സങ്കീർത്തനങ്ങൾ 92:1-5
സങ്കീർത്തനങ്ങൾ 92:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയ്ക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും രാവിലെ നിന്റെ ദയയെയും രാത്രിതോറും നിന്റെ വിശ്വസ്തതയെയും വർണിക്കുന്നതും നല്ലത്. യഹോവേ, നിന്റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെകുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു. യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.
സങ്കീർത്തനങ്ങൾ 92:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നതും അത്യുന്നതനായ ദൈവമേ, അങ്ങേക്കു കീർത്തനം ആലപിക്കുന്നതും എത്ര ശ്രേഷ്ഠം! പത്തു കമ്പികളുള്ള വീണയും കിന്നരവും മീട്ടി പ്രഭാതംതോറും അവിടുത്തെ അചഞ്ചല സ്നേഹവും രാത്രിതോറും അവിടുത്തെ വിശ്വസ്തതയും പ്രഘോഷിക്കുന്നത് എത്ര ഉചിതം. സർവേശ്വരാ, അങ്ങയുടെ പ്രവൃത്തികൾ എന്നെ സന്തോഷിപ്പിക്കുന്നു. അങ്ങയുടെ കൈകളുടെ പ്രവൃത്തികൾ കണ്ട് ഞാൻ ആനന്ദഗീതം ആലപിക്കുന്നു. സർവേശ്വരാ, അങ്ങയുടെ പ്രവൃത്തികൾ എത്ര മഹനീയം! അങ്ങയുടെ ചിന്തകൾ എത്ര അഗാധം!
സങ്കീർത്തനങ്ങൾ 92:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും അത്യുന്നതനായ യഹോവേ, അങ്ങേയുടെ നാമത്തെ കീർത്തിക്കുന്നതും പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും രാവിലെ അങ്ങേയുടെ ദയയും രാത്രിയിൽ അങ്ങേയുടെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്. യഹോവേ, അങ്ങേയുടെ പ്രവൃത്തികൊണ്ട് അങ്ങ് എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ അങ്ങേയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു. യഹോവേ, അങ്ങേയുടെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു! അങ്ങേയുടെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.
സങ്കീർത്തനങ്ങൾ 92:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വർണ്ണിക്കുന്നതും നല്ലതു. യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു. യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.
സങ്കീർത്തനങ്ങൾ 92:1-5 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയെ വാഴ്ത്തുന്നതും അത്യുന്നതനേ, അവിടത്തെ നാമത്തിന് പത്തുകമ്പിയുള്ള വീണയുടെയും കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ. യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ; തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും. യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം!