വിശ്വാസത്തിൽ ദുർബലനായവനെ അവന്റെ വ്യക്തിഗതമായ അഭിപ്രായങ്ങളെക്കുറിച്ചു വാദിക്കാതെ നിങ്ങളുടെ സമൂഹത്തിലേക്കു സ്വീകരിക്കുക. എന്തും ഭക്ഷിക്കുവാൻ ഒരുവന്റെ വിശ്വാസം അവനെ അനുവദിക്കുന്നു. എന്നാൽ വിശ്വാസത്തിൽ ദുർബലനായ മറ്റൊരുവൻ സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നു. എല്ലാം ഭക്ഷിക്കുന്നവൻ, ഭക്ഷിക്കാത്തവനോട് അവജ്ഞ കാട്ടരുത്. സസ്യങ്ങൾ മാത്രം ഭക്ഷിക്കുന്നവൻ എല്ലാം ഭക്ഷിക്കുന്നവനെയും കുറ്റപ്പെടുത്തരുത്. എന്തെന്നാൽ ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. വേറൊരാളിന്റെ ദാസനെ വിധിക്കുവാൻ നീ ആരാണ്? അവൻ യോഗ്യനോ അയോഗ്യനോ എന്ന് നിർണയിക്കുന്നത് അവന്റെ യജമാനനാണ്. അവനെ യോഗ്യനാക്കുവാൻ കർത്താവു പ്രാപ്തനായതുകൊണ്ട് അവൻ യോഗ്യനായിത്തീരുന്നു. ഒരു ദിവസം മറ്റൊന്നിനെക്കാൾ പ്രാധാന്യമുള്ളതാണെന്നു ചിലർ കരുതുന്നു. എന്നാൽ എല്ലാ ദിവസവും ഒരുപോലെയാണെന്നത്രേ മറ്റുചിലർ വിചാരിക്കുന്നത്. ഓരോരുത്തനും അവനവന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊള്ളട്ടെ. ഒരു ദിവസം മറ്റൊരു ദിവസത്തെക്കാൾ പ്രധാനമാണെന്നു കരുതുന്നവൻ കർത്താവിനോടുള്ള ആദരംകൊണ്ടാണ് അപ്രകാരം ചെയ്യുന്നത്. എല്ലാം തിന്നുന്നവനും അങ്ങനെ തന്നെ. എന്തെന്നാൽ താൻ ഭക്ഷിക്കുന്ന ആഹാരത്തിനുവേണ്ടി അവൻ ദൈവത്തെ സ്തുതിക്കുന്നു. ചില ഭക്ഷ്യസാധനങ്ങൾ വർജിക്കുന്നവനും കർത്താവിനോടുള്ള ആദരം മുൻനിറുത്തിയാണ് അങ്ങനെ ചെയ്യുന്നത്. അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിലാരും തനിക്കുവേണ്ടിത്തന്നെ ജീവിക്കുകയോ തനിക്കുവേണ്ടിത്തന്നെ മരിക്കുകയോ ചെയ്യുന്നില്ല. നാം ജീവിക്കുന്നെങ്കിൽ കർത്താവിനുവേണ്ടി ജീവിക്കുന്നു; മരിക്കുന്നെങ്കിൽ കർത്താവിനുവേണ്ടി മരിക്കുന്നു; അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവർ തന്നെ. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും കർത്താവായിരിക്കേണ്ടതിനാണല്ലോ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തത്. അങ്ങനെയെങ്കിൽ നീ നിന്റെ സഹോദരനെ എന്തിനു വിധിക്കുന്നു? നിന്റെ സഹോദരന്റെ നേരേ എന്തിന് അവ ജ്ഞ കാട്ടുന്നു? നാമെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്റെ മുമ്പിൽ നില്‌ക്കേണ്ടി വരുമല്ലോ. ‘എല്ലാവരും എന്റെ മുമ്പിൽ മുട്ടു മടക്കും ഞാൻ ദൈവമാകുന്നു എന്ന് എല്ലാവരും ഏറ്റുപറയും’ എന്നു സർവേശ്വരൻ ശപഥം ചെയ്ത് അരുൾചെയ്യുന്നു എന്നിങ്ങനെ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നാം ഓരോരുത്തരും ദൈവസമക്ഷം കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്. പകരം നിന്റെ സഹോദരൻ ഇടറി വീഴുന്നതിനോ, പാപത്തിൽ നിപതിക്കുന്നതിനോ ഇടയാക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നിശ്ചയിക്കുകയാണു വേണ്ടത്.
ROM 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ROM 14:1-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