോപം പ്രകടമാക്കുവാനും ശക്തി വെളിപ്പെടുത്തുവാനും ദൈവം ആഗ്രഹിച്ചു എങ്കിലും നശിപ്പിക്കപ്പെടുന്നതിന് നിർമിതമായ കോപപാത്രങ്ങളോട് അവിടുന്നു നിരന്തരക്ഷമയുള്ളവനായിരുന്നു. തന്റെ തേജസ്സ് പ്രാപിക്കുന്നതിനുവേണ്ടി അവിടുന്നു ഒരുക്കിയിരിക്കുന്നവരും അവിടുത്തെ കാരുണ്യപാത്രങ്ങളുമായ നമ്മുടെമേൽ തന്റെ മഹാതേജസ്സ് പ്രത്യക്ഷമാക്കുവാനും അവിടുന്നു നിശ്ചയിച്ചു. അതിനുവേണ്ടി യെഹൂദന്മാരിൽനിന്നു മാത്രമല്ല വിജാതീയരിൽനിന്നും വിളിക്കപ്പെട്ടവരത്രേ നാം. ഹോശേയായുടെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: എന്റെ ജനമല്ലാത്തവരെ എന്റെ ജനമെന്നു ഞാൻ വിളിക്കും; ഞാൻ സ്നേഹിക്കാത്ത ജനതയെ എന്റെ പ്രേമഭാജനമെന്നും ഞാൻ വിളിക്കും. ‘നിങ്ങൾ എന്റെ ജനമല്ല’ എന്നു പറഞ്ഞിരിക്കുന്നിടത്തു തന്നെ ‘ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്ന് അവർ വിളിക്കപ്പെടുമെന്ന് അവരോടു പറഞ്ഞിട്ടുണ്ട്. യെശയ്യാപ്രവാചകൻ ഇസ്രായേലിനെക്കുറിച്ചു പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: “കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമാണ് ഇസ്രായേൽജനമെങ്കിലും, അവരിൽ ഒരു പിടിയാളുകൾ മാത്രമേ രക്ഷപ്രാപിക്കൂ. സർവേശ്വരൻ ഭൂമിയിലുള്ള സകലജനത്തിന്റെയും കണക്കുനോക്കി അന്തിമമായി വേഗം ന്യായം വിധിക്കും.” യെശയ്യാ നേരത്തെ പറഞ്ഞിരിക്കുന്നതുപോലെ “നമ്മുടെ വംശം നിലനിർത്തുന്നതിന് ഏതാനും ആളുകളെ സർവശക്തനായ ദൈവം അവശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ നാം സോദോമിനെപ്പോലെയും ഗോമോറെയെപ്പോലെയും ആകുമായിരുന്നു.”

ROM 9 വായിക്കുക

ROM 9:14-29 - നുള്ള വീഡിയോ