THUPUAN 20

20
സഹസ്രാബ്ദം
1പിന്നീട് പാതാളത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് ഒരു മാലാഖ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. 2ആ മാലാഖ ഉഗ്രസർപ്പത്തെ, പിശാചും സാത്താനുമാകുന്ന പഴയ സർപ്പത്തെത്തന്നെ പിടിച്ച് ആയിരം വർഷത്തേക്കു ബന്ധിച്ച് പാതാളത്തിലേക്ക് എറിഞ്ഞു. 3ആയിരം വർഷം കഴിയുന്നതുവരെ മനുഷ്യവർഗത്തെ അവൻ വഞ്ചിക്കാതിരിക്കുവാൻ, പാതാളത്തിന്റെ വാതിൽ അടച്ചുപൂട്ടി മുദ്രവയ്‍ക്കുകയും ചെയ്തു. അതിനുശേഷം അല്പകാലത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാണ്.
4അനന്തരം ഞാൻ സിംഹാസനങ്ങൾ കണ്ടു. അവയിൽ ഇരുന്നവർക്കു വിധിക്കുവാനുള്ള അധികാരം നല്‌കപ്പെട്ടു. യേശുവിനു സാക്ഷ്യം വഹിച്ചതിനുവേണ്ടിയും ദൈവവചനത്തിനുവേണ്ടിയും ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ കണ്ടു. അവർ മൃഗത്തെ ആരാധിക്കുകയോ, അവന്റെ മുദ്ര നെറ്റിത്തടത്തിലോ കൈയിലോ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അവർ ജീവൻ പ്രാപിച്ച് ക്രിസ്തുവിനോടുകൂടി ആയിരം വർഷം വാണു. 5അവശേഷിച്ച മരിച്ചവർ ആയിരം വർഷം കഴിയുന്നതുവരെ ജീവൻ പ്രാപിച്ചില്ല. ഇത് ഒന്നാമത്തെ പുനരുത്ഥാനം. 6ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ അനുഗൃഹീതനും വിശുദ്ധനും ആണ്. ഇങ്ങനെയുള്ളവരുടെമേൽ രണ്ടാമത്തെ മരണത്തിന് അധികാരമില്ല. അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടി ആയിരം വർഷം വാഴും.
സാത്താന്റെ പതനം
7എന്നാൽ ആയിരം വർഷം കഴിയുമ്പോൾ സാത്താനെ ബന്ധനത്തിൽനിന്നു മോചിപ്പിക്കും. 8ഭൂമിയുടെ നാലു കോണിലുമുള്ള ജനതകളെ വഴിതെറ്റിക്കുന്നതിനായി അവൻ പുറപ്പെടും. യുദ്ധത്തിനുവേണ്ടി ഗോഗിനെയും മാഗോഗിനെയും കൂട്ടിച്ചേർക്കുന്നതിനാണ് അവന്റെ പുറപ്പാട്. അവരുടെ സംഖ്യ കടല്പുറത്തെ മണൽപോലെ ആയിരിക്കും. 9വിശാലമായ ഭൂതലത്തിൽ അവരുടെ പട മുന്നേറി വിശുദ്ധന്മാരുടെ പാളയവും അവരുടെ പ്രിയപ്പെട്ട നഗരവും വളയും. എന്നാൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങിക്കളയും. 10അവരെ വഴിതെറ്റിച്ച പിശാച്, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിയപ്പെടും. അവർ അവിടെ രാപകൽ നിത്യയാതന അനുഭവിക്കും.
അന്ത്യവിധി
11വെണ്മയുള്ള ഒരു വലിയ സിംഹാസനം ഞാൻ കണ്ടു; അതിൽ ഉപവിഷ്ടനായിരിക്കുന്ന ഒരു ആളിനെയും. ആകാശവും ഭൂമിയും അവിടുത്തെ സന്നിധിയിൽനിന്ന് ഓടിപ്പോയി. അവയെ പിന്നെ കണ്ടതേയില്ല. 12മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിന്റെ മുമ്പിൽ നില്‌ക്കുന്നതും ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു. ജീവന്റെ പുസ്‍തകം എന്ന മറ്റൊരു പുസ്തകവും തുറക്കപ്പെട്ടു. അവയിൽ എഴുതിയിരുന്നതുപോലെ മരിച്ചവരുടെ പ്രവൃത്തികൾക്കൊത്തവണ്ണം അവർ വിധിക്കപ്പെട്ടു. 13സമുദ്രം അതിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു. മരണവും പാതാളവും അപ്രകാരം ചെയ്തു. ഓരോ വ്യക്തിക്കും സ്വന്തം പ്രവൃത്തികൾക്ക് അനുയോജ്യമായ വിധി ഉണ്ടാവുകയും ചെയ്തു. 14പിന്നീട് മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. 15ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും ആ തീപ്പൊയ്കയിൽ എറിഞ്ഞു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUPUAN 20: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക