SAM 39:4-13

SAM 39:4-13 MALCLBSI

“സർവേശ്വരാ, എന്റെ ജീവിതം എന്ന് അവസാനിക്കുമെന്നും; എന്റെ ആയുസ്സ് എത്രയെന്നും അറിയിക്കണമേ. എന്റെ ആയുസ്സ് എത്ര ക്ഷണികമെന്ന് ഞാൻ അറിയട്ടെ.” അവിടുന്ന് എന്റെ ജീവിതകാലം അത്യന്തം ഹ്രസ്വമാക്കിയിരിക്കുന്നു. അവിടുന്ന് എന്റെ ആയുസ്സിനു വില കല്പിക്കുന്നില്ല. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം. അവന്റെ ജീവിതം വെറും നിഴൽപോലെ, അവൻ ബദ്ധപ്പെടുന്നതു വെറുതെ. അവൻ ധനം സമ്പാദിക്കുന്നു, ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല. സർവേശ്വരാ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? അവിടുന്നാണല്ലോ എന്റെ പ്രത്യാശ. എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ വിടുവിക്കണമേ; എന്നെ ഭോഷന്റെ നിന്ദാപാത്രമാക്കരുതേ. ഞാൻ ഒന്നും മിണ്ടാതെ മൂകനായിരുന്നു; അങ്ങാണല്ലോ എനിക്കിങ്ങനെ വരുത്തിയത്. ഇനിയും എന്നെ ശിക്ഷിക്കരുതേ; അവിടുത്തെ ദണ്ഡനത്താൽ ഞാൻ ക്ഷയിച്ചുപോയിരിക്കുന്നു. മനുഷ്യനെ അവന്റെ പാപത്തിന് അവിടുന്നു ശാസിച്ചു ശിക്ഷിക്കുമ്പോൾ അവനു പ്രിയങ്കരമായതിനെയെല്ലാം പുഴു കരളുന്നതുപോലെ നശിപ്പിക്കുന്നു. ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം. സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ നിലവിളി ശ്രദ്ധിക്കണമേ; എന്റെ കണ്ണുനീർ കണ്ട് ഉത്തരമരുളണമേ; എന്റെ പൂർവപിതാക്കന്മാരെപ്പോലെ ഞാൻ അല്പകാലത്തേക്കു മാത്രമുള്ള അങ്ങയുടെ അതിഥിയും പരദേശിയും ആണല്ലോ. ഞാൻ ഇഹലോകം വിട്ടു ഇല്ലാതാകുന്നതിനു മുമ്പ് സന്തോഷം ആസ്വദിക്കാൻ, അവിടുത്തെ തീക്ഷ്ണദൃഷ്‍ടി പിൻവലിക്കണമേ.

SAM 39 വായിക്കുക