സങ്കീർത്തനങ്ങൾ 91:1-8
സങ്കീർത്തനങ്ങൾ 91:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ച്: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും; അവന്റെ ചിറകിൻകീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്ക് പരിചയും പലകയും ആകുന്നു. രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോട് അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടുതന്നെ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
സങ്കീർത്തനങ്ങൾ 91:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവൻ, സർവശക്തന്റെ തണലിൽ പാർക്കുന്നവൻ സർവേശ്വരനോടു പറയും: “അവിടുന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാനാശ്രയിക്കുന്ന എന്റെ ദൈവവും.” അവിടുന്നു നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, മാരകമായ മഹാമാരിയിൽനിന്നും വിടുവിക്കും. അവിടുത്തെ തൂവലുകൾകൊണ്ടു നിന്നെ മറയ്ക്കും. അവിടുത്തെ ചിറകുകളുടെ കീഴിൽ നീ സുരക്ഷിതനായിരിക്കും. അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആയിരിക്കും. രാത്രിയിലെ ഭീകരതയെയും പകൽ പെട്ടെന്നുണ്ടാകുന്ന വിപത്തിനെയും ഇരുളിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്‍ക്കു വരുന്ന വിനാശത്തെയും നീ ഭയപ്പെടേണ്ടാ. നിന്റെ ഇടത്തുവശത്ത് ആയിരങ്ങളും നിന്റെ വലത്തുവശത്ത് പതിനായിരങ്ങളും നിപതിക്കും. എന്നാൽ ഒരു അനർഥവും നിനക്കു ഭവിക്കയില്ല. ദുഷ്ടന്മാർക്കു ലഭിക്കുന്ന ശിക്ഷ നീ കാണും.
സങ്കീർത്തനങ്ങൾ 91:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അത്യുന്നതനായ ദൈവത്തിന്‍റെ മറവിൽ വസിക്കുകയും സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ യഹോവയെക്കുറിച്ച്: “അവിടുന്ന് എന്‍റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്നു പറയുന്നു. ദൈവം നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും. തന്റെ തൂവലുകൾകൊണ്ട് കർത്താവ് നിന്നെ മറയ്ക്കും; അവിടുത്തെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആകുന്നു. രാത്രിയിലെ ഭീകരതയും പകൽ പറന്നുവരുന്ന അമ്പുകളും ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല. നിന്‍റെ വശത്ത് ആയിരം പേരും നിന്‍റെ വലത്തുഭാഗത്ത് പതിനായിരംപേരും വീഴാം, എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല. നിന്‍റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും.
സങ്കീർത്തനങ്ങൾ 91:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു. രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
സങ്കീർത്തനങ്ങൾ 91:1-8 സമകാലിക മലയാളവിവർത്തനം (MCV)
അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ സർവശക്തന്റെ തണലിൽ വിശ്രമിക്കും. ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും. അവിടന്നു നിശ്ചയമായും നിന്നെ വേട്ടക്കാരുടെ കെണിയിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും. തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും, അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും; അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും. രാത്രിയുടെ ഭീകരതയോ പകലിൽ ചീറിപ്പായുന്ന അസ്ത്രമോ ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല. നിന്റെ വശത്ത് ആയിരംപേരും നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും. എങ്കിലും അതു നിന്നോട് അടുക്കുകയില്ല. നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.