സങ്കീർത്തനങ്ങൾ 91:1-8

സങ്കീർത്തനങ്ങൾ 91:1-8 MCV

അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ സർവശക്തന്റെ തണലിൽ വിശ്രമിക്കും. ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും. അവിടന്നു നിശ്ചയമായും നിന്നെ വേട്ടക്കാരുടെ കെണിയിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും. തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും, അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും; അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും. രാത്രിയുടെ ഭീകരതയോ പകലിൽ ചീറിപ്പായുന്ന അസ്ത്രമോ ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല. നിന്റെ വശത്ത് ആയിരംപേരും നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും. എങ്കിലും അതു നിന്നോട് അടുക്കുകയില്ല. നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.