റോമർ 14:1-13

റോമർ 14:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ. ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു. തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുത്; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്ത യജമാനനത്രേ; അവൻ നില്ക്കും താനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിനു കഴിയുമല്ലോ. ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകല ദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിനായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിൽ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല; ആരും തനിക്കായിത്തന്നെ മരിക്കുന്നതുമില്ല. ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർതന്നെ. മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തത്. എന്നാൽ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നില്ക്കേണ്ടിവരും. “എന്നാണ എന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചയോ തടങ്ങലോ വയ്ക്കാതിരിപ്പാൻ മാത്രം ഉറച്ചുകൊൾവിൻ.

പങ്ക് വെക്കു
റോമർ 14 വായിക്കുക

റോമർ 14:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വിശ്വാസത്തിൽ ദുർബലനായവനെ അവന്റെ വ്യക്തിഗതമായ അഭിപ്രായങ്ങളെക്കുറിച്ചു വാദിക്കാതെ നിങ്ങളുടെ സമൂഹത്തിലേക്കു സ്വീകരിക്കുക. എന്തും ഭക്ഷിക്കുവാൻ ഒരുവന്റെ വിശ്വാസം അവനെ അനുവദിക്കുന്നു. എന്നാൽ വിശ്വാസത്തിൽ ദുർബലനായ മറ്റൊരുവൻ സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നു. എല്ലാം ഭക്ഷിക്കുന്നവൻ, ഭക്ഷിക്കാത്തവനോട് അവജ്ഞ കാട്ടരുത്. സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നവൻ എല്ലാം ഭക്ഷിക്കുന്നവനെയും കുറ്റപ്പെടുത്തരുത്. എന്തെന്നാൽ ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. വേറൊരാളിന്റെ ദാസനെ വിധിക്കുവാൻ നീ ആരാണ്? അവൻ യോഗ്യനോ അയോഗ്യനോ എന്ന് നിർണയിക്കുന്നത് അവന്റെ യജമാനനാണ്. അവനെ യോഗ്യനാക്കുവാൻ കർത്താവു പ്രാപ്തനായതുകൊണ്ട് അവൻ യോഗ്യനായിത്തീരുന്നു. ഒരു ദിവസം മറ്റൊന്നിനെക്കാൾ പ്രാധാന്യമുള്ളതാണെന്നു ചിലർ കരുതുന്നു. എന്നാൽ എല്ലാ ദിവസവും ഒരുപോലെയാണെന്നത്രേ മറ്റുചിലർ വിചാരിക്കുന്നത്. ഓരോരുത്തനും അവനവന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊള്ളട്ടെ. ഒരു ദിവസം മറ്റൊരു ദിവസത്തെക്കാൾ പ്രധാനമാണെന്നു കരുതുന്നവൻ കർത്താവിനോടുള്ള ആദരംകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. എല്ലാം തിന്നുന്നവനും അങ്ങനെ തന്നെ. എന്തെന്നാൽ താൻ ഭക്ഷിക്കുന്ന ആഹാരത്തിനുവേണ്ടി അവൻ ദൈവത്തെ സ്തുതിക്കുന്നു. ചില ഭക്ഷ്യസാധനങ്ങൾ വർജിക്കുന്നവനും കർത്താവിനോടുള്ള ആദരം മുൻനിറുത്തിയാണ് അങ്ങനെ ചെയ്യുന്നത്. അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിലാരും തനിക്കുവേണ്ടിത്തന്നെ ജീവിക്കുകയോ തനിക്കുവേണ്ടിത്തന്നെ മരിക്കുകയോ ചെയ്യുന്നില്ല. നാം ജീവിക്കുന്നെങ്കിൽ കർത്താവിനുവേണ്ടി ജീവിക്കുന്നു; മരിക്കുന്നെങ്കിൽ കർത്താവിനുവേണ്ടി മരിക്കുന്നു; അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവർ തന്നെ. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും കർത്താവായിരിക്കേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്. അങ്ങനെയെങ്കിൽ നീ നിന്റെ സഹോദരനെ എന്തിനു വിധിക്കുന്നു? നിന്റെ സഹോദരന്റെ നേരേ എന്തിന് അവ ജ്ഞ കാട്ടുന്നു? നാമെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്റെ മുമ്പിൽ നില്‌ക്കേണ്ടി വരുമല്ലോ. ‘എല്ലാവരും എന്റെ മുമ്പിൽ മുട്ടു മടക്കും ഞാൻ ദൈവമാകുന്നു എന്ന് എല്ലാവരും ഏറ്റുപറയും’ എന്നു സർവേശ്വരൻ ശപഥം ചെയ്ത് അരുൾചെയ്യുന്നു എന്നിങ്ങനെ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നാം ഓരോരുത്തരും ദൈവസമക്ഷം കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്. പകരം നിന്റെ സഹോദരൻ ഇടറി വീഴുന്നതിനോ, പാപത്തിൽ നിപതിക്കുന്നതിനോ ഇടയാക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നിശ്ചയിക്കുകയാണു വേണ്ടത്.

പങ്ക് വെക്കു
റോമർ 14 വായിക്കുക

റോമർ 14:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

വിശ്വാസത്തിൽ ബലഹീനനായവനെ സ്വീകരിക്കുവിൻ; എങ്കിലും ഇങ്ങനെയുള്ള അഭിപ്രായവ്യത്യാസങ്ങളെ വിധിക്കരുത്. ഒരു വശത്ത്, ഒരുവന് എല്ലാം തിന്നാമെന്നുള്ള വിശ്വാസമുണ്ട്; മറുവശത്ത് ബലഹീനനായവൻ സസ്യാദികളെ മാത്രം തിന്നുന്നു. എല്ലാം തിന്നുന്നവൻ എല്ലാം തിന്നാത്തവനെ ധിക്കരിക്കരുത്; എല്ലാം തിന്നാത്തവൻ എല്ലാം തിന്നുന്നവനെ വിധിക്കുകയുമരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. മറ്റൊരുത്തന്‍റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ അവന്‍റെ സ്വന്തയജമാനൻ്റെ മുമ്പിലത്രേ; അവനെ നിർത്തുവാൻ കർത്താവ് ശക്തനായതുകൊണ്ട് അവൻ നില്ക്കുവാൻ പ്രാപ്തനായി. ഒരുവൻ ഒരു ദിവസത്തേക്കാൾ മറ്റൊരു ദിവസത്തെ വിലമതിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും ഒരുപോലെ വിലമതിക്കുന്നു; ഓരോരുത്തൻ താന്താന്‍റെ മനസ്സിൽ ഉറച്ചിരിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിനായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിൽ ആരും തനിക്കായി തന്നെ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നെ മരിക്കുന്നതുമില്ല. ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർ തന്നെ. മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കുകയും ഉയിർക്കുകയും ചെയ്തതു. എന്നാൽ നീ നിന്‍റെ സഹോദരനെ വിധിക്കുന്നതു എന്ത്? അല്ല, നീ നിന്‍റെ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും. “ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ട്, എന്‍റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു തങ്ങളുടെ കണക്ക് ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചക്കല്ലോ കെണിയോ വെയ്ക്കാതിരിപ്പാൻ മാത്രം തീരുമാനിച്ചുകൊൾവിൻ.

പങ്ക് വെക്കു
റോമർ 14 വായിക്കുക

റോമർ 14:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ. ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു. തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ. ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല. ജീവിക്കുന്നു എങ്കിൽ നാം കർത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിന്നുള്ളവർ തന്നേ. മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു. എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും. “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ.

പങ്ക് വെക്കു
റോമർ 14 വായിക്കുക

റോമർ 14:1-13 സമകാലിക മലയാളവിവർത്തനം (MCV)

തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും. ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ശ്രേഷ്ഠമായി കരുതുന്നു; മറ്റൊരാളാകട്ടെ, എല്ലാ ദിവസത്തെയും ഒരുപോലെ ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഓരോരുത്തരും ചെയ്യുന്നത് അവരവരുടെ ഉത്തമബോധ്യമനുസരിച്ച് ആയിരിക്കണം. ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അതു ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു. നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല. നാം ജീവിക്കുന്നു എങ്കിൽ കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നെങ്കിലോ കർത്താവിനായി മരിക്കുന്നു. അതുകൊണ്ട്, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്. ഇങ്ങനെ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിക്കുകയും ഉയിർക്കുകയുംചെയ്തത്. പിന്നെന്തിനാണ് നീ സഹവിശ്വാസിയെ ന്യായം വിധിക്കുന്നത്? സഹവിശ്വാസിയെ നിന്ദിക്കുന്നതും എന്തിന്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണെന്ന് ഓർക്കുക. “കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും; എല്ലാ നാവും ദൈവത്തെ സ്തുതിച്ച് ഏറ്റുപറയും’ ” എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ. അതേ, നാം വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്. അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്നു തീരുമാനിക്കാം.

പങ്ക് വെക്കു
റോമർ 14 വായിക്കുക