വെളിപ്പാട് 20:1-6

വെളിപ്പാട് 20:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ടു സ്വർഗത്തിൽനിന്ന് ഇറങ്ങുന്നത് ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെശേഷം അവനെ അല്പകാലത്തേക്ക് അഴിച്ച് വിടേണ്ടതാകുന്നു. ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടി വാണു. മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇത് ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെമേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.

വെളിപ്പാട് 20:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് പാതാളത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് ഒരു മാലാഖ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. ആ മാലാഖ ഉഗ്രസർപ്പത്തെ, പിശാചും സാത്താനുമാകുന്ന പഴയ സർപ്പത്തെത്തന്നെ പിടിച്ച് ആയിരം വർഷത്തേക്കു ബന്ധിച്ച് പാതാളത്തിലേക്ക് എറിഞ്ഞു. ആയിരം വർഷം കഴിയുന്നതുവരെ മനുഷ്യവർഗത്തെ അവൻ വഞ്ചിക്കാതിരിക്കുവാൻ, പാതാളത്തിന്റെ വാതിൽ അടച്ചുപൂട്ടി മുദ്രവയ്‍ക്കുകയും ചെയ്തു. അതിനുശേഷം അല്പകാലത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാണ്. അനന്തരം ഞാൻ സിംഹാസനങ്ങൾ കണ്ടു. അവയിൽ ഇരുന്നവർക്കു വിധിക്കുവാനുള്ള അധികാരം നല്‌കപ്പെട്ടു. യേശുവിനു സാക്ഷ്യം വഹിച്ചതിനുവേണ്ടിയും ദൈവവചനത്തിനുവേണ്ടിയും ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ കണ്ടു. അവർ മൃഗത്തെ ആരാധിക്കുകയോ, അവന്റെ മുദ്ര നെറ്റിത്തടത്തിലോ കൈയിലോ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അവർ ജീവൻ പ്രാപിച്ച് ക്രിസ്തുവിനോടുകൂടി ആയിരം വർഷം വാണു. അവശേഷിച്ച മരിച്ചവർ ആയിരം വർഷം കഴിയുന്നതുവരെ ജീവൻ പ്രാപിച്ചില്ല. ഇത് ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ അനുഗൃഹീതനും വിശുദ്ധനും ആണ്. ഇങ്ങനെയുള്ളവരുടെമേൽ രണ്ടാമത്തെ മരണത്തിന് അധികാരമില്ല. അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടി ആയിരം വർഷം വാഴും.

വെളിപ്പാട് 20:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ ഒരു ദൂതൻ അഗാധഗർത്തത്തിൻ്റെ താക്കോലും വലിയ ഒരു ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരം വർഷത്തേക്ക് ബന്ധിച്ചു. ആയിരം വർഷക്കാലം ജനതകളെ വഞ്ചിക്കാതിരിപ്പാൻ ദൂതൻ അവനെ അഗാധഗർത്തത്തിലേക്ക് തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെശേഷം അല്പസമയത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാകുന്നു. പിന്നെ ഞാൻ സിംഹാസനങ്ങളെയും അവയിൽ ഇരിക്കുന്നവരെയും കണ്ടു; ന്യായം വിധിപ്പാനുള്ള അധികാരം അവർക്ക് കൊടുത്തു; യേശുവിന്‍റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തലയറുക്കപ്പെട്ട്, മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ ആരാധിക്കാതെ നെറ്റിയിലോ കൈമേലോ അവന്‍റെ മുദ്ര ഏൽക്കാതിരുന്നവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരം വർഷം ക്രിസ്തുവിനോടുകൂടി വാണു. ശേഷം മരിച്ചവർ ആയിരം വർഷക്കാലം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; ഇങ്ങനെയുള്ളവരുടെ മേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം വാഴും.

വെളിപ്പാട് 20:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു. ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.

വെളിപ്പാട് 20:1-6 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം, ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയൊരു ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അയാൾ പിശാചും സാത്താനുമായ പുരാതന സർപ്പം എന്ന മഹാവ്യാളിയെ പിടിച്ചടക്കി ആയിരം വർഷത്തേക്കു ബന്ധിച്ചു. ഇനിമേൽ ജനതകളെ വഞ്ചിക്കാതിരിക്കാൻ അവനെ അഗാധഗർത്തത്തിലേക്ക് എറിഞ്ഞു. ആയിരം വർഷം പൂർത്തിയാകുന്നതുവരെ അത് അടച്ചുപൂട്ടി മീതേ മുദ്രവെച്ചു. ഇതിനുശേഷം അൽപ്പസമയത്തേക്ക് അവനെ സ്വതന്ത്രനാക്കേണ്ടതാണ്. തുടർന്ന് ഞാൻ സിംഹാസനങ്ങൾ കണ്ടു. സിംഹാസനസ്ഥരായവർക്കു ന്യായംവിധിക്കാനുള്ള അധികാരം നൽകപ്പെട്ടു. യേശുവിനെക്കുറിച്ചുള്ള സാക്ഷ്യവും ദൈവവചനവും നിമിത്തം ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതെയും നെറ്റിമേലോ കൈകളിന്മേലോ അതിന്റെ മുദ്ര സ്വീകരിക്കാതെയും ഇരുന്നവരാണ്. അവർ ജീവിച്ചെഴുന്നേറ്റ് ക്രിസ്തുവിനോടുകൂടെ ആയിരം വർഷം ഭരിച്ചു. മൃതരിൽ അവശേഷിച്ചവർ ആയിരം വർഷം പൂർത്തിയാകുന്നതുവരെ ജീവിച്ചെഴുന്നേറ്റില്ല. ഇത് ഒന്നാംപുനരുത്ഥാനം. ഒന്നാംപുനരുത്ഥാനത്തിൽ പങ്കുള്ളവർ അനുഗൃഹീതരും വിശുദ്ധരുമാകുന്നു. ഇവരുടെമേൽ രണ്ടാംമരണത്തിന് അധികാരം ഇല്ല. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം അവർ ഭരിക്കും.