വെളിപ്പാട് 1:9-18

വെളിപ്പാട് 1:9-18 MCV

നിങ്ങളുടെ സഹോദരനും യേശുവിന്റെ രാജ്യത്തിലും കഷ്ടതയിലും സഹിഷ്ണുതയിലും നിങ്ങളുടെ പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം “പത്മൊസ്” എന്നു വിളിക്കപ്പെട്ടിരുന്ന ദ്വീപിൽ ആയിരുന്നു. കർത്തൃദിവസത്തിൽ ഞാൻ ആത്മാവിലായി. “നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി, എഫേസോസ്, സ്മുർന്ന, പെർഗമൊസ്, തുയഥൈര, സർദിസ്, ഫിലദെൽഫിയ, ലവൊദിക്യ എന്നീ ഏഴു സഭകൾക്ക് അയച്ചുകൊടുക്കുക,” എന്നിങ്ങനെ കാഹളതുല്യമായ ഒരു വലിയശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു. എന്നോടു സംസാരിച്ച ശബ്ദം എന്തെന്നു കാണാൻ ഞാൻ തിരിഞ്ഞു. അപ്പോൾ തങ്കംകൊണ്ടുള്ള ഏഴു നിലവിളക്കും അവയുടെ നടുവിൽ പാദംവരെ എത്തുന്ന വസ്ത്രംധരിച്ച്, മാറിൽ തങ്കക്കച്ചകെട്ടി മനുഷ്യപുത്രനു സദൃശനായ ഒരു ആളിനെയും കണ്ടു. അദ്ദേഹത്തിന്റെ തലയിലെ മുടി കമ്പിളിപോലെയും ഹിമംപോലെയും അതിശുഭ്രവും കണ്ണുകൾ അഗ്നിജ്വാലയ്ക്കും കാലുകൾ ഉലയിൽ കാച്ചിപ്പഴുപ്പിച്ച വെള്ളോടിനുതുല്യവും ശബ്ദം വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിനുതുല്യവും ആയിരുന്നു. അദ്ദേഹത്തിന്റെ വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചിരുന്നു. വായിൽനിന്ന് മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം സൂര്യതേജസ്സോടെ പ്രശോഭിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ ആ പാദങ്ങളിൽ വീണു. അവിടന്ന് എന്റെമേൽ വലതുകൈവെച്ചുകൊണ്ട് എന്നോട് അരുളിച്ചെയ്തത്, “ഭയപ്പെടേണ്ട, ഞാൻ ആകുന്നു ആദ്യനും അന്ത്യനും ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്.