മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു! ശൂന്യദേശത്ത് എത്ര പ്രാവശ്യം ദൈവത്തെ ദുഃഖിപ്പിച്ചു! അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ ദൈവത്തെ മുഷിപ്പിച്ചു. മിസ്രയീമിൽ അടയാളങ്ങളും സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവിടുത്തെ കയ്യും കർത്താവ് ശത്രുവിന്റെ കയ്യിൽനിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല. ദൈവം അവരുടെ നദികളെയും തോടുകളെയും അവർക്ക് കുടിക്കുവാൻ കഴിയാത്തവിധം രക്തമാക്കിത്തീർത്തു. ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്ക് നാശം ചെയ്തു. അവരുടെ വിള അവിടുന്ന് തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു. ദൈവം അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ. ദൈവം തന്റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു. ദൈവം മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാമിന്റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ ആദ്യഫലത്തെയും സംഹരിച്ചു. എന്നാൽ തന്റെ ജനത്തെ ദൈവം ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി. ദൈവം അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. ദൈവം അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു. എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല. അവർ അവരുടെ പൂര്വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു. ദൈവം അത് കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. അതുകൊണ്ട് ദൈവം ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും ഉപേക്ഷിച്ചു. തന്റെ ബലത്തെ പ്രവാസത്തിലും തന്റെ നിയമ പെട്ടകത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു. ദൈവം തന്റെ അവകാശത്തോട് കോപിച്ചു; തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. ദൈവം തന്റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. എന്നാൽ കർത്താവ് യോസേഫിന്റെ കൂടാരത്തെ ത്യജിച്ച്; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. ദൈവം യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്റെ വിശുദ്ധമന്ദിരത്തെ പണിതു. കർത്താവ് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു; കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.
സങ്കീ. 78 വായിക്കുക
കേൾക്കുക സങ്കീ. 78
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 78:40-72
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