വെളിപ്പാട് 1:9-18
വെളിപ്പാട് 1:9-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി: നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈര, സർദ്ദിസ്സ്, ഫിലദെൽഫ്യ, ലവൊദിക്യ എന്ന ഏഴു സഭകൾക്കും അയയ്ക്കുക എന്നിങ്ങനെ കാഹളത്തിനൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു. എന്നോടു സംസാരിച്ച നാദം എന്ത് എന്നു കാൺമാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക് ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിനു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും ആയിരുന്നു. അവന്റെ വലംകൈയിൽ ഏഴു നക്ഷത്രം ഉണ്ട്; അവന്റെ വായിൽനിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലംകൈ എന്റെമേൽ വച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്.
വെളിപ്പാട് 1:9-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശുവിന്റെ പീഡനങ്ങളിലും, രാജ്യത്തിലും, ക്ഷമാപൂർവമുള്ള സഹനത്തിലും നിങ്ങളുടെ പങ്കാളിയും, നിങ്ങളുടെ സഹോദരനുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനത്തെയും, യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യത്തെയും പ്രതി പത്മോസ് എന്ന ദ്വീപിൽ ആയിരുന്നു. കർത്താവിന്റെ ദിവസത്തിൽ ആത്മാവിൽ വിലയം പ്രാപിച്ചിരിക്കുമ്പോൾ കാഹളനാദം പോലെയുള്ള ഒരു ഗംഭീരസ്വരം പിറകിൽ കേട്ടു. “നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്ന, പെർഗ്ഗമൊസ്, തുയത്തൈര, സർദ്ദീസ്, ഫിലദെൽഫിയ, ലവൊദിക്യ എന്നീ ഏഴു സഭകൾക്ക് അയച്ചുകൊടുക്കുക” എന്നു പറയുന്നതാണ് കേട്ടത്. എന്നോടു സംസാരിക്കുന്നത് ആരാണെന്നറിയുവാൻ ഞാൻ തിരിഞ്ഞുനോക്കി. അപ്പോൾ ഏഴു പൊൻവിളക്കുകളും അവയുടെ മധ്യത്തിൽ നിലയങ്കി ധരിച്ച് മാറിൽ സ്വർണക്കച്ച കെട്ടിയ മനുഷ്യസദൃശനായ ഒരുവനെയും കണ്ടു; അവിടുത്തെ ശിരസ്സും മുടിയും വെൺകമ്പിളിപോലെയും ഹിമംപോലെയും ധവളസുന്ദരമായിരുന്നു. അവിടുത്തെ നേത്രങ്ങൾ അഗ്നിജ്വാലപോലെ കാണപ്പെട്ടു. പാദങ്ങളാകട്ടെ തേച്ചുമിനുക്കിയ വെള്ളോടുപോലെയും, അവിടുത്തെ സ്വരം പെരുവെള്ളത്തിന്റെ ഇരമ്പൽപോലെയും ആയിരുന്നു. അവിടുത്തെ വലംകൈയിൽ ഏഴു നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. വായിൽനിന്നു മൂർച്ചയേറിയ ഇരുമുനവാൾ പുറത്തേക്കു വന്നു. അവിടുത്തെ വദനം അതിഭാസുരമായി പ്രകാശിക്കുന്ന സൂര്യനു സമാനമായിരുന്നു. ദർശനമാത്രയിൽ ഞാൻ ചേതനയറ്റവനെപ്പോലെ അവിടുത്തെ കാല്‌ക്കൽ വീണു. അപ്പോൾ വലംകൈ എന്റെമേൽ വച്ചുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുൾചെയ്തു: “ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ആകുന്നു. ഞാൻ ജീവിക്കുന്നവനാകുന്നു; ഞാൻ മരിച്ചെങ്കിലും ഇതാ എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകൾ എന്റെ കൈയിലുണ്ട്.
വെളിപ്പാട് 1:9-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങളുടെ സഹോദരനും യേശു ക്രിസ്തുവിന്‍റെ കഷ്ടതയിലും രാജ്യത്തിലും സഹനത്തിലും പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം അറിയിച്ചതു നിമിത്തവും പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. കർത്തൃദിവസത്തിൽ ഞാൻ പരിശുദ്ധാത്മ വിവശതയിലായി: കാഹളനാദംപോലെ വലിയൊരു ശബ്ദം എന്‍റെ പുറകിൽ കേട്ടു; ഞാൻ അല്ഫയും ഓമേഗയും ആകുന്നു; ആദ്യനും അന്ത്യനും തന്നെ. നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നീപട്ടണങ്ങളിലുള്ള ഏഴു സഭകൾക്കും അയയ്ക്കുക. എന്നോട് സംസാരിച്ച ശബ്ദം ആരുടേതെന്ന് കാണുവാൻ ഞാൻ തിരിഞ്ഞു. അപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കിയും മാറത്ത് പൊൻകച്ചയും ധരിച്ചവനായി മനുഷ്യപുത്രനെപ്പോലെയുള്ളവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലപോലെയും കാൽ ഉലയിൽ ശുദ്ധീകരിച്ച് തേച്ചുമിനുക്കിയ വെള്ളോടുപോലെയും അവന്‍റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ട്; അവന്റെ വായിൽനിന്നു മൂർച്ചയുള്ള ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശോഭയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചിട്ട് എന്നോട്: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവിച്ചിരിക്കുന്നവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു; ആമേൻ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ എന്‍റെ കയ്യിൽ ഉണ്ട്.
വെളിപ്പാട് 1:9-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി: നീ കാണുന്നതു ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ; പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു. എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ടു; അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.
വെളിപ്പാട് 1:9-18 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളുടെ സഹോദരനും യേശുവിന്റെ രാജ്യത്തിലും കഷ്ടതയിലും സഹിഷ്ണുതയിലും നിങ്ങളുടെ പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം “പത്മൊസ്” എന്നു വിളിക്കപ്പെട്ടിരുന്ന ദ്വീപിൽ ആയിരുന്നു. കർത്തൃദിവസത്തിൽ ഞാൻ ആത്മാവിലായി. “നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി, എഫേസോസ്, സ്മുർന്ന, പെർഗമൊസ്, തുയഥൈര, സർദിസ്, ഫിലദെൽഫിയ, ലവൊദിക്യ എന്നീ ഏഴു സഭകൾക്ക് അയച്ചുകൊടുക്കുക,” എന്നിങ്ങനെ കാഹളതുല്യമായ ഒരു വലിയശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു. എന്നോടു സംസാരിച്ച ശബ്ദം എന്തെന്നു കാണാൻ ഞാൻ തിരിഞ്ഞു. അപ്പോൾ തങ്കംകൊണ്ടുള്ള ഏഴു നിലവിളക്കും അവയുടെ നടുവിൽ പാദംവരെ എത്തുന്ന വസ്ത്രംധരിച്ച്, മാറിൽ തങ്കക്കച്ചകെട്ടി മനുഷ്യപുത്രനു സദൃശനായ ഒരു ആളിനെയും കണ്ടു. അദ്ദേഹത്തിന്റെ തലയിലെ മുടി കമ്പിളിപോലെയും ഹിമംപോലെയും അതിശുഭ്രവും കണ്ണുകൾ അഗ്നിജ്വാലയ്ക്കും കാലുകൾ ഉലയിൽ കാച്ചിപ്പഴുപ്പിച്ച വെള്ളോടിനുതുല്യവും ശബ്ദം വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിനുതുല്യവും ആയിരുന്നു. അദ്ദേഹത്തിന്റെ വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചിരുന്നു. വായിൽനിന്ന് മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം സൂര്യതേജസ്സോടെ പ്രശോഭിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ ആ പാദങ്ങളിൽ വീണു. അവിടന്ന് എന്റെമേൽ വലതുകൈവെച്ചുകൊണ്ട് എന്നോട് അരുളിച്ചെയ്തത്, “ഭയപ്പെടേണ്ട, ഞാൻ ആകുന്നു ആദ്യനും അന്ത്യനും ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്.