സങ്കീർത്തനങ്ങൾ 78:40-72
സങ്കീർത്തനങ്ങൾ 78:40-72 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. മിസ്രയീമിൽ അടയാളങ്ങളെയും സോവാൻവയലിൽ അദ്ഭുതങ്ങളെയും ചെയ്ത അവന്റെ കൈയും അവൻ ശത്രുവിൻ വശത്തുനിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല. അവൻ അവരുടെ നദികളെയും തോടുകളെയും അവർക്ക് കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കിത്തീർത്തു. അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു. അവരുടെ വിള അവൻ തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴംകൊണ്ടും നശിപ്പിച്ചു. അവൻ അവരുടെ കന്നുകാലികളെ കന്മഴയ്ക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു. അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർഥദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ. അവൻ തന്റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്ക് ഏല്പിച്ചുകളഞ്ഞു. അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു. എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി. അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. അവൻ അവരെ തന്റെ വിശുദ്ധ ദേശത്തിലേക്കും തന്റെ വലംകൈ സമ്പാദിച്ച ഈ പർവതത്തിലേക്കും കൊണ്ടുവന്നു. അവരുടെ മുമ്പിൽനിന്ന് അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു. എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് അവനു തീക്ഷ്ണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കൈയിലും ഏല്പിച്ചുകൊടുത്തു. അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിനു വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ട് വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവ് ഉറക്കുണർന്നു വരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. അവൻ തന്റെ ശത്രുക്കളെ പുറകോട്ട് അടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻപർവതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളിൽനിന്ന് അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.
സങ്കീർത്തനങ്ങൾ 78:40-72 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ എത്രയോ വട്ടം മരുഭൂമിയിൽവച്ച് അവിടുത്തോടു മത്സരിച്ചു. അവിടെവച്ച് അവർ എത്രയോ പ്രാവശ്യം അവിടുത്തെ ദുഃഖിപ്പിച്ചു. അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു. ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവത്തെ പ്രകോപിപ്പിച്ചു. അവിടുത്തെ ശക്തിയെയും ശത്രുവിൽനിന്ന് അവിടുന്ന് അവരെ വിടുവിച്ച ദിവസത്തെയും അവർ മറന്നു. ഈജിപ്തിൽവച്ച് അവിടുന്നു കാണിച്ച അടയാളങ്ങൾ, ഈജിപ്തിലെ സോവാൻ വയലിൽ വച്ചു ചെയ്ത അദ്ഭുതങ്ങൾതന്നെ, അവർ മറന്നുകളഞ്ഞു. അവിടുന്ന് അവരുടെ നദികളെയും അരുവികളെയും രക്തമായി മാറ്റി. അതുകൊണ്ട് ഈജിപ്തിലെ ജനങ്ങൾക്കു വെള്ളം കുടിക്കാൻ കഴിഞ്ഞില്ല. അവിടുന്ന് അവരുടെ ഇടയിലേക്ക് ഈച്ചകളെ അയച്ചു. അത് അവരെ അത്യധികം കഷ്ടപ്പെടുത്തി. അവിടുന്നു തവളകളെ അയച്ചു, അവ അവർക്കു നാശം ചെയ്തു. അവിടുന്ന് അവരുടെ വിളകൾ, അവരുടെ അധ്വാനഫലങ്ങൾ തന്നെ, വെട്ടുക്കിളിക്ക് ഇരയാക്കി. അവിടുന്ന് അവരുടെ മുന്തിരിച്ചെടികളെ കന്മഴകൊണ്ടും അത്തിമരങ്ങളെ ഹിമവർഷംകൊണ്ടും നശിപ്പിച്ചു. അവിടുന്ന് അവരുടെ കന്നുകാലികളെ കന്മഴയ്ക്കും അവരുടെ ആട്ടിൻപറ്റത്തെ ഇടിത്തീക്കും ഇരയാക്കി. അവിടുന്ന് അവരുടെ ഇടയിലേക്ക് അവിടുത്തെ ഉഗ്രകോപവും ക്രോധവും അമർഷവും കൊടിയ വേദനയും അയച്ചു; സംഹാരദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ. അവിടുന്നു തന്റെ കോപത്തെ തുറന്നുവിട്ടു. അവരിൽ ആരെയും മരണത്തിൽനിന്ന് ഒഴിവാക്കിയില്ല. മഹാമാരികൊണ്ട് അവരെ നശിപ്പിച്ചു. ഈജിപ്തിലെ ആദ്യജാതന്മാരെ, ഹാമിന്റെ കൂടാരത്തിലെ കടിഞ്ഞൂലുകളെ തന്നെ അവിടുന്നു സംഹരിച്ചു. എന്നാൽ അവിടുന്നു സ്വജനത്തെ ആടുകളെപ്പോലെ ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചു. ആട്ടിൻപറ്റത്തെയെന്നപോലെ അവരെ മരുഭൂമിയിലൂടെ നയിച്ചു. അവിടുന്ന് അവരെ സുരക്ഷിതമായി നയിച്ചതിനാൽ അവർ ഭയപ്പെട്ടില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. അവിടുന്ന് അവരെ വിശുദ്ധദേശത്തേക്ക്, അവിടുത്തെ വലങ്കൈ നേടിയെടുത്ത പർവതത്തിലേക്കു കൊണ്ടുവന്നു. അവിടുന്ന് അന്യജനതകളെ അവരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. അവരുടെ ദേശം അവിടുന്ന് ഇസ്രായേൽ ഗോത്രങ്ങൾക്കു വിഭജിച്ചുകൊടുത്തു. അവരുടെ വീടുകളിൽ ഇസ്രായേൽ ഗോത്രങ്ങളെ പാർപ്പിച്ചു. എന്നിട്ടും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും അവിടുത്തോടു മത്സരിക്കുകയും ചെയ്തു. അവർ അവിടുത്തെ കല്പനകൾ അനുസരിച്ചതുമില്ല. അവർ അവരുടെ പിതാക്കന്മാരെപ്പോലെ ദൈവത്തിൽനിന്ന് പിന്തിരിഞ്ഞ് അവിശ്വസ്തരായി വർത്തിച്ചു. ചതിവില്ലുപോലെ അവർ തിരിഞ്ഞു. തങ്ങളുടെ പൂജാഗിരികളാൽ അവർ അവിടുത്തെ പ്രകോപിപ്പിച്ചു. തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ട് അവർ അവിടുത്തെ രോഷാകുലനാക്കി. ദൈവം ഇതറിഞ്ഞു ക്രുദ്ധനായി. ഇസ്രായേൽജനത്തെ ഏറ്റവും വെറുത്തു. അതുകൊണ്ടു മനുഷ്യരുടെ ഇടയിലെ, തിരുനിവാസമായ ശീലോവിലെ കൂടാരം അവിടുന്ന് ഉപേക്ഷിച്ചു. അവിടുന്നു തന്റെ ശക്തിയുടെയും മഹത്ത്വത്തിന്റെയും പ്രതീകമായ ഉടമ്പടിപ്പെട്ടകത്തെ, ശത്രുവിനും പ്രവാസത്തിനും ഏല്പിച്ചുകൊടുത്തു. അവിടുന്നു സ്വജനത്തെ വാളിനു വിട്ടുകൊടുത്തു, അവിടുത്തെ അവകാശമായ ജനത്തോടു കോപിച്ചു. അവരുടെ യുവാക്കൾ അഗ്നിക്കിരയായി, അവരുടെ കന്യകമാരെ വിവാഹം കഴിക്കാൻ ആരുമുണ്ടായില്ല. അവരുടെ പുരോഹിതന്മാർ വധിക്കപ്പെട്ടു, അവരുടെ വിധവകൾ വിലാപം ആചരിച്ചില്ല. വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന ശക്തനെപ്പോലെ, ഉറക്കത്തിൽനിന്ന് ഉണർന്നവനെപ്പോലെ തന്നെ സർവേശ്വരൻ എഴുന്നേറ്റു. അവിടുന്നു ശത്രുക്കളെ പലായനം ചെയ്യിച്ചു. ഇനി ഒരിക്കലും തല പൊക്കാനാവാത്ത വിധം അവരെ ലജ്ജിതരാക്കി. അവിടുന്നു യോസേഫിന്റെ സന്തതികളെ ഉപേക്ഷിച്ചു. എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തില്ല, എന്നാൽ അവിടുന്നു യെഹൂദാഗോത്രത്തെയും അവിടുന്നു സ്നേഹിക്കുന്ന സീയോൻ പർവതത്തെയും തിരഞ്ഞെടുത്തു. ഉന്നതമായ ആകാശത്തെപ്പോലെയും ശാശ്വതമായി സ്ഥാപിച്ചിരിക്കുന്ന ഭൂമി പോലെയും; അവിടുന്നു തന്റെ മന്ദിരം നിർമ്മിച്ചു. അവിടുന്നു തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു. ആടുകളുടെ ഇടയിൽനിന്ന് അദ്ദേഹത്തെ വിളിച്ചു. അവിടുത്തെ സ്വന്തം ജനമായ യാക്കോബിന്റെ സന്തതികളെ; അവിടുത്തെ അവകാശമായ ഇസ്രായേലിനെ മേയിക്കാൻവേണ്ടി ആട്ടിൻപറ്റത്തെ മേയിച്ചുകൊണ്ടിരുന്ന ദാവീദിനെ അവിടുന്നു കൊണ്ടുവന്നു. ആത്മാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു, സമർഥമായി അവരെ നയിച്ചു.
സങ്കീർത്തനങ്ങൾ 78:40-72 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു! ശൂന്യദേശത്ത് എത്ര പ്രാവശ്യം ദൈവത്തെ ദുഃഖിപ്പിച്ചു! അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ ദൈവത്തെ മുഷിപ്പിച്ചു. മിസ്രയീമിൽ അടയാളങ്ങളും സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവിടുത്തെ കയ്യും കർത്താവ് ശത്രുവിന്റെ കയ്യിൽനിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല. ദൈവം അവരുടെ നദികളെയും തോടുകളെയും അവർക്ക് കുടിക്കുവാൻ കഴിയാത്തവിധം രക്തമാക്കിത്തീർത്തു. ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്ക് നാശം ചെയ്തു. അവരുടെ വിള അവിടുന്ന് തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു. ദൈവം അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ. ദൈവം തന്റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു. ദൈവം മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു. എന്നാൽ തന്റെ ജനത്തെ ദൈവം ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി. ദൈവം അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. ദൈവം അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു. എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല. അവർ അവരുടെ പൂര്വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു. ദൈവം അത് കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. അതുകൊണ്ട് ദൈവം ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും ഉപേക്ഷിച്ചു. തന്റെ ബലത്തെ പ്രവാസത്തിലും തന്റെ നിയമ പെട്ടകത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു. ദൈവം തന്റെ അവകാശത്തോട് കോപിച്ചു; തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. ദൈവം തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. എന്നാൽ കർത്താവ് യോസേഫിന്റെ കൂടാരത്തെ ത്യജിച്ച്; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. ദൈവം യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്റെ വിശുദ്ധമന്ദിരത്തെ പണിതു. കർത്താവ് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു; കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.
സങ്കീർത്തനങ്ങൾ 78:40-72 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. മിസ്രയീമിൽ അടയാളങ്ങളെയും സോവാൻവയലിൽ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല. അവൻ അവരുടെ നദികളെയും തോടുകളെയും അവർക്കു കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കിത്തീർത്തു. അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു. അവരുടെ വിള അവൻ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. അവൻ അവരുടെ കന്നുകാലികളെ കന്മഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു. അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ. അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു. അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു. എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻ കൂട്ടത്തെപ്പോലെ അവരെ നടത്തി. അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവർക്കു അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു. എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷ്ണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു. അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീക്കു ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവർക്കു നിത്യനിന്ദവരുത്തുകയും ചെയ്തു. എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.
