SAM 92

92
നീതിമാന്റെ സന്തോഷം
ശബത്തുനാൾക്കുള്ള ഗീതം
1സർവേശ്വരാ, അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നതും
അത്യുന്നതനായ ദൈവമേ, അങ്ങേക്കു കീർത്തനം ആലപിക്കുന്നതും എത്ര ശ്രേഷ്ഠം!
2പത്തു കമ്പികളുള്ള വീണയും കിന്നരവും മീട്ടി
3പ്രഭാതംതോറും അവിടുത്തെ അചഞ്ചല സ്നേഹവും
രാത്രിതോറും അവിടുത്തെ വിശ്വസ്തതയും പ്രഘോഷിക്കുന്നത് എത്ര ഉചിതം.
4സർവേശ്വരാ, അങ്ങയുടെ പ്രവൃത്തികൾ എന്നെ സന്തോഷിപ്പിക്കുന്നു.
അങ്ങയുടെ കൈകളുടെ പ്രവൃത്തികൾ കണ്ട് ഞാൻ ആനന്ദഗീതം ആലപിക്കുന്നു.
5സർവേശ്വരാ, അങ്ങയുടെ പ്രവൃത്തികൾ എത്ര മഹനീയം!
അങ്ങയുടെ ചിന്തകൾ എത്ര അഗാധം!
6മൂഢൻ അതു ഗ്രഹിക്കുന്നില്ല;
ഭോഷന് അതു മനസ്സിലാക്കാൻ കഴിയുന്നുമില്ല.
7ദുഷ്ടന്മാർ പുല്ലുപോലെ മുളയ്‍ക്കുന്നു;
അധർമം പ്രവർത്തിക്കുന്നവർ തഴച്ചുവളരുന്നു.
എങ്കിലും അവർ ഉന്മൂലനം ചെയ്യപ്പെടും.
8എന്നാൽ സർവേശ്വരാ, അവിടുന്ന് എന്നും പരമോന്നതനാണ്.
9പരമനാഥാ, നിശ്ചയമായും അവിടുത്തെ ശത്രുക്കൾ നശിക്കും.
സകല ദുഷ്കർമികളും ചിതറിക്കപ്പെടും.
10എന്നാൽ അവിടുന്ന് എനിക്കു കാട്ടുപോത്തിന്റെ ശക്തി തന്നു,
അവിടുന്ന് എന്റെമേൽ പുതുതൈലം ഒഴിച്ചു.
11എന്റെ ശത്രുക്കളുടെ പതനം ഞാൻ കണ്ടു.
എന്നെ എതിർക്കുന്ന ദുഷ്കർമികളുടെ നിലവിളി ഞാൻ കേട്ടു.
12നീതിമാൻ പനപോലെ തഴയ്‍ക്കും.
ലെബാനോനിലെ ദേവദാരുപോലെ വളരും.
13സർവേശ്വരന്റെ ആലയത്തിൽ അവരെ നട്ടിരിക്കുന്നു.
നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അങ്കണത്തിൽ അവർ തഴച്ചുവളരും.
14വാർധക്യത്തിലും അവർ ഫലം നല്‌കും.
പച്ചിലച്ചാർത്ത് ചൂടി എന്നും പുഷ്‍ടിയോടിരിക്കും.
15സർവേശ്വരൻ നീതിമാനാണെന്ന് അവർ പ്രഘോഷിക്കുന്നു.
അവിടുന്നാണ് എന്റെ അഭയശില.
അനീതി അങ്ങയിൽ ഒട്ടും ഇല്ലല്ലോ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 92: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക