വെളി. 1:9-18

വെളി. 1:9-18 IRVMAL

നിങ്ങളുടെ സഹോദരനും യേശു ക്രിസ്തുവിന്‍റെ കഷ്ടതയിലും രാജ്യത്തിലും സഹനത്തിലും പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം അറിയിച്ചതു നിമിത്തവും പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. കർത്തൃദിവസത്തിൽ ഞാൻ പരിശുദ്ധാത്മ വിവശതയിലായി: കാഹളനാദംപോലെ വലിയൊരു ശബ്ദം എന്‍റെ പുറകിൽ കേട്ടു; ഞാൻ അല്ഫയും ഓമേഗയും ആകുന്നു; ആദ്യനും അന്ത്യനും തന്നെ. നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നീപട്ടണങ്ങളിലുള്ള ഏഴു സഭകൾക്കും അയയ്ക്കുക. എന്നോട് സംസാരിച്ച ശബ്ദം ആരുടേതെന്ന് കാണുവാൻ ഞാൻ തിരിഞ്ഞു. അപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കിയും മാറത്ത് പൊൻകച്ചയും ധരിച്ചവനായി മനുഷ്യപുത്രനെപ്പോലെയുള്ളവനെയും കണ്ടു. അവന്‍റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലപോലെയും കാൽ ഉലയിൽ ശുദ്ധീകരിച്ച് തേച്ചുമിനുക്കിയ വെള്ളോടുപോലെയും അവന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരച്ചിൽപോലെയും ആയിരുന്നു. അവന്‍റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ട്; അവന്‍റെ വായിൽനിന്നു മൂർച്ചയുള്ള ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്‍റെ മുഖം സൂര്യൻ ശോഭയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്‍റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്‍റെ മേൽ വെച്ചിട്ട് എന്നോട്: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവിച്ചിരിക്കുന്നവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു; ആമേൻ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ എന്‍റെ കയ്യിൽ ഉണ്ട്.