സങ്കീർത്തനങ്ങൾ 33:12-22

സങ്കീർത്തനങ്ങൾ 33:12-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത്. യഹോവ സ്വർഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെയൊക്കെയും കാണുന്നു. അവൻ തന്റെ വാസസ്ഥലത്തുനിന്നു സർവഭൂവാസികളെയും നോക്കുന്നു. അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെയൊക്കെയും അവൻ ഗ്രഹിക്കുന്നു. സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല. ജയത്തിനു കുതിര വ്യർഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ട് അതു വിടുവിക്കുന്നതുമില്ല. യഹോവയുടെ ദൃഷ്‍ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നെ. നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു. അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും. യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവയ്ക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 33:12-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ ദൈവമായിരിക്കുന്ന ജനത അനുഗ്രഹിക്കപ്പെട്ടത്; അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്ത ജനം ധന്യർ. സർവേശ്വരൻ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു. സ്വർഗസിംഹാസനത്തിലിരുന്ന് അവിടുന്നു സർവഭൂവാസികളെയും നോക്കുന്നു; അവരുടെ ഹൃദയങ്ങൾ രൂപപ്പെടുത്തിയവൻ; അവരുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുന്നു. സൈന്യബാഹുല്യംകൊണ്ടു രാജാവ് വിജയം നേടുന്നില്ല; സ്വശക്തികൊണ്ട് യോദ്ധാവ് രക്ഷപെടുന്നുമില്ല. പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന മോഹം വ്യർഥം. അതിന്റെ ശക്തികൊണ്ട് ആരും വിജയം വരിക്കുന്നില്ല. സർവേശ്വരൻ തന്റെ ഭക്തന്മാരെയും തന്റെ സുസ്ഥിരസ്നേഹത്തിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവരെയും കരുണയോടെ കടാക്ഷിക്കുന്നു. അവിടുന്ന് അവരെ മരണത്തിൽനിന്നു രക്ഷിക്കുന്നു; ക്ഷാമകാലത്ത് അവരെ പോറ്റുന്നു. സർവേശ്വരനിൽ നാം പ്രത്യാശയർപ്പിച്ചിരിക്കുന്നു; അവിടുന്നാണ് നമ്മുടെ സഹായവും പരിചയും. നമ്മുടെ ഹൃദയം സർവേശ്വരനിൽ ആനന്ദിക്കുന്നു; നമ്മൾ അവിടുത്തെ വിശുദ്ധനാമത്തിൽ ആശ്രയിക്കുന്നുവല്ലോ. സർവേശ്വരാ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവച്ചിരിക്കുന്നതുപോലെ; അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളുടെമേൽ ചൊരിയണമേ.

സങ്കീർത്തനങ്ങൾ 33:12-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും അവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു. അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു. കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികൾ സകലവും അവിടുന്ന് ഗ്രഹിക്കുന്നു. സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല. ജയത്തിന് കുതിര വ്യർത്ഥമാകുന്നു; തന്‍റെ ബലാധിക്യം കൊണ്ടു അത് വിടുവിക്കുന്നതുമില്ല. യഹോവയുടെ ദൃഷ്ടി തന്‍റെ ഭക്തന്മാരുടെമേലും തന്‍റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ. നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു. കർത്താവിന്‍റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ നമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും. യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ അങ്ങേയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 33:12-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു. അവൻ തന്റെ വാസസ്ഥലത്തുനിന്നു സർവ്വഭൂവാസികളെയും നോക്കുന്നു. അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു. സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല. ജയത്തിന്നു കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല. യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ. നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു. അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും. യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 33:12-22 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്, അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും. യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; സകലമാനവവംശത്തെയും വീക്ഷിക്കുന്നു; അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന് ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു— അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു, അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു. സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല; തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല. പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം; അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല. എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്, അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു. എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു. നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു, കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു. ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.