സങ്കീർത്തനങ്ങൾ 39:4-13
സങ്കീർത്തനങ്ങൾ 39:4-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ. ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ. മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല. എന്നാൽ കർത്താവേ, ഞാൻ ഏതിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വച്ചിരിക്കുന്നു. എന്റെ സകല ലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്റെ നിന്ദയാക്കി വയ്ക്കരുതേ. ഞാൻ വായ്തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയത്. നിന്റെ ബാധ എങ്കൽനിന്നു നീക്കേണമേ; നിന്റെ കൈയുടെ അടിയാൽ ഞാൻ ക്ഷയിച്ചിരിക്കുന്നു. അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോൾ നീ അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ. യഹോവേ, എന്റെ പ്രാർഥന കേട്ട് എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകല പിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ. ഞാൻ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിനു മുമ്പേ ഉന്മേഷം പ്രാപിക്കേണ്ടതിനു നിന്റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.
സങ്കീർത്തനങ്ങൾ 39:4-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സർവേശ്വരാ, എന്റെ ജീവിതം എന്ന് അവസാനിക്കുമെന്നും; എന്റെ ആയുസ്സ് എത്രയെന്നും അറിയിക്കണമേ. എന്റെ ആയുസ്സ് എത്ര ക്ഷണികമെന്ന് ഞാൻ അറിയട്ടെ.” അവിടുന്ന് എന്റെ ജീവിതകാലം അത്യന്തം ഹ്രസ്വമാക്കിയിരിക്കുന്നു. അവിടുന്ന് എന്റെ ആയുസ്സിനു വില കല്പിക്കുന്നില്ല. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം. അവന്റെ ജീവിതം വെറും നിഴൽപോലെ, അവൻ ബദ്ധപ്പെടുന്നതു വെറുതെ. അവൻ ധനം സമ്പാദിക്കുന്നു, ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല. സർവേശ്വരാ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? അവിടുന്നാണല്ലോ എന്റെ പ്രത്യാശ. എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ വിടുവിക്കണമേ; എന്നെ ഭോഷന്റെ നിന്ദാപാത്രമാക്കരുതേ. ഞാൻ ഒന്നും മിണ്ടാതെ മൂകനായിരുന്നു; അങ്ങാണല്ലോ എനിക്കിങ്ങനെ വരുത്തിയത്. ഇനിയും എന്നെ ശിക്ഷിക്കരുതേ; അവിടുത്തെ ദണ്ഡനത്താൽ ഞാൻ ക്ഷയിച്ചുപോയിരിക്കുന്നു. മനുഷ്യനെ അവന്റെ പാപത്തിന് അവിടുന്നു ശാസിച്ചു ശിക്ഷിക്കുമ്പോൾ അവനു പ്രിയങ്കരമായതിനെയെല്ലാം പുഴു കരളുന്നതുപോലെ നശിപ്പിക്കുന്നു. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം. സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ നിലവിളി ശ്രദ്ധിക്കണമേ; എന്റെ കണ്ണുനീർ കണ്ട് ഉത്തരമരുളണമേ; എന്റെ പൂർവപിതാക്കന്മാരെപ്പോലെ ഞാൻ അല്പകാലത്തേക്കു മാത്രമുള്ള അങ്ങയുടെ അതിഥിയും പരദേശിയും ആണല്ലോ. ഞാൻ ഇഹലോകം വിട്ടു ഇല്ലാതാകുന്നതിനു മുമ്പ് സന്തോഷം ആസ്വദിക്കാൻ, അവിടുത്തെ തീക്ഷ്ണദൃഷ്‍ടി പിൻവലിക്കണമേ.
