സങ്കീർത്തനങ്ങൾ 32:1-7

സങ്കീർത്തനങ്ങൾ 32:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനൽക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ. ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോട് ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ. ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കലോളം എത്തുകയില്ല. നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.

സങ്കീർത്തനങ്ങൾ 32:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിക്രമങ്ങൾ ക്ഷമിച്ചും പാപം പൊറുത്തും കിട്ടിയവൻ അനുഗൃഹീതൻ. സർവേശ്വരന്റെ ദൃഷ്‍ടിയിൽ നിർദോഷിയായവൻ എത്ര ധന്യൻ. ഹൃദയത്തിൽ കാപട്യമില്ലാത്തവൻ എത്ര ഭാഗ്യവാൻ. പാപം ഏറ്റുപറയാതിരുന്നപ്പോൾ, ഞാൻ ദിവസം മുഴുവൻ കരഞ്ഞു കരഞ്ഞു തളർന്നു. രാവും പകലും അവിടുന്നെന്നെ ശിക്ഷിച്ചു; വേനൽച്ചൂടിലെന്നപോലെ എന്റെ ശക്തി വറ്റിപ്പോയി. ഞാൻ എന്റെ അപരാധം അങ്ങയോട് ഏറ്റുപറഞ്ഞു. എന്റെ അതിക്രമങ്ങൾ ഞാൻ മറച്ചുവച്ചില്ല. എന്റെ അതിക്രമങ്ങൾ ഞാൻ സർവേശ്വരനോട് ഏറ്റുപറയുമെന്നു ഞാൻ പറഞ്ഞു. അപ്പോൾ അവിടുന്ന് എന്റെ പാപം ക്ഷമിച്ചു. അതുകൊണ്ടു ഭക്തന്മാർ അവിടുത്തോടു പ്രാർഥിക്കട്ടെ. കഷ്ടതകൾ പെരുവെള്ളംപോലെ ഇരച്ചുവന്നാലും അവ അവനെ ഗ്രസിച്ചുകളയുകയില്ല. അവിടുന്നാണ് എന്റെ ഒളിസങ്കേതം; കഷ്ടതയിൽനിന്ന് അവിടുന്നെന്നെ കാത്തുസൂക്ഷിക്കുന്നു; രക്ഷകൊണ്ട് എന്നെ പൊതിയുന്നു.

സങ്കീർത്തനങ്ങൾ 32:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതിക്രമങ്ങൾക്ക് ക്ഷമയും പാപങ്ങൾക്ക് മോചനവും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കാപട്യം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ എന്‍റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും അവിടുത്തെ കൈ എന്‍റെ മേൽ ഭാരമായിരുന്നു; എന്‍റെ മജ്ജ വേനല്ക്കാലത്തെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ. ഞാൻ എന്‍റെ പാപം അങ്ങേയുടെ മുമ്പാകെ ഏറ്റുപറഞ്ഞു; എന്‍റെ അകൃത്യം മറച്ചതുമില്ല. “എന്‍റെ ലംഘനങ്ങൾ യഹോവയോട് ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു; അപ്പോൾ അവിടുന്ന് എന്‍റെ പാപത്തിന്‍റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ. ഇതു നിമിത്തം ഓരോ ഭക്തനും സഹായം ആവശ്യമുള്ള സമയത്ത് അങ്ങേയോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്‍റെ അടുക്കൽ എത്തുകയില്ല. അവിടുന്ന് എനിക്ക് മറവിടമാകുന്നു; അവിടുന്ന് എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് അവിടുന്ന് എന്നെ ചുറ്റിക്കൊള്ളും. സേലാ.

സങ്കീർത്തനങ്ങൾ 32:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ. ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ. ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അതു അവന്റെ അടുക്കലോളം എത്തുകയില്ല. നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.

സങ്കീർത്തനങ്ങൾ 32:1-7 സമകാലിക മലയാളവിവർത്തനം (MCV)

ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യർ, അനുഗൃഹീതർ. യഹോവ, പാപം കണക്കാക്കാതെയും ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ, അനുഗൃഹീതർ. ഞാൻ എന്റെ പാപം ഏറ്റുപറയാതെ, ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലം എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി. രാവും പകലും അങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു; വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെ എന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. സേലാ. അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല. “എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,” എന്നു ഞാൻ പറഞ്ഞു. അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം അങ്ങു ക്ഷമിച്ചുതന്നു. സേലാ. അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ; അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം അവരെ എത്തിപ്പിടിക്കുകയില്ല. അവിടന്ന് എന്റെ ഒളിയിടം ആകുന്നു; ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു; രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.