സങ്കീർത്തനങ്ങൾ 33:12-22

സങ്കീർത്തനങ്ങൾ 33:12-22 MCV

യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്, അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും. യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; സകലമാനവവംശത്തെയും വീക്ഷിക്കുന്നു; അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന് ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു— അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു, അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു. സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല; തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല. പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം; അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല. എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്, അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു. എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു. നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു, കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു. ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.