സങ്കീർത്തനങ്ങൾ 39:4-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, എന്‍റെ അവസാനത്തെക്കുറിച്ചും, എന്‍റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയട്ടെ. ഇതാ, അവിടുന്ന് എന്‍റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് തിരുമുമ്പാകെ ഏതുമില്ല; ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. സേലാ. നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു; അവർ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല. “എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ അങ്ങയിൽ വച്ചിരിക്കുന്നു. എന്റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ; എന്നെ ഭോഷന് നിന്ദയാക്കി വെക്കരുതേ. ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു; അങ്ങല്ലോ അങ്ങനെ വരുത്തിയത്. അവിടുത്തെ ബാധ എന്നിൽനിന്ന് നീക്കണമേ; അങ്ങേയുടെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു. “പാപം ചെയ്യുന്ന മനുഷ്യനെ അങ്ങ് ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ അവിടുന്ന് അവന്‍റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു. സേലാ. “യഹോവേ, എന്റെ പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ തിരുസന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ. ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ് ഉന്മേഷം പ്രാപിക്കേണ്ടതിന് അവിടുത്തെ നോട്ടം എന്നിൽനിന്ന് മാറ്റണമേ.“
സങ്കീർത്തനങ്ങൾ 39:4-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ. ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ. മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല. എന്നാൽ കർത്താവേ, ഞാൻ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു. എന്റെ സകലലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്റെ നിന്ദയാക്കി വെക്കരുതേ. ഞാൻ വായ് തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയതു. നിന്റെ ബാധ എങ്കൽനിന്നു നീക്കേണമേ; നിന്റെ കയ്യുടെ അടിയാൽ ഞാൻ ക്ഷയിച്ചിരിക്കുന്നു. അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോൾ നീ അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ. യഹോവേ, എന്റെ പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ. ഞാൻ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.
സങ്കീർത്തനങ്ങൾ 39:4-13 സമകാലിക മലയാളവിവർത്തനം (MCV)
“യഹോവേ, എന്റെ ജീവിതാന്ത്യവും എന്റെ ആയുർദൈർഘ്യവും എനിക്കു കാട്ടിത്തന്നാലും; എന്റെ ജീവിതം എത്ര ക്ഷണഭംഗുരം എന്നു ഞാൻ അറിയട്ടെ. എന്റെ ദിനങ്ങൾ അവിടന്ന് കേവലം നാലുവിരൽ ദൈർഘ്യം മാത്രമാക്കിയിരിക്കുന്നു; എന്റെ ആയുഷ്കാലം തിരുമുമ്പിൽ ഏതുമില്ലാത്തതുപോലെയിരിക്കുന്നു. മാനവജീവിതം കേവലമൊരു നിശ്വാസംമാത്രം, ഏറ്റവും സുരക്ഷിതരെന്നു കരുതുന്നവർക്കുപോലും. സേലാ. “മനുഷ്യർ വെറും ഒരു നിഴൽപോലെ സഞ്ചരിക്കുന്നു; അവർ വ്യർഥമായി തിടുക്കത്തിൽ ധനം കൂട്ടിവെക്കുന്നു ആർ അത് അനുഭവിക്കുമെന്ന് അവർ അറിയുന്നില്ല. “എന്നാൽ കർത്താവേ, ഞാനിപ്പോൾ എന്തിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ അങ്ങയിലാകുന്നു. എന്റെ എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ; ഭോഷരുടെ പരിഹാസവിഷയമാക്കി എന്നെ മാറ്റരുതേ. ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു, കാരണം അവിടന്നാണല്ലോ ഇങ്ങനെയെല്ലാം ചെയ്തത്. അവിടത്തെ ശിക്ഷാദണ്ഡ് എന്നിൽനിന്നു നീക്കണമേ; അവിടത്തെ കൈകളുടെ പ്രഹരത്താൽ ഞാൻ ക്ഷയിച്ചിരിക്കുന്നു. മനുഷ്യരെ അവരുടെ പാപംഹേതുവായി അവിടന്ന് ശാസിക്കുകയും ശിക്ഷിക്കുകയുംചെയ്യുന്നു, ഒരു പുഴു തിന്നുതീർക്കുമ്പോലെ അവിടന്ന് അവരുടെ സമ്പത്ത് ഇല്ലാതെയാക്കുന്നു— നാമെല്ലാവരും ഒരു നിശ്വാസംമാത്രമാകുന്നു, നിശ്ചയം. സേലാ. “യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ, സഹായത്തിനായുള്ള എന്റെ നിലവിളി ശ്രദ്ധിക്കണമേ; എന്റെ കരച്ചിൽകേട്ട് മൗനമായിരിക്കരുതേ. ഒരു പ്രവാസിയെപ്പോലെ ഞാൻ തിരുമുമ്പിൽ ജീവിക്കുന്നു, എന്റെ സകലപൂർവികരെയുംപോലെ ഒരു അപരിചിതനായി ഞാൻ കഴിയുന്നു. ഞാൻ മറഞ്ഞ് ഇല്ലാതെയാകുംമുമ്പ് വീണ്ടും ആനന്ദിക്കേണ്ടതിന് അവിടത്തെ (ക്രോധത്തിന്റെ) ദൃഷ്ടി എന്നിൽനിന്നും അകറ്റണമേ.” സംഗീതസംവിധായകന്.