റോമർ 14:1-13

റോമർ 14:1-13 MALOVBSI

സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ. ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു. തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുത്; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്ത യജമാനനത്രേ; അവൻ നില്ക്കും താനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിനു കഴിയുമല്ലോ. ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകല ദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കട്ടെ. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിനായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. നമ്മിൽ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല; ആരും തനിക്കായിത്തന്നെ മരിക്കുന്നതുമില്ല. ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർതന്നെ. മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തത്. എന്നാൽ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നില്ക്കേണ്ടിവരും. “എന്നാണ എന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചയോ തടങ്ങലോ വയ്ക്കാതിരിപ്പാൻ മാത്രം ഉറച്ചുകൊൾവിൻ.

റോമർ 14:1-13 - നുള്ള വീഡിയോ