സങ്കീർത്തനങ്ങൾ 91:3-13

സങ്കീർത്തനങ്ങൾ 91:3-13 MCV

അവിടന്നു നിശ്ചയമായും നിന്നെ വേട്ടക്കാരുടെ കെണിയിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും. തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും, അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും; അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും. രാത്രിയുടെ ഭീകരതയോ പകലിൽ ചീറിപ്പായുന്ന അസ്ത്രമോ ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല. നിന്റെ വശത്ത് ആയിരംപേരും നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും. എങ്കിലും അതു നിന്നോട് അടുക്കുകയില്ല. നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും. യഹോവയെ നിന്റെ സങ്കേതവും അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ, ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല, ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല. കാരണം അവിടന്ന് തന്റെ ദൂതന്മാരോട് നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും; അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ നിന്നെ അവരുടെ കരങ്ങളിലേന്തും. സിംഹത്തെയും അണലിയെയും നീ ചതയ്ക്കും; സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.