സങ്കീർത്തനങ്ങൾ 78:40-72 സമകാലിക മലയാളവിവർത്തനം (MCV)
എത്രയോവട്ടം അവർ മരുഭൂമിയിൽവെച്ച് ദൈവത്തിനെതിരേ മത്സരിച്ചു വിജനദേശത്തുവെച്ച് എത്രയോതവണ അവിടത്തെ ദുഃഖിപ്പിച്ചു! അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ വിഷമിപ്പിച്ചു. അവിടത്തെ ശക്തി അവർ ഓർത്തില്ല— പീഡകരിൽനിന്നും തങ്ങളെ വീണ്ടെടുത്ത ദിവസവും ഈജിപ്റ്റിൽ അവിടന്നു ചെയ്ത ചിഹ്നങ്ങളും സോവാൻ സമഭൂമിയിലെ അത്ഭുതങ്ങളും അവർ ഓർത്തില്ല. അവരുടെ നദികളെ അവിടന്ന് രക്തമാക്കി; അവരുടെ അരുവികളിൽനിന്ന് അവർക്ക് കുടിക്കാൻ കഴിയാതെയുമായി. അവരെ വിഴുങ്ങിക്കളയേണ്ടതിന് അവിടന്ന് ഈച്ചകളുടെ കൂട്ടത്തെ അയച്ചു, തവളക്കൂട്ടങ്ങൾ അവർക്കിടയിൽ നാശം വിതച്ചു. അവരുടെ കൃഷി അവിടന്ന് വിട്ടിലിന് ആഹാരമായും അവരുടെ വിളകൾ വെട്ടുക്കിളികൾക്കും നൽകി. അവിടന്ന് അവരുടെ മുന്തിരിത്തലകൾ കന്മഴകൊണ്ടു നശിപ്പിക്കുകയും അവരുടെ കാട്ടത്തികളെ ആലിപ്പഴംകൊണ്ടു മൂടുകയും ചെയ്തു. കന്മഴകൊണ്ട് അവരുടെ കന്നുകാലിക്കൂട്ടങ്ങളെ തകർത്തു, അവരുടെ മൃഗസമ്പത്ത് ഇടിമിന്നലിന് ഇരയായി. അങ്ങയുടെ കോപം അവരുടെമേൽ ആളിക്കത്തി, കുപിതനായ അങ്ങ് അവർക്കുനേരേ, ക്രോധം, അപമാനം, ശത്രുത, എന്നിവയുടെ സംഹാരദൂതഗണത്തെ അഴിച്ചുവിട്ടു. അവിടന്ന് തന്റെ കോപത്തിനൊരു വഴിതുറന്നു; അവരുടെ ജീവനെ മരണത്തിൽനിന്നു മാറ്റിനിർത്തിയില്ല, എന്നാൽ അവരെ അവിടന്ന് മഹാമാരിക്ക് ഏൽപ്പിച്ചുകൊടുത്തു. ഈജിപ്റ്റിലെ എല്ലാ ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, ഹാമിന്റെ കൂടാരങ്ങളിലെ പൗരുഷത്തിന്റെ പ്രഥമസന്തതികളെത്തന്നെ. എന്നാൽ അവിടന്ന് തന്റെ ജനത്തെ ആട്ടിൻപറ്റത്തെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിലൂടെ ആടുകളെയെന്നപോലെ അവിടന്ന് അവരെ നടത്തി. അവിടന്ന് അവരെ സുരക്ഷിതരായി നയിച്ചു, അതുകൊണ്ട് അവർക്ക് ഭയം ഉണ്ടായിരുന്നില്ല; എന്നാൽ സമുദ്രം അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളഞ്ഞു. അങ്ങനെ അവിടന്ന് അവരെ വിശുദ്ധനാടിന്റെ അതിരിലേക്ക് ആനയിച്ചു, അവിടത്തെ വലതുകരം അധീനപ്പെടുത്തിയ മലനിരകളിലേക്കുതന്നെ. അവരുടെമുമ്പിലുണ്ടായിരുന്ന ജനതകളെ അവിടന്ന് തുരത്തിയോടിച്ചു അവരുടെ ദേശത്തെ ഒരവകാശമായി അവർക്ക് അളന്നുകൊടുത്തു; ഇസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭവനങ്ങളിൽ വാസമുറപ്പിച്ചുകൊടുത്തു. എങ്കിലും അവർ ദൈവത്തെ പരീക്ഷിച്ചു അത്യുന്നതനെതിരേ മത്സരിച്ചു; അവർ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടർന്നതുമില്ല. അവരുടെ പൂർവികരെപ്പോലെ അവർ വിശ്വാസഘാതകരായി പിന്തിരിഞ്ഞു കോട്ടമുള്ള വില്ലുപോലെ അവർ വഞ്ചകരായിത്തീർന്നു. തങ്ങളുടെ ക്ഷേത്രങ്ങൾകൊണ്ട് അവർ അവിടത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാൽ അവർ അവിടത്തെ അസഹിഷ്ണുതയുള്ളവനാക്കി. ദൈവം ഇതു കേട്ടു, കോപംകൊണ്ടുനിറഞ്ഞു; ഇസ്രായേലിനെ നിശ്ശേഷം തള്ളിക്കളഞ്ഞു. അവിടന്ന് ശീലോവിലെ സമാഗമകൂടാരത്തെ ഉപേക്ഷിച്ചു, അവിടന്ന് മനുഷ്യരുടെയിടയിൽ സ്ഥാപിച്ച കൂടാരത്തെത്തന്നെ. അവിടന്ന് തന്റെ ശക്തിയുടെ പ്രതീകമായ കൂടാരത്തെ പ്രവാസത്തിലേക്കും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കരങ്ങളിലേക്കും ഏൽപ്പിച്ചുകൊടുത്തു. സ്വജനത്തെ അവിടന്ന് വാൾത്തലയ്ക്ക് വിട്ടുകൊടുത്തു; അവിടന്ന് തന്റെ അവകാശത്തോട് രോഷാകുലനായി. അവരുടെ യുവാക്കന്മാരെ അഗ്നി വിഴുങ്ങിക്കളഞ്ഞു, അവരുടെ യുവതികൾക്ക് വിവാഹഗീതങ്ങൾ ഉണ്ടായതുമില്ല; അവരുടെ പുരോഹിതന്മാർ വാളിനിരയായി, അവരുടെ വിധവമാർക്കു വിലപിക്കാൻ കഴിഞ്ഞതുമില്ല. അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു, മദ്യലഹരിവിട്ട് ഒരു യോദ്ധാവ് ഉണരുന്നതുപോലെതന്നെ. അവിടന്ന് തന്റെ ശത്രുക്കൾക്ക് തിരിച്ചടിനൽകി; അവരെ എന്നെന്നേക്കുമായി ലജ്ജയിലേക്കു തള്ളിവിട്ടു. എന്നാൽ അവിടന്ന് യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചു, എഫ്രയീംഗോത്രത്തെ തെരഞ്ഞെടുത്തതുമില്ല; എന്നാൽ അവിടന്ന് യെഹൂദാഗോത്രത്തെ, താൻ സ്നേഹിക്കുന്ന സീയോൻപർവതത്തെ തെരഞ്ഞെടുത്തു. അവിടന്ന് തന്റെ തിരുനിവാസം അത്യുന്നതങ്ങളെപ്പോലെ സ്ഥാപിച്ചു, താൻ എന്നേക്കുമായി സ്ഥാപിച്ച ഭൂമിയെ എന്നപോലെതന്നെ. അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു, ആട്ടിൻതൊഴുത്തിൽനിന്നുതന്നെ അദ്ദേഹത്തെ എടുത്തു; ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു, തന്റെ ജനമായ യാക്കോബിന്, തന്റെ അവകാശമായ ഇസ്രായേലിന് ഇടയനായിരിക്കുന്നതിനുവേണ്ടിത്തന്നെ. ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു; കരവിരുതോടെ അദ്ദേഹം അവരെ നയിച്ചു.