വെളി. 20:1-6

വെളി. 20:1-6 IRVMAL

പിന്നെ ഒരു ദൂതൻ അഗാധഗർത്തത്തിൻ്റെ താക്കോലും വലിയ ഒരു ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരം വർഷത്തേക്ക് ബന്ധിച്ചു. ആയിരം വർഷക്കാലം ജനതകളെ വഞ്ചിക്കാതിരിപ്പാൻ ദൂതൻ അവനെ അഗാധഗർത്തത്തിലേക്ക് തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെശേഷം അല്പസമയത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാകുന്നു. പിന്നെ ഞാൻ സിംഹാസനങ്ങളെയും അവയിൽ ഇരിക്കുന്നവരെയും കണ്ടു; ന്യായം വിധിപ്പാനുള്ള അധികാരം അവർക്ക് കൊടുത്തു; യേശുവിന്‍റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തലയറുക്കപ്പെട്ട്, മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ ആരാധിക്കാതെ നെറ്റിയിലോ കൈമേലോ അവന്‍റെ മുദ്ര ഏൽക്കാതിരുന്നവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരം വർഷം ക്രിസ്തുവിനോടുകൂടി വാണു. ശേഷം മരിച്ചവർ ആയിരം വർഷക്കാലം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; ഇങ്ങനെയുള്ളവരുടെ മേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം വാഴും.