സങ്കീർത്തനങ്ങൾ 91:3-13
സങ്കീർത്തനങ്ങൾ 91:3-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും; അവന്റെ ചിറകിൻകീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്ക് പരിചയും പലകയും ആകുന്നു. രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോട് അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടുതന്നെ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും. യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. ഒരു അനർഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കയില്ല. നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
സങ്കീർത്തനങ്ങൾ 91:3-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, മാരകമായ മഹാമാരിയിൽനിന്നും വിടുവിക്കും. അവിടുത്തെ തൂവലുകൾകൊണ്ടു നിന്നെ മറയ്ക്കും. അവിടുത്തെ ചിറകുകളുടെ കീഴിൽ നീ സുരക്ഷിതനായിരിക്കും. അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആയിരിക്കും. രാത്രിയിലെ ഭീകരതയെയും പകൽ പെട്ടെന്നുണ്ടാകുന്ന വിപത്തിനെയും ഇരുളിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്‍ക്കു വരുന്ന വിനാശത്തെയും നീ ഭയപ്പെടേണ്ടാ. നിന്റെ ഇടത്തുവശത്ത് ആയിരങ്ങളും നിന്റെ വലത്തുവശത്ത് പതിനായിരങ്ങളും നിപതിക്കും. എന്നാൽ ഒരു അനർഥവും നിനക്കു ഭവിക്കയില്ല. ദുഷ്ടന്മാർക്കു ലഭിക്കുന്ന ശിക്ഷ നീ കാണും. നീ സർവേശ്വരനെ നിന്റെ സങ്കേതവും അത്യുന്നതനെ അഭയസ്ഥാനവും ആക്കിയിരിക്കുന്നുവല്ലോ. ഒരു അനർഥവും നിനക്കു ഭവിക്കയില്ല. ഒരു ബാധയും നിന്റെ കൂടാരത്തെ സമീപിക്കയില്ല. നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ തന്റെ ദൂതന്മാരോട് അവിടുന്നു കല്പിക്കും. നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കാൻ, അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. സിംഹത്തിന്റെയും അണലിയുടെയുംമേൽ നീ ചവിട്ടും. സിംഹക്കുട്ടിയെയും സർപ്പത്തെയും നീ ചവിട്ടിമെതിക്കും.
സങ്കീർത്തനങ്ങൾ 91:3-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും. തന്റെ തൂവലുകൾകൊണ്ട് കർത്താവ് നിന്നെ മറയ്ക്കും; അവിടുത്തെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആകുന്നു. രാത്രിയിലെ ഭീകരതയും പകൽ പറന്നുവരുന്ന അമ്പുകളും ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല. നിന്‍റെ വശത്ത് ആയിരം പേരും നിന്‍റെ വലത്തുഭാഗത്ത് പതിനായിരംപേരും വീഴാം, എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല. നിന്‍റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും. എന്‍റെ സങ്കേതമായ യഹോവയെ, അത്യുന്നതനായവനെത്തന്നെ, നീ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തുവരുകയില്ല. നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് കർത്താവ് നിന്നെക്കുറിച്ച് തന്‍റെ ദൂതന്മാരോട് കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. സിംഹത്തെയും അണലിയെയും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
സങ്കീർത്തനങ്ങൾ 91:3-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു. രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും. യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല. നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
സങ്കീർത്തനങ്ങൾ 91:3-13 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്നു നിശ്ചയമായും നിന്നെ വേട്ടക്കാരുടെ കെണിയിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും. തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും, അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും; അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും. രാത്രിയുടെ ഭീകരതയോ പകലിൽ ചീറിപ്പായുന്ന അസ്ത്രമോ ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല. നിന്റെ വശത്ത് ആയിരംപേരും നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും. എങ്കിലും അതു നിന്നോട് അടുക്കുകയില്ല. നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും. യഹോവയെ നിന്റെ സങ്കേതവും അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ, ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല, ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല. കാരണം അവിടന്ന് തന്റെ ദൂതന്മാരോട് നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും; അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ നിന്നെ അവരുടെ കരങ്ങളിലേന്തും. സിംഹത്തെയും അണലിയെയും നീ ചതയ്ക്കും; സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.